Gulf News : 80 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ കരാര്‍ ഒപ്പുവെച്ച് യുഎഇ

By Web TeamFirst Published Dec 5, 2021, 10:14 PM IST
Highlights

നിലവിലുള്ള മിറാഷ് വിമാനങ്ങള്‍ക്ക് പകരം യുഎഇ വ്യോമസേനയ്‍ക്ക് കരുത്താകാന്‍ 80 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നു

അബുദാബി: 80 റഫാല്‍ യുദ്ധവിമാനങ്ങള്‍ (Rafale fighter jets) വാങ്ങാന്‍ ഫ്രാന്‍സുമായി കരാര്‍ ഒപ്പുവെച്ച് യുഎഇ. നിലവിലുള്ള മിറാഷ് വിമാനങ്ങള്‍ക്ക് പകരം യുഎഇ വ്യോമസേനയുടെ ഭാഗമാക്കി മാറ്റാനാണ് റഫാല്‍ വാങ്ങുന്നത്. കരാര്‍ ഒപ്പുവെച്ച വിവരം യുഎഇ പ്രതിരോധ മന്ത്രാലയമാണ് (Ministry of Defense) അറിയിച്ചത്. സേനാ അംഗങ്ങളുടെ പരിശീലനം ഉള്‍പ്പെടെയുള്ളവയും കരാറിന്റെ ഭാഗമാണ്.

പുതിയ സാധ്യതകള്‍ക്കായി അന്താരാഷ്‍ട്ര വിപണിയെ യുഎഇ സൂക്ഷ്‍മമായി വിശകലനം ചെയ്യുകയായിരുന്നുവെന്ന് യുഎഇ എയര്‍ഫോഴ്‍സ് ആന്റ് എയര്‍ ഡിഫന്‍സ് കമാണ്ടര്‍ മേജര്‍ ജനറല്‍ ഇബ്രാഹീം നാസര്‍ അല്‍ അലാവി പറഞ്ഞു. ഫ്രാന്‍സുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ യുഎഇയുടെ സുരക്ഷയ്‍ക്കും പ്രതിരോധത്തിനും ഏറ്റവും അനിയോജ്യമായ റഫാല്‍ വിമാനങ്ങള്‍ വാങ്ങാനായി കരാറിലെത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം അമേരിക്കയില്‍ നിന്ന് എഫ് 35 യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അതിന് പകരമായല്ല ഇപ്പോള്‍ ഫ്രാന്‍സുമായുള്ള കരാറെന്നും മേജര്‍ ജനറല്‍ അല്‍ അലാവി പറഞ്ഞു. പുതിയ സംവിധാനങ്ങളും അത്യാധുനിക സാങ്കേതിക വിദ്യയും  ഉള്‍പ്പെടുത്തിക്കൊണ്ട് സേനയെ നിരന്തരം നവീകരിക്കുകയെന്ന ദേശീയ സുരക്ഷാ നയത്തിന്റെ  ഭാഗമായാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

click me!