
മലപ്പുറം: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തുന്നതൊക്കെ സർവ്വസാധാരണമാണ്. എന്നാൽ കുടുംബവും നാട്ടുകാരും ഒരുപോലെ സ്നേഹിക്കുന്ന ഒരുപോലെ ബഹുമാനിക്കുന്ന ഒരാൾ നാട്ടിലെത്തുമ്പോൾ എങ്ങനെ സ്വീകരണം നൽകും?. അതിലൊരു സർപ്രൈസ് കണ്ടെത്തിയിരിക്കുകയാണ് മാറാക്കരയിലെ മരുതൻ ചിറയിലെ നാട്ടുകാർ. 51 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് കഴിഞ്ഞ ദിവസമാണ് ഗഫൂർ തയ്യിൽ നാട്ടിലെത്തിയത്.
എയർപോർട്ടിൽ സ്വീകരിക്കാനായി ബന്ധുക്കളെ കാണുമെന്ന് പ്രതീക്ഷയിൽ ആയിരുന്നു അദ്ദേഹം മലയാള മണ്ണിൽ കാലുകുത്തിയത്. എന്നാൽ ഒരു കെഎസ്ആർടിസി നിറച്ച് നാട്ടുകാരും ബന്ധുക്കളും കൂടി തന്നെ കൂട്ടാൻ വരുമെന്ന് ഒരിക്കലും അദ്ദേഹം കരുതിയിട്ടില്ല. അക്ഷരാർത്ഥത്തിൽ ഞെട്ടിയ മുഖവുമായാണ് എയർപോർട്ടിൽ നിന്ന് ഇദ്ദേഹം പുറത്തിറങ്ങിയത്.
65 കാരനായ ഇദ്ദേഹത്തിന് മരുതൻചിറയിലെ കെ കെ ബി പൗരസമിതിയും വൈ എസ് എസ് എസിയും ചേർന്നാണ് സ്വീകരണം നൽകിയത്. എയർപോർട്ടിന് പുറത്ത് ഫ്ലക്സ് ബോർഡുമായി നാട്ടുകാരും കാത്തിരുന്നു. പിന്നാലെ ഗഫൂർക്ക എത്തി. ഒപ്പം അനൗൺസ്മെന്റ് ഉയർന്നു, 'ചങ്ക് ഗഫൂർക്ക എത്തി മക്കളെ...'", നിങ്ങളൊക്കെ അടിച്ചുപൊളിക്കുകയാണല്ലേ എന്ന് ഗഫൂർക്കാന്റെ കമന്റും, സംഭവം കളറായി.
പൊന്നാനി കെഎസ്ആർടിസി ഡിപ്പോയിൽ നിന്നാണ് നാട്ടുകാർ ബസ് വാടകയ്ക്ക് എടുത്തത്. ബസ്സിൽ അനൗൺസ്മെന്റ് പാട്ടുമായി ഗംഭീര യാത്ര തന്നെ. നാട്ടുകാർ ഇത്രക്കും മനോഹരമായ വരവേൽപ്പ് നൽകാൻ തക്കതായ കാരണമുണ്ട്. കയ്യിൽ കാദർ ഹാജി-ബിരിയുമ്മു ദമ്പതികളുടെ അഞ്ചു മക്കളിൽ മൂത്തയാളാണ് ഗഫൂർ. പതിമൂന്നാം വയസ്സിൽ പ്രവാസജീവിതം ആരംഭിച്ചതാണ്.
ഇതിൽ നാട്ടിൽ നിന്നും ഒരുപാട് പേരെ പ്രവാസത്തിലേക്ക് കൈപിടിച്ചുയർത്തി. പലരുടെയും ജീവിതം തന്നെ രക്ഷപ്പെട്ടത് ഗഫൂർക്കാന്റെ കൈകൾ കൊണ്ടാണ്. അതിന്റെയൊക്കെ കടപ്പാടുണ്ട് ഈ നാട്ടുകാർക്ക്. ഇങ്ങനെ ഒരാൾ നാട്ടിലെത്തുമ്പോൾ സ്വീകരണം നൽകാതിരിക്കുന്നത് എങ്ങനെ എന്നാണ് നാട്ടുകാർക്കുള്ള ചോദ്യം. ആദ്യം അജ്മാൻ സൂപ്പർമാർക്കറ്റിലും പിന്നീട് ഹോട്ടൽ മേഖലയിലും ജോലി നോക്കി.
പ്രവാസം അവസാനിപ്പിച്ച് മടങ്ങുമ്പോൾ ജുമൈറ ഗ്രൂപ്പിൽ പിആർ മാനേജരായി 28 വർഷം പൂർത്തിയാക്കിയിരുന്നു. കെഎസ്ആർടിസിയിൽ നാട്ടിലെത്തിച്ചതിനുശേഷം മരുതിൻചിറയിൽ സ്വീകരണയോഗവും നടത്തി. ഭാര്യയും മൂന്നു മക്കളും അടങ്ങുന്ന കുടുംബത്തോടൊപ്പവും തന്റെ സ്നേഹസമ്പന്നരായ നാട്ടുകാർക്കൊപ്പവും ഇനിയെന്നും ഗഫൂർക്ക ഉണ്ടാവും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ