സ്വദേശിവൽക്കരണവും മിഡിൽ ഈസ്റ്റിലെ യുദ്ധവും കാരണം തൊഴിൽ നഷ്ടപ്പെടാൻ സാധ്യതയുള്ള തസ്തികകളെ 'റെഡ് ലിസ്റ്റിൽ' ഉൾപ്പെടുത്തിയാണ് വായ്പകൾ പരിമിതപ്പെടുത്തുന്നത്.

കുവൈത്ത് സിറ്റി: കുവൈത്തിലെ ബാങ്കിംഗ് മേഖലയിൽ പ്രവാസികൾക്ക് വ്യക്തിഗത വായ്പകൾ അനുവദിക്കുന്നതിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിത്തുടങ്ങി. സ്വദേശിവൽക്കരണം ശക്തമാകുന്ന സാഹചര്യത്തിൽ തൊഴിൽ നഷ്ടപ്പെടാൻ സാധ്യതയുള്ള തസ്തികകളെ 'റെഡ് ലിസ്റ്റിൽ' ഉൾപ്പെടുത്തിയാണ് പല ബാങ്കുകളും ധനസഹായം പരിമിതപ്പെടുത്തുന്നത്. ചില ബാങ്കുകൾ പ്രവാസികൾക്ക് വായ്പ നൽകുന്നത് പൂർണ്ണമായും നിർത്തിവെയ്ക്കുന്ന നിലയിലേക്കും നീങ്ങുകയാണ്.

Add Asianetnews as a Preferred SourcegooglePreferred

പുതിയ മാനദണ്ഡങ്ങൾ പ്രകാരം, പ്രവാസികൾക്ക് അനുവദിക്കുന്ന വായ്പാ തുക അവരുടെ സർവീസ് ആനുകൂല്യങ്ങൾക്ക് തുല്യമോ അതിനേക്കാൾ 20 ശതമാനം കുറവോ ആയിരിക്കണം എന്ന് ബാങ്കുകൾ നിബന്ധന വെക്കുന്നു. ഓരോ അപേക്ഷയും പ്രത്യേകമായി പഠിച്ച ശേഷം മാത്രമേ വായ്പ അനുവദിക്കൂ. സർക്കാർ മേഖലയിലെ കുവൈത്തൈസേഷൻ മാത്രമല്ല ഈ തീരുമാനത്തിന് പിന്നിലെ ഏക കാരണം. ഫെബ്രുവരി 28 മുതൽ മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധം സ്വകാര്യ മേഖലയിലെ പല ബിസിനസ്സുകളെയും പ്രതികൂലമായി ബാധിച്ചതും പ്രവാസികളുടെ തൊഴിൽ സുരക്ഷയെക്കുറിച്ചുള്ള ബാങ്കുകളുടെ ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്.

സ്വകാര്യ മേഖലയിലെ ചില തൊഴിലുകളിൽ വൻതോതിലുള്ള പിരിച്ചുവിടലുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന ബാങ്കുകളുടെ ക്രെഡിറ്റ് പോളിസി വിഭാഗത്തിന്റെ വിലയിരുത്തലാണ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ പ്രേരിപ്പിക്കുന്നത്. ബാങ്കുകളെ സംബന്ധിച്ചിടത്തോളം വായ്പാ തിരിച്ചടവ് മുടങ്ങാനുള്ള സാധ്യത വർദ്ധിച്ചതിനാൽ അതീവ ജാഗ്രതയോടെയുള്ള 'റിസർവേഷൻ' നയമാണ് ഇപ്പോൾ സ്വീകരിക്കുന്നത്. ഇത് കുവൈത്തിലെ പ്രവാസി സമൂഹത്തിന്റെ സാമ്പത്തിക ആസൂത്രണങ്ങളെ വലിയ രീതിയിൽ ബാധിച്ചേക്കും.