മലപ്പുറം: വിവിധ രാജ്യങ്ങളില്‍ നിന്നും പ്രവാസികളെ നാട്ടിലെത്തിക്കുന്നത് തുടരുന്നതിനിടെ ജോലി നഷ്ടപ്പെട്ടതും വരുമാനം നിലച്ചതും മൂലം മടങ്ങിയെത്തിയ പ്രവാസികള്‍ ദുരിതത്തില്‍. ഗള്‍ഫിലേക്ക് തിരിച്ചു പോകാന്‍ സാധിക്കുമോ എന്ന ആശങ്കയിലാണ് ജോലി നഷ്ടപ്പെട്ടെത്തിയ പ്രവാസികള്‍. 

മലപ്പുറം കാളികാവിലെ കൊവിഡ് കെയര്‍ സെന്ററിലാണ് മടങ്ങിയെത്തിയ പ്രവാസികളിലൊരാളായ കാക്കഞ്ചേരി സ്വദേശി മുഹമ്മദ് സാലി. ലോക്ഡൗണ്‍ കാലത്ത് യുഎഇയില്‍ നിന്ന് നാട്ടിലെത്തിയതാണ് അദ്ദേഹം. നാട്ടിലെത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെങ്കിലും ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന തനിക്ക് ഇപ്പോള്‍ ജോലി നഷ്ടമായതിന്‍റെ ദുഃഖമാണെന്ന് മുഹമ്മദ് സാലി പറയുന്നു.  

സാമ്പത്തിക ബാധ്യത ഏറെയുള്ളവര്‍ ഉള്‍പ്പെടെ നിരവധി പേരാണ് ജോലിയില്ലാതെ നാട്ടിലെത്തിയത്. തിരിച്ച് ഗള്‍ഫിലേക്ക് പോകേണ്ട എന്ന തീരുമാനിച്ചെത്തിവര്‍ നാട്ടില്‍ ജോലി കണ്ടെത്താനാകുമോ എന്ന ആശങ്കയിലാണ്.  ക്രൂഡ് ഓയില്‍ വില തകര്‍ച്ച, കൊവിഡ് ഉണ്ടാക്കിയ സാമ്പത്തിക മാന്ദ്യം, കുറഞ്ഞ തൊഴിലവസരം എന്നിങ്ങനെ പ്രവാസികളെ അലട്ടുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്. ഈ കാരണങ്ങള്‍ കൊണ്ട് തന്നെ തിരിച്ചു ഗള്‍ഫിലേക്ക് പോകണോ എന്ന ആലോചനയിലാണ് മടങ്ങിയെത്തിയ പ്രവാസികളില്‍ പലരും.  

തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിന് പദ്ധതികളില്ലാതെ കേന്ദ്രം