
അബുദാബി: അല്‍ ബര്‍ഷയിലെ മൂന്ന് ഏരിയകളിലായുള്ള കൊമേഴ്‌സ്യല്‍ സെന്‍ട്രല്‍ പ്രോജക്ട് 40 ശതമാനം പൂര്‍ത്തിയായതായി യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപിന്‍റെ ഇന്‍വെസ്റ്റ്‌മെന്‍റ് ഡിവിഷന്‍ വെളിപ്പെടുത്തി. യൂണിയന്‍ കോപിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യപിപ്പിക്കുന്നതിനും സമൂഹത്തിലെ കൂടുതല്‍ ആളുകളിലേക്ക് സേവനങ്ങള്‍ എത്തിക്കുന്നതിനും പുറമെ ഉപഭോക്താക്കള്‍ക്ക് സവിശേഷമായ ഷോപ്പിങ് അനുഭവം പ്രദാനം ചെയ്യുന്നതിന്‍റെയും ഭാഗമായാണ് അല്‍ ബര്‍ഷയിലെ കൊമേഴ്സ്യല്‍ സെന്‍ട്രല്‍ പ്രോജക്ട് സ്ഥാപിക്കുന്നത്. യൂണിയന്‍ കോപിന്റെ വില്‍പ്പന ചരക്കുകളുടെ പട്ടിക 11 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ ശാഖയിലൂടെ സാധിക്കും.
ആറ് കോടി ദിര്‍ഹമാണ് ഈ പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി കണക്കാക്കുന്നതെന്ന് യൂണിയന്‍ കോപ് സിഇഒ എച്ച് ഇ ഖാലിദ് ഹുമൈദ് ബിന്‍ ദിബാന്‍ അല്‍ ഫലസി അറിയിച്ചു. ബേസ്‌മെന്റ്, മദ്ധ്യനില, ഒന്നാം നില എന്നിവ ഉള്‍പ്പെടുന്ന കെട്ടിടത്തിലെ ബേസ്‌മെന്റ് ഉപഭോക്താക്കള്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യം നല്‍കുന്നതിന് വേണ്ടിയുള്ളതാണ്. വിവിധ സ്റ്റോറുകള്‍ക്ക് പുറമെ ടോയ്‌ലറ്റുകള്‍, ശുചിമുറി സൗകര്യങ്ങള്‍, പ്രാര്‍ത്ഥനാ മുറികള്‍ എന്നിവയും ഉപഭോക്താക്കള്‍ക്കായി ഒരുക്കുമെന്ന് യൂണിയന്‍ കോപ് സിഇഒ പറഞ്ഞു.
യൂണിയന്‍ കോപിന്റെ പുതിയ ശാഖയ്ക്ക് 50,000 ചതുരശ്ര അടി വ്യാപ്തിയാണ് കണക്കാക്കുന്നതെന്ന് സിഇഒ അല്‍ ഫലസി കൂട്ടിച്ചേര്‍ത്തു. ഇതില്‍ ആകെ ബില്‍ഡ് അപ് ഏരിയ 148,000 ചതുരശ്ര അടിയാണ്. അല്‍ ഖൈല്‍ സ്ട്രീറ്റിനെയും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് സ്ട്രീറ്റിനെയും ദുബായ് മരീന റീജിയണ്‍, ശൈഖ് സായിദ് റോഡ് എന്നിവയുമായി ബന്ധിപ്പിക്കുന്ന ഹെസ്സ സ്ട്രീറ്റില്‍ നിന്ന് നേരിട്ടുള്ള വ്യൂ ലഭിക്കുന്ന രീതിയിലാണ് പുതിയ പ്രോജക്ടിനായുള്ള സ്ഥലം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അല്‍ ബര്‍ഷ, അല്‍ ബര്‍ഷ സൗത്ത്, മരീന, ടെക്കോം ഏരിയ എന്നിവിടങ്ങളിലെ താമസക്കാര്‍ക്ക് വിവിധ സേവനങ്ങള്‍ ലഭ്യമാക്കാന്‍ പുതിയ ശാഖയുടെ പ്രവര്‍ത്തനത്തിലൂടെ സാധിക്കുമെന്ന് യൂണിയന്‍ കോപ് സിഇഒ പറഞ്ഞു.
ഉപഭോക്താക്കളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സ്ഥലത്തിന് പുറമെ 12 കൊമേഴ്‌സ്യല്‍, സര്‍വ്വീസ് സ്റ്റോറുകള്‍, 16 പോയിന്റ് ഓഫ് സെയില്‍ കൗണ്ടറുകള്‍ എന്നിവയ്ക്കുള്ള സൗകര്യവും പുതിയ ശാഖയില്‍ ക്രമീകരിക്കുമെന്ന് യൂണിയന്‍ കോപ് സിഇഒ അറിയിച്ചു. 40,000 ചതുരശ്ര അടി വ്യാപ്തിയുള്ള യൂണിയന്‍ കോപ് ഹൈപ്പര്‍ മാര്‍ക്കറ്റ് ആണ് ആദ്യത്തെ നിലയില്‍ ഒരുക്കുന്നത്. ഫ്രഷ് ഫുഡ് പ്രോഡക്ടുകളായ ബേക്കറി, മത്സ്യം, മാംസ്യം, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, പാല്‍, സുഗന്ധവ്യജ്ഞനങ്ങള്‍, പയര്‍വര്‍ഗങ്ങള്‍, ഈന്തപ്പഴം, കാപ്പി. തേന്‍ എന്നിവ സൂക്ഷിക്കാനുള്ള സൗകര്യത്തിന് പുറമെ മറ്റ് 50,000 ഉല്‍പ്പന്നങ്ങള്‍ സൂക്ഷിക്കാനുള്ള ക്രമീകരണവും ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഉണ്ടാവും.
പ്രോജക്ടിനായുള്ള കെട്ടിടത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. മേല്‍ക്കൂര, തറയുടെ പ്രതലം എന്നിവയുടെ നിര്‍മ്മാണം ഈ ആഴ്ച തന്നെ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബേസ്‌മെന്റ്, ഗ്രൗണ്ട് ഫ്ലോര്‍ എന്നിവിടങ്ങളിലേക്കുള്ള ഇലക്ട്രോമെക്കാനിക്കല്‍, ഫിനിഷിങ് ജോലികളും പുരോഗമിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ