
ദില്ലി: യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ന് ഇന്ത്യയിലെത്തും. യുഎഇ പ്രസിഡന്‍റ് ഇന്ത്യയിലുണ്ടാവുക രണ്ട് മണിക്കൂർ മാത്രമാണെന്നാണ് ഏറ്റവും പുതിയതായി ലഭിക്കുന്ന വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വീട്ടിലെത്തി കാണും. കൂടിക്കാഴ്ചയ്ക്ക് ശേഷം ഉടൻ യുഎഇ പ്രസിഡന്‍റ് മടങ്ങും. ഇന്ത്യയും യുഎഇയും തമ്മിൽ നിലവിലുള്ള കരാറുകളും സഹകരണവും ശക്തിപ്പെടുത്തുന്നതും പുതിയ സഹകരണ മേഖലകൾ തുറക്കുന്നതുമാകും സന്ദർശനമെന്ന് പ്രതീക്ഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് യുഎഇ പ്രസിഡന്റ് ഇന്ത്യയിലെത്തുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം കൂടുതൽ വിപുലമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സന്ദർശനം.
പ്രസിഡന്‍റായി ചുമതലയേറ്റ ശേഷമുള്ള ശൈഖ് മുഹമ്മദിന്റെ മൂന്നാമത്തെ ഇന്ത്യ സന്ദർശനമാണിത്. വ്യാപാരം, നിക്ഷേപം, പ്രതിരോധ വ്യവസായം, ഊർജ്ജ സംരംഭങ്ങൾ എന്നിവ ചർച്ചകളിൽ പ്രധാന അജണ്ടയാകും. 2022-ൽ ഒപ്പുവെച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ, പ്രാദേശിക കറൻസിയിലുള്ള ഇടപാടുകൾ, നിക്ഷേപ ഉടമ്പടികൾ എന്നിവയിലെ പുരോഗതി വിലയിരുത്തും. മിഡിൽ ഈസ്റ്റിലെ നിലവിലെ അസ്ഥിരമായ സാഹചര്യം, ഇറാൻ-യുഎസ് ബന്ധത്തിലെ വിള്ളൽ, ഗാസയിലെ രാഷ്ട്രീയ സാഹചര്യം എന്നിവയെക്കുറിച്ച് ഇരുനേതാക്കളും ആശയവിനിമയം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നടത്തിയ സന്ദർശനം ഉഭയകക്ഷി ബന്ധത്തിന് കൂടുതൽ കരുത്തേകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പ്രസിഡന്‍റ് തന്നെ നേരിട്ടെത്തുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam