
കുവൈത്ത് സിറ്റി: റംസാൻ കാലത്ത് യാചന തടയുന്നതിനായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം പ്രത്യേക പദ്ധതി ആവിഷ്കരിച്ചു. നിബന്ധനകൾക്ക് വിധേയമായല്ലാതെ ധനസമാഹരണത്തിലേർപ്പെടുന്ന വിദേശികളെ നാടുകടത്തുമെന്നും ഗാർഹിക തൊഴിലാളികൾ യാചനക്കിടെ പിടിക്കപ്പെട്ടാൽ സ്പോൺസർമാർക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
അനധികൃത പണപ്പിരിവും യാചനയും കണ്ടെത്തുന്നതിനുവേണ്ടി റംസാൻ കാലയളവിൽ പരിശോധന കർശനമാക്കാനാണ് കുവൈത്തിന്റെ തീരുമാനം. വിവിധ മന്ത്രാലയങ്ങളുടെ പ്രതിനിധികളടങ്ങുന്ന സംയുക്ത സമിതിയെ ഇതിനായി ചുമതലപ്പെടുത്തും. വനിതാ പൊലീസ് ഉൾപ്പെടെയുള്ള സംഘം സിവിൽ വേഷത്തിലാകും പരിശോധനക്കിറങ്ങുക . പള്ളികൾ, ഷോപ്പിങ് മാളുകൾ, വാണിജ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിരീക്ഷകരുടെ സാന്നിധ്യമുണ്ടാകും. ഒരു കുടുംബത്തിലെ പിതാവോ മാതാവോ യാചന നടത്തിയാൽ മക്കളുൾപ്പെടെ മുഴുവൻ പേരെയും നാടുകടത്തും.സ്വകാര്യ സ്ഥാപനങ്ങളുടെ വിസയിൽ ഉള്ളവരാണ് യാചനയിൽ ഏർപ്പെടുന്നതെങ്കിൽ കമ്പനിയുടെ ഫയൽ മരവിപ്പിക്കും.
സന്ദർശന വിസയിൽ എത്തിയവരാണ് യാചനയിലേർപ്പെട്ടതെങ്കിലും സ്പോൺസറുടെ ഫയൽ മരവിപ്പിക്കും. അനധികൃത ധനസമാഹരണത്തിന് പിടിക്കപ്പെടുന്നത് സ്വദേശിയാണെങ്കിൽ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച ശേഷം പ്രോസിക്യൂഷനു വിധേയമാക്കുമെന്നും അധികൃതർ വ്യക്തമാക്കി. അംഗീകാരമുള്ള സന്നദ്ധ സംഘടനകൾക്ക് മാത്രമാണ് നിബന്ധനകളോടെ പിരിവിന് അനുമതി നൽകുക. മന്ത്രാലയം നൽകിയ തിരിച്ചറിയൽ അനുമതി കാർഡ് കൈവശമില്ലാതെ പണപ്പിരിവ് നടത്തുന്നത് നിയമലംഘനമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam