സ്വദേശിവത്കരണം കൂടുതല്‍ വ്യാപിപ്പിക്കാന്‍ യുഎഇ; 2026ന് ശേഷവും തുടരുമെന്ന് മന്ത്രിയുടെ പ്രഖ്യാപനം

By Web TeamFirst Published May 25, 2023, 10:21 PM IST
Highlights

2026ന് ശേഷം രാജ്യത്തെ സ്വദേശിവത്കരണം സംബന്ധിച്ച് ഫെഡറല്‍ നാഷണല്‍ കൗണ്‍സിലില്‍ കഴിഞ്ഞ ദിവസം ഉയര്‍ന്ന അന്വേഷണങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. 

അബുദാബി: യുഎഇയിലെ സ്വകാര്യ മേഖലയില്‍‍ നടപ്പാക്കുന്ന സ്വദേശിവത്കരണം 2026ന് ശേഷവും തുടരുമെന്ന് മാനവവിഭവ ശേഷി - സ്വദേശിവത്കരണ മന്ത്രി ഡോ. അബ്‍ദുല്‍റഹ്‍മാന്‍ അല്‍ അവാര്‍ പറഞ്ഞു. നിലവില്‍ യുഎഇയില്‍ നടപ്പാക്കിയ ഫെഡറല്‍ നിയമപ്രകാരം ഓരോ വര്‍ഷവും രണ്ട് ശതമാനം വീതം സ്വദേശിവത്കരണം വര്‍ദ്ധിപ്പിച്ച് 2026 ആവുമ്പോഴേക്കും പത്ത് ശതമാനത്തില്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഇത് പാലിക്കാത്ത സ്വകാര്യ കമ്പനികള്‍ക്കെതിരെ അധികൃതര്‍ കര്‍ശന നടപടികളും സ്വീകരിക്കുന്നുണ്ട്. 

വന്‍തുകയുടെ പിഴയാണ് സ്വദേശിവത്കരണത്തില്‍ വീഴ്‍ച വരുത്തുകയോ അല്ലെങ്കില്‍ കൃത്രിമം കാണിക്കുകയോ ചെയ്യുന്ന സ്ഥാപനങ്ങളില്‍ നിന്ന് ഈടാക്കുന്നത്. രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളില്‍ നടപ്പാക്കിവരുന്ന സ്വദേശിവത്കരണം ഇതേ തോതില്‍ മുന്നോട്ട് പോകുമെന്നാണ് മാനവവിഭവശേഷി - സ്വദേശിവത്കരണ മന്ത്രി അറിയിച്ചിരിക്കുന്നത്. ഇത് സ്വദേശികള്‍ക്ക് തൊഴിലവസരങ്ങളുടെ പുതിയ യുഗം തന്നെ സൃഷ്ടിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. 2026ന് ശേഷം രാജ്യത്തെ സ്വദേശിവത്കരണം സംബന്ധിച്ച് ഫെഡറല്‍ നാഷണല്‍ കൗണ്‍സിലില്‍ കഴിഞ്ഞ ദിവസം ഉയര്‍ന്ന അന്വേഷണങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. 

സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം സമഗ്രമായ നിയമങ്ങള്‍ക്ക് വിധേയമാണെന്നും അതില്‍ നിരന്തരം വിലയിരുത്തലുകള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിരന്തരമായ പരിഷ്കരണങ്ങളിലൂടെ സ്വദേശി തൊഴില്‍ അന്വേഷകരെ സ്വകാര്യ മേഖലയിലെ തൊഴില്‍ സേനയുടെ ഭാഗാമാക്കി മാറ്റുന്നതിനുള്ള നടപടികള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ 50 പേരോ അതിലധികമോ പേര്‍ ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനങ്ങളില്‍ വിദഗ്ധ തൊഴിലുകളില്‍ 2023 ജൂണ്‍ 30ഓടെ മൂന്ന് ശതമാനം സ്വദേശിവത്കരണമാണ് നടപ്പാക്കേണ്ടത്. ഈ വര്‍ഷം അവസാനത്തോടെ ഇത് നാല് ശതമാനവും 2026 അവസാനത്തോടെ പത്ത് ശതമാനത്തിലും എത്തിക്കണം.

click me!