
അബുദാബി: പതിനഞ്ചു വയസ്സിന് താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് വിലക്കി യുഎഇ. പതിനഞ്ചിനും പതിനാറിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് നിയന്ത്രണങ്ങളോടെ ഉപയോഗിക്കാം. ഗൾഫിൽ നിയന്ത്രണം ഏർപ്പെടുത്തുന്ന ആദ്യ രാജ്യമായി യുഎഇ മാറി. 12 മാസത്തിനകം ഇത് പൂർണമായി നടപ്പാക്കും.
വിശദമായ പഠനങ്ങൾക്ക് ശേഷമാണ് യുഎഇ ക്യാബിനറ്റിന്റെ തീരുമാനം. കുട്ടികൾ മൂന്നു മണിക്കൂർ വരെ സോഷ്യൽ മീഡിയയിൽ ചെലവിടുന്നു. ഇത് ഉത്കണഠയിലേക്കും പഠനവും ശ്രദ്ധയുമായി ബന്ധപ്പെട്ട വിഷയങ്ങളിലേക്കും നയിക്കുന്നു. പതിനഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ അക്കൗണ്ട് ഉണ്ടാക്കാനോ സോഷ്യൽ മീഡിയ ഫീച്ചേഴ്സ് ഉപയോഗിക്കാനോ കഴിയില്ല. പതിനഞ്ചിനും പതിനാറിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് മുന്നിലെത്തുന്ന കോണ്ടന്റ് സംബന്ധിച്ച കൃത്യമായ ഫിൽറ്ററിങ് പൂർത്തിയാക്കും. ഉപയോഗിക്കാവുന്ന സമയം പരിമിതമാക്കും. രക്ഷിതാക്കളുടെ മേൽനോട്ടത്തിലുമാക്കും. ബന്ധപ്പെട്ട അതോറിറ്റികളുമായി ചേർന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ നിയന്ത്രണം നടപ്പാക്കാനുള്ള സംവിധാനമൊരുക്കണം. കടുത്ത പ്രായം തെളിയിക്കൽ കടമ്പകളുൾപ്പടെ വന്നേക്കും. സ്വകാര്യതാ സെറ്റിങ്സ് പൊളിച്ചെഴുതേണ്ടി വരും.
മുൻപ് പുറത്തിറക്കിയ രേഖ പ്രകാരം നിർദേശങ്ങൾ യുഎഇയിൽ പ്രവർത്തിക്കുന്നതോ, യുഎഇയിലുള്ളവരെ ലക്ഷ്യമിട്ടുള്ളതോ ആയ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്ക് ബാധകമാണ്. വെബ് സൈറ്റുകൾ, സെർച്ച് എഞ്ചിനുകൾ, സ്മാർട്ട് ആപ്ലിക്കേഷൻ, ഗെയിമിങ് പ്ലാറ്റ്ഫോം, പോഡ്കാസ്റ്റ് പ്ലാറ്റ്ഫോം, സോഷ്യൽ മീഡിയ, ലൈവ് സ്ട്രീമിങ്, വീഡിയോ ഓൺ ഡിമാൻഡ്, ഇ കൊമേഴ്സ് എന്നിവയുൾപ്പടെ. മേൽനോട്ടത്തിനായി ചൈൽഡ് സേഫ്റ്റി കൗൺസിലും രൂപീകരിച്ചു. ആരോഗ്യ, വിദ്യാഭ്യാസ പ്ലാറ്റ്ഫോമുകൾക്ക് പ്രത്യേക പരിഗണന നൽകിയേക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam