
ദുബായ്: ഇന്റര്‍നെറ്റ് ശൃംഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി യുഎഇയില്‍ നിന്ന് പാകിസ്ഥാനിലേക്ക് കടലിനടിയിലൂടെ പുതിയ കേബിള്‍ സ്ഥാപിക്കുന്നു. എമിറേറ്റ്സ് ഇന്റഗ്രേറ്റഡ് കമ്പനി, ഡു ആണ് പുതിയ പദ്ധതിക്ക് പിന്നില്‍. പാകിസ്ഥാനുമായുള്ള യുഎഇയുടെ ഉഭയകക്ഷി ബന്ധം ശക്തമാക്കാനും കണക്ടിവിറ്റി ഹബ്ബെന്ന നിലയില്‍ യുഎഇയുടെ സാന്നിദ്ധ്യം ശക്തമാക്കാനും ലക്ഷ്യമിട്ടാണ് കേബിള്‍ സ്ഥാപിക്കുന്നതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കറാച്ചി, ഗ്വാദാര്‍ തുറമുഖങ്ങളായിരിക്കും പാകിസ്ഥാനിലെ ലാന്റിങ് പോയിന്റുകള്‍. യുഎഇയിലെ കല്‍ബ തുറമുഖവുമായിട്ടായിരിക്കും ഇവയെ ബന്ധിപ്പിക്കുക. പാകിസ്ഥാനിലെ ഡിജിറ്റല്‍ വിടവ് നികത്താനും വിദ്യാഭ്യാസ പൊതുജനാവബോധ മേഖലകളില്‍ കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാനും പദ്ധതി പ്രയോജനപ്പെടുമെന്നാണ് ഇരുരാജ്യങ്ങളുടെയും പ്രതീക്ഷ. ഗ്വാദാര്‍ തുറമുഖത്തെ യുഎഇയുമായി ബന്ധിപ്പിക്കുക വഴി പാകിസ്ഥാനിലൂടെ ചൈനയിലേക്കുള്ള പുതിയ ഡേറ്റാ ഹൈവേ തുറക്കാനും എമിറേറ്റ്സ് ഇന്റഗ്രേറ്റഡ് കമ്പനി പദ്ധതിയിടുന്നു. വൈ-ട്രൈബ് പാകിസ്ഥാന്‍ എല്‍ഡിഐ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് പദ്ധതിയുടെ പാകിസ്ഥാനിലെ പങ്കാളി. ഫൈബര്‍ ഒപ്റ്റിക് കേബിള്‍ ശൃംഖലയുടെ ലാന്റിങ് സ്റ്റേഷന്‍ അടിസ്ഥാന സൗകര്യങ്ങള്‍ എമിറേറ്റ്സ് ഇന്റഗ്രേറ്റഡ് കമ്പനിയായിരിക്കും നല്‍കുക. പാകിസ്ഥാനില്‍ ഉയര്‍ന്ന ബാന്‍ഡ് വിഡ്ത്തോടുകൂടിയ ഇന്റര്‍നെറ്റ് സേവനങ്ങളും മറ്റ് സൗകര്യങ്ങളും പദ്ധതിയിലൂടെ ലഭ്യമാവും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam