ഖത്തറുമായുള്ള കര,നാവിക, വ്യോമ ഗതാഗതം പുനസ്ഥാപിക്കാനൊരുങ്ങി യുഎഇ

By Web TeamFirst Published Jan 8, 2021, 7:08 PM IST
Highlights

ഖത്തറിനെതിരെ സൗദി അടക്കം നാല് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം ചൊവ്വാഴ്ചയാണ് പിന്‍വലിച്ചത്. ഗള്‍ഫ് രാജ്യങ്ങളുടെ ഐക്യവും സഹകരണവും ഉറപ്പാക്കുന്ന അല്‍ ഉല കരാറില്‍ ജിസിസി അംഗരാജ്യങ്ങളായ സൗദി അറേബ്യ, യുഎഇ, ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത് എന്നീ രാജ്യങ്ങളുടെ പ്രതിനിധികള്‍ ഒപ്പുവെച്ചു.

അബുദാബി: ഖത്തറുമായുള്ള കര,നാവിക, വ്യോമ ഗതാഗതം ജനുവരി ഒമ്പത് ശനിയാഴ്ച മുതല്‍ പുനസ്ഥാപിക്കുമെന്ന് വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയം അറിയിച്ചു. ഖത്തറിനെതിരായി 2017 ജൂണ്‍ അഞ്ചിന് പുറപ്പെടുവിച്ച പ്രസ്താവന പ്രകാരം യുഎഇ സ്വീകരിച്ച എല്ലാ നടപടികളും അവസാനിപ്പിക്കുമെന്ന് യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിലെ അണ്ടര്‍സെക്രട്ടറി ഖാലിദ് അബ്ദുള്ള ബെല്‍ഹൂളിനെ ഉദ്ധരിച്ച് 'എമിറേറ്റ്‌സ് ന്യൂസ്' ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അല്‍ ഉല കരാറില്‍ ഒപ്പുവെച്ചതിന് പിന്നാലെയാണ് ഈ തീരുമാനം.

ഖത്തറിനെതിരെ സൗദി അടക്കം നാല് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം ചൊവ്വാഴ്ചയാണ് പിന്‍വലിച്ചത്. ഗള്‍ഫ് രാജ്യങ്ങളുടെ ഐക്യവും സഹകരണവും ഉറപ്പാക്കുന്ന അല്‍ ഉല കരാറില്‍ ജിസിസി അംഗരാജ്യങ്ങളായ സൗദി അറേബ്യ, യുഎഇ, ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത് എന്നീ രാജ്യങ്ങളുടെ പ്രതിനിധികള്‍ ഒപ്പുവെച്ചു. ഈ ഗള്‍ഫ് രാജ്യങ്ങള്‍ക്കൊപ്പം ഈജിപ്തും കരാറില്‍ ഒപ്പിട്ടിരുന്നു. ഇതോടെ മൂന്നര വര്‍ഷത്തിലധികം നീണ്ട ഗള്‍ഫ് പ്രതിസന്ധിക്കാണ് അവസാനമായത്.

ഖത്തറുമായുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ച് ഒരാഴ്‍ചയ്ക്കുള്ളില്‍ തന്നെ ഗതാഗത, വാണിജ്യ ബന്ധം പുനഃസ്ഥാപിക്കുമെന്ന് യുഎഇ വിദേശകാര്യ സഹമന്ത്രി ഡോ. അന്‍വര്‍ ഗര്‍ഗാഷ് അറിയിച്ചിരുന്നു. നയതന്ത്ര കാര്യാലയങ്ങള്‍ തുറക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ ഗള്‍ഫ് രാജ്യങ്ങള്‍ അതിവേഗ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും വീഡിയോ കോണ്‍ഫറന്‍സിലൂടെ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു. 


 

click me!