
ദുബൈ: യുഎഇ മന്ത്രിസഭയിൽ മാറ്റങ്ങൾ പ്രഖ്യാപിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം. വിദേശ വ്യാപാരത്തിനായി പുതിയ മന്ത്രാലയം സ്ഥാപിച്ചതായി ശൈഖ് മുഹമ്മദ് വെള്ളിയാഴ്ച അറിയിച്ചു. ഡോ.താനി ബിൻ അഹമ്മദ് അൽ സെയൂദിക്കാണ് പുതിയ മന്ത്രാലയത്തിന്റെ നേതൃത്വം. ഇതുകൂടാതെ, അബ്ദുല്ല ബിൻ തൗഖ് അൽ മർറി നേതൃത്വം നൽകുന്ന സാമ്പത്തിക മന്ത്രാലയത്തെ സാമ്പത്തിക, ടൂറിസം മന്ത്രാലയം എന്ന് പുനർനാമകരണം ചെയ്തതായും ശൈഖ് മുഹമ്മദ് അറിയിച്ചു.
മറ്റൊരു സുപ്രധാനമായ മാറ്റം എന്നത് നാഷണൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സിസ്റ്റം മന്ത്രിസഭയുടെ ഉപദേശക അംഗമായി പ്രവർത്തിക്കും എന്നതാണ്. അടുത്ത വർഷം ജനുവരി മുതലാണ് ഈ സംവിധാനം നിലവിൽ വരുന്നത്. മന്ത്രിസഭയുടെ കൂടാതെ മിനിസ്റ്റീരിയൽ ഡെവലപ്മെന്റ് കൗൺസിൽ, ഫെഡറൽ സ്ഥാപനങ്ങളുടെയും സർക്കാർ കമ്പനികളുടെയും ഡയറക്ടർ ബോർഡുകൾ എന്നിവയുടെയും ഉപദേശക അംഗമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സിസ്റ്റം മാറുമെന്നും ശൈഖ് മുഹമ്മദ് അറിയിച്ചിട്ടുണ്ട്. കൗൺസിലുകളിൽ തീരുമാനമെടുക്കുന്നതിനെ പിന്തുണയ്ക്കുക, അവരുടെ തീരുമാനങ്ങൾ ഉടനടി വിശകലനം നടത്തുക, സാങ്കേതിക ഉപദേശം നൽകുക, എല്ലാ മേഖലകളിലും ഈ കൗൺസിലുകൾ സ്വീകരിക്കുന്ന സർക്കാർ നയങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.
ലോകം സമഗ്രമായ മാറ്റങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ശാസ്ത്രീയമായും, സാമ്പത്തികമായും, സാമൂഹികമായും വരും ദശകങ്ങൾക്കായി ഒരുങ്ങുകയും ഭാവി തലമുറകൾക്ക് തുടർച്ചയായ അഭിവൃദ്ധിയും മാന്യമായ ജീവിതവും ഉറപ്പാക്കുകയുമാണ് ഞങ്ങളുടെ ലക്ഷ്യമെന്നും ദുബൈ ഭരണാധികാരി കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ