യുഎഇയില്‍ കാലാവധി കഴിഞ്ഞ സന്ദര്‍ശക വിസക്കാരില്‍ നിന്ന് പിഴ ഈടാക്കി തുടങ്ങി

By Web TeamFirst Published Sep 22, 2020, 10:26 PM IST
Highlights

സന്ദര്‍ശക വീസക്കാര്‍ അനധികൃതമായി താമസിച്ച ആദ്യ ദിവസം 200 ദിര്‍ഹവും പിന്നീട് ഓരോ ദിവസത്തിന് 100 ദിര്‍ഹം വീതവുമാണ് അടയ്‌ക്കേണ്ടത്.

അബുദാബി: ഈ വര്‍ഷം മാര്‍ച്ച് ഒന്നിന് ശേഷം കാലാവധി കഴിഞ്ഞ സന്ദര്‍ശക ടൂറിസ്റ്റ് വീസക്കാരില്‍ നിന്ന് യുഎഇ പിഴ ഈടാക്കിത്തുടങ്ങി.  വിസാകാലാവധി കഴിഞ്ഞവര്‍ എത്രയും പെട്ടെന്ന് പുതുക്കുകയോ രാജ്യം വിടുകയോ ചെയ്യണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

സന്ദര്‍ശക -ടൂറിസ്റ്റ് വീസക്കാര്‍ക്ക് മടങ്ങിപ്പോകാന്‍ അനുവദിച്ചിരുന്ന അധികസമയം അവസാനിച്ച സാഹചര്യത്തില്‍ യുഎഇ പിഴ ഈടാക്കി തുടങ്ങി. സന്ദര്‍ശക വീസക്കാര്‍ അനധികൃതമായി താമസിച്ച ആദ്യ ദിവസം 200 ദിര്‍ഹവും പിന്നീട് ഓരോ ദിവസത്തിന് 100 ദിര്‍ഹം വീതവുമാണ് അടയ്‌ക്കേണ്ടത്. കാലാവധി കഴിഞ്ഞ താമസ വീസക്കാര്‍ ആദ്യ ദിവസം 125 ദിര്‍ഹവും പിന്നീടുള്ള ഓരോ ദിവസം 25 ദിര്‍ഹം വീതവും അടയ്ക്കണം. കൊവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് യുഎഇയില്‍ കുടുങ്ങിയ സന്ദര്‍ശക ടൂറിസ്റ്റ് വീസക്കാര്‍ക്ക് സഹായമെന്ന നിലയ്ക്കാണ് അധികൃതര്‍ ഇളവ് അനുവദിച്ചത്.

 മാര്‍ച്ച് ഒന്നിന് ശേഷം വീസാ കാലാവധി അവസാനിച്ചവര്‍ക്ക് മടങ്ങിപ്പോകാന്‍ ഈ മാസം 10വരെ സമയം നല്‍കിയിരുന്നു. എന്നാല്‍, തുടര്‍ന്ന് പ്രത്യേക അറിയിപ്പില്ലാതെ 10 ദിവസം കൂടി അധികൃതര്‍ അനുവദിച്ചു. ഈ സമയപരിധിയും ഈ മാസം 20ന് അവസാനിച്ചു. എന്നാല്‍, വീണ്ടും സമയം നീട്ടി നല്‍കുമെന്ന് കരുതി പലരും മടങ്ങാന്‍ തയാറായിരുന്നില്ല. ഇത്തരക്കാരാണ് ഇനി പിഴയൊടുക്കേണ്ടി വരിക. സന്ദര്‍ശക-ടൂറിസ്റ്റ് വീസയുടെ കാലാവധി കഴിഞ്ഞവര്‍ എത്രയും പെട്ടെന്ന് വീസ പുതുക്കുകയോ, താമസ വീസയിലേയ്ക്ക് മാറുകയോ അതുമല്ലെങ്കില്‍ നാട്ടിലേയ്ക്ക് മടങ്ങിപ്പോവുകയോ ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു. 


 

click me!