മതപരമായ അസഹിഷ്ണുതയ്ക്കെതിരെ ശക്തമായ നടപടിയുമായി യുഎഇ

By Web TeamFirst Published Jan 7, 2020, 8:54 AM IST
Highlights

രാജ്യത്തിന്‍റെയോ മതത്തിന്‍റെയോ അടിസ്ഥാനത്തിലല്ല യുഎഇയിൽ നീതി നടപ്പാക്കുന്നതെന്നും എല്ലാവർക്കും തുല്യനീതിയായിരിക്കുമെന്നും മനുഷ്യരെന്ന നിലയിൽ തുല്യരായാണ് കാണുന്നതെന്നും...

അബുദാബി:  മതപരമായ അസഹിഷ്ണുതയ്ക്കെതിരെ ശക്തമായ നടപടിയുമായി യുഎഇ. ഏതെങ്കിലും മതത്തെയോ മതചിഹ്നങ്ങളേയോ അപമാനിച്ചാൽ പത്തുലക്ഷം ദിർഹം വരെ പിഴയും അഞ്ചു വർഷം വരെ തടവുമായിരിക്കും ശിക്ഷ. സമൂഹമാധ്യമങ്ങളിലടക്കമുള്ള നിയമലംഘനങ്ങൾക്കും ഇതേ ശിക്ഷയായിരിക്കുമെന്നു നിയമവിഭാഗം വ്യക്തമാക്കുന്നു.

മതം, ജാതി, നിറം, വിശ്വാസം തുടങ്ങിയവയുടെ പേരിലുള്ള വിവേചനം യുഎഇയിൽ ഒരുതരത്തിലും അംഗീകരിക്കില്ലെന്നു വ്യക്തമാക്കിയാണ് ജുഡീഷ്യൽ വിഭാഗത്തിന്‍റെ അറിയിപ്പ്. ഏതെങ്കിലും മതത്തേയോ, മതഗ്രന്ഥങ്ങളേയോ, ചിഹ്നങ്ങളേയോ, പ്രവാചകനേയോ, ആരാധനാലയങ്ങളേയോ അപമാനിക്കുന്ന തരത്തിലുള്ള എല്ലാ ശ്രമങ്ങളും നിയമലംഘനമായി കണക്കാക്കും. 

രാജ്യത്തിന്‍റെയോ മതത്തിന്‍റെയോ അടിസ്ഥാനത്തിലല്ല യുഎഇയിൽ നീതി നടപ്പാക്കുന്നതെന്നും എല്ലാവർക്കും തുല്യനീതിയായിരിക്കുമെന്നും മനുഷ്യരെന്ന നിലയിൽ തുല്യരായാണ് കാണുന്നതെന്നും അബുദാബി ജുഡീഷ്യൽ വകുപ്പിന്‍റെ സോഷ്യൽ റെസ്പോൺസിബിലിറ്റി സ്പെഷ്യലിസ്റ്റ് അമീന അൽ മസ്രോയി പറയുന്നു.

ഫെഡറൽ നിയമം രണ്ട് അനുസരിച്ച് വിദ്വേഷവും വിവേചനവും വച്ചുപുലർത്തുന്ന നിയമലംഘനങ്ങൾക്കു രണ്ടു ലക്ഷത്തി അൻപതിനായിരം ദിർഹം മുതൽ പത്തു ലക്ഷം ദിർഹം വരെ പിഴ ശിക്ഷയും അഞ്ചുവർഷം തടവും ലഭിക്കും. സമൂഹമാധ്യമങ്ങളിലൂടെയുള്ള വിവേചനവും വിദ്വേഷപരവുമായ ഇടപെടലുകൾക്കും ഇതേ ശിക്ഷയായിരിക്കുമെന്നുമാണ് മുന്നറിയിപ്പ്. 

സമൂഹമാധ്യമങ്ങളിലൂടെ മതത്തെ അപമാനിച്ച കുറ്റത്തിനു മലയാളികളടക്കമുള്ളവരെ യുഎഇയിൽ ജോലിയിൽ നിന്നും പിരിച്ചുവിട്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

click me!