ചൈനീസ് വാക്‌സിന് പിന്നാലെ റഷ്യയുടെ കൊവിഡ് വാക്‌സിന്‍ പരീക്ഷിക്കാന്‍ യുഎഇ

By Web TeamFirst Published Oct 14, 2020, 12:34 PM IST
Highlights

റഷ്യന്‍ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഗമാലേയ നാഷണല്‍ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെമോളജി ആന്‍ഡ് മൈക്രോബയോളജിയാണ് വാക്‌സിന്‍ വികസിപ്പിച്ചത്.

അബുദാബി: ചൈനയുടെ കൊവിഡ് വാക്‌സിന്‍ പരീക്ഷണങ്ങള്‍ക്ക് പിന്നാലെ റഷ്യന്‍ വാക്‌സിന്‍ സ്പുട്‌നിക് -V പരീക്ഷിക്കാനൊരുങ്ങി യുഎഇ. യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ അബുദാബി ആരോഗ്യ വകുപ്പും അബുദാബി ഹെല്‍ത്ത് സര്‍വ്വീസസ് കമ്പനിയായ സേഹയും വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ക്ക് നേതൃത്വം നല്‍കും. 

റഷ്യയുടെ സ്പുട്‌നിക് -V യുഎഇയില്‍ പരീക്ഷിക്കുമെന്ന് തിങ്കളാഴ്ചയാണ് അബുദാബി മീഡിയ ഓഫീസ് അറിയിച്ചത്. റഷ്യന്‍ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഗമാലേയ നാഷണല്‍ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെമോളജി ആന്‍ഡ് മൈക്രോബയോളജിയാണ് വാക്‌സിന്‍ വികസിപ്പിച്ചത്. റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്‍റ് ഫണ്ട്, റഷ്യന്‍ സോവെറിന്‍ വെല്‍ത്ത് ഫണ്ട്, യുഎഇ ഔരുഗള്‍ഫ് ഹെല്‍ത്ത് ഇന്‍വെസ്റ്റ്‌മെന്റ് എന്നിവയുടെ സഹകരണത്തോടെയാകും പരീക്ഷണം. 

റഷ്യയില്‍ ആഭ്യന്തര ഉപയോഗത്തിന് അനുമതി നല്‍കിയിട്ടുള്ള സ്പുട്‌നിക്-V വാക്‌സിന്‍ നിലവില്‍ മോസ്‌കോയിലെ 40,000 സന്നദ്ധ പ്രവര്‍ത്തകരില്‍ പരീക്ഷിക്കുകയാണ്. മൂന്നാം ഘട്ട പരീക്ഷണമാണ് യുഎഇയില്‍ നടക്കുക. യുഎഇയിലെ മൂന്നാം ഘട്ട ഫലങ്ങള്‍ റഷ്യന്‍ പരീക്ഷണ ഫലങ്ങള്‍ക്കൊപ്പം ചേര്‍ക്കും. വാക്‌സിന്‍ സ്വീകരിക്കുന്ന സന്നദ്ധ പ്രവര്‍ത്തകരെ ഇതിന് ശേഷമുള്ള 90 ദിവസം നിരീക്ഷിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 

click me!