കൊവിഡ് സ്ഥിരീകരിച്ച തൊഴിലാളികളെ പിരിച്ചുവിടരുത്; കര്‍ശന നിര്‍ദ്ദേശം നല്‍കി യുഎഇ

By Web TeamFirst Published May 10, 2020, 2:55 PM IST
Highlights

മൂന്നുമാസം ജോലി ചെയ്തവര്‍ക്ക് മെഡിക്കല്‍ ലീവ് അനുവദിക്കാം. ആദ്യത്തെ 15 ദിവസം മുഴുവന്‍ വേതനവും നല്‍കണം. ചികിത്സ 30 ദിവസം വരെ നീളുകയാണെങ്കില്‍ പകുതി ശമ്പളം നല്‍കണം.

അബുദാബി: കൊവിഡ് 19 സ്ഥിരീകരിച്ച തൊഴിലാളികളെ ജോലിയില്‍ നിന്ന് പിരിച്ചുവിടരുതെന്ന് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി യുഎഇ. കൊവിഡ് ബാധിച്ചവര്‍ക്ക് രാജ്യത്തെ തൊഴില്‍ നിയമപ്രകാരം മെഡിക്കല്‍ ലീവാണ് നല്‍കേണ്ടതെന്ന് അധികൃതര്‍ അറിയിച്ചു. 

കൊവിഡ് പരിശോധനയില്‍ പോസിറ്റീവ് ഫലം ലഭിക്കുന്ന തൊഴിലാളികളെ ജോലിയില്‍ നിന്നും പിരിച്ചുവിടുന്നെന്ന് വ്യാപകമായി പരാതി ലഭിച്ച സാഹചര്യത്തിലാണ് മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയത്തിന്‍റെ അറിയിപ്പ്. വര്‍ഷത്തില്‍ തുടര്‍ച്ചയായോ തവണകളായോ 90 ദിവസം വരെ മെഡിക്കല്‍ ലീവിന് ജീവനക്കാര്‍ക്ക് അവകാശമുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. 

മൂന്നുമാസം ജോലി ചെയ്തവര്‍ക്ക് മെഡിക്കല്‍ ലീവ് അനുവദിക്കാം. ആദ്യത്തെ 15 ദിവസം മുഴുവന്‍ വേതനവും നല്‍കണം. ചികിത്സ 30 ദിവസം വരെ നീളുകയാണെങ്കില്‍ പകുതി ശമ്പളം നല്‍കണം. 45 ദിവസത്തില്‍ കൂടുതല്‍ അവധി വേണ്ടി വരികയാണെങ്കില്‍ മാത്രമാണ് വേതന രഹിത അവധിയാകുന്നത്. 

കൊവിഡ് കാലത്ത് അവധി നല്‍കുകയോ വേതനത്തില്‍ വ്യത്യാസം വരുത്തുകയോ ചെയ്താല്‍ കമ്പനികള്‍ മന്ത്രാലയം പുറത്തിറക്കിയ പുതിയ അനുബന്ധ തൊഴില്‍ കരാര്‍ പൂരിപ്പിക്കണം. കൊവിഡ് സ്ഥിരീകരിച്ച കാരണത്തില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടാല്‍ ഈ പരാതികളില്‍ ആദ്യം അനുനയത്തിനാവും ശ്രമിക്കുകയെന്നും ഇത് പരാജയപ്പെട്ടാല്‍ കേസ് കോടതിക്ക് കൈമാറുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

ജോലി നഷ്ടപ്പെട്ടു, വരുമാനമില്ല; കൊവിഡ് പ്രതിസന്ധിക്കിടെ ആശ്വാസതീരമണഞ്ഞിട്ടും ആശങ്കയൊഴിയാതെ പ്രവാസികള്‍
 

click me!