യൂണിയന്‍ കോപിന്റെ അല്‍ ബര്‍ഷ സൗത്ത് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു

By Web TeamFirst Published Jul 17, 2021, 2:57 PM IST
Highlights

ആകെ ആറ് കോടി ദിര്‍ഹമാണ് അല്‍ ബര്‍ഷ സൗത്ത് സെന്ററിന്റെ നിര്‍മാണത്തിനായി ചെലവഴിച്ചിരിക്കുന്നത്. ഗ്രൗണ്ട് ഫ്‌ലോര്‍, ഫസ്റ്റ് ഫ്‌ലോര്‍ എന്നിവയാണ് കെട്ടിടത്തിലുള്ളത്. ഗ്രൗണ്ട് ഫ്‌ലോറിലാണ് കെട്ടിടത്തിലേക്കുള്ള പ്രവേശന കവാടവും 209 പാര്‍ക്കിങ് സ്‌പേസുകളും 25 കടകളും ഒരുക്കിയിട്ടുള്ളത്. ഒന്നാം നിലയില്‍ യൂണിയന്‍ കോപിന്റെ ഹൈപ്പര്‍മാര്‍ക്കറ്റും 20 കടകളുമാണുള്ളത്.

അബുദാബി: യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോ-ഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപിന്റെ അല്‍ ബര്‍ഷ സൗത്തിലെ പുതിയ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു. 22 ഹൈപ്പര്‍മാര്‍ക്കറ്റുകളും 25 സ്റ്റോറുകളും ഉള്‍പ്പെടുന്ന പുതിയ സെന്റര്‍ 6 കോടി ദിര്‍ഹം ചെലവഴിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. 232,000ചതുരശ്ര അടിയാണ് കെട്ടിടത്തിന്റെ ആകെ വിസ്തീര്‍ണം. പുതിയ കേന്ദ്രം കൂടി തുറന്നതോടെ ദുബൈയിലെ യൂണിയന്‍ കോപ് ഹൈപ്പര്‍മാര്‍ക്കറ്റുകളുടെ എണ്ണം 22 ആയി. 

യൂണിയന്‍ കോപ് ചെയര്‍മാന്‍ മജിദ് ഹമദ് റഹ്മ അല്‍ ഷംസിയും യൂണിയന്‍ കോപിന്റെ സിഇഒ ഖാലിദ് ഹുമൈദ് ബിന്‍ ദിബാന്‍ അല്‍ ഫലസിയും ചേര്‍ന്നാണ് സെന്റര്‍ ഉദ്ഘാടനം ചെയ്തത്. യൂണിയന്‍ കോപിന്റെ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍മാര്‍, മാനേജര്‍മാര്‍, ജീവനക്കാര്‍ എന്നിവരും മറ്റ് ഉദ്യോഗസ്ഥരും വിതരണക്കാരും ഉപഭോക്താക്കളും ചടങ്ങില്‍ പങ്കെടുത്തു. 

രാജ്യത്തെ റീട്ടെയ്ല്‍ വിപണിയിലെ വികാസത്തിന്‍റെയും കൊവിഡ് പ്രത്യാഘാതങ്ങളില്‍ നിന്ന് പ്രാദേശിക സാമ്പത്തികരംഗം മെച്ചപ്പെടുന്നതിന്റെയും ഭാഗമായാണ് പുതിയ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം തുടങ്ങുന്നതെന്ന് യൂണിയന്‍ കോപ് ചെയര്‍മാന്‍ പറഞ്ഞു. എല്ലാ വിഭാഗം ഉപഭോക്താക്കളുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ദുബൈയിലെ എല്ലാ മേഖലകളിലേക്കും യൂണിയന്‍ കോപ് പ്രവര്‍ത്തനം വ്യാപിപ്പിച്ചെന്നും ഇതിലൂടെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും മികച്ച ഷോപ്പിങ് അനുഭവം നല്‍കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

ഫ്‌ലെക്‌സിബിള്‍ ഷോപ്പിങ് സിസ്റ്റമാണ് യൂണിയന്‍ കോപ് പ്രവര്‍ത്തനങ്ങള്‍ക്കായി സ്വീകരിച്ചിട്ടുള്ളതെന്നും എല്ലാ ഭക്ഷ്യ, ഭക്ഷ്യേതര ഉല്‍പ്പന്നങ്ങളും യൂണിയന്‍ കോപിന്റെ വിവിധ കേന്ദ്രങ്ങള്‍, ശാഖകള്‍, യൂണിയന്‍ കോപ് ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍(സ്മാര്‍ട് ആപ്പ്, വെബ്‌സ്റ്റോര്‍) എന്നിവ വഴി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയാണെന്നും യൂണിയന്‍ കോപ് ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു. 

ദുബൈയിലെ 22-ാമത്തെ യൂണിയന്‍ കോപ് കേന്ദ്രമായ അല്‍ ബര്‍ഷ സൗത്ത് സെന്ററിന്റെ നിര്‍മാണത്തിന് മികച്ച എഞ്ചിനീയറിങ് നിലവാരവും അന്താരാഷ്ട്ര ആര്‍ക്കിട്ടെക്ച്ചറല്‍ ഡിസൈനുകളുമാണ് സ്വീകരിച്ചിട്ടുള്ളതെന്നും ഇത് ഉപഭോക്താക്കള്‍ക്ക് സവിശേഷമായ ഷോപ്പിങ് അനുഭവം സമ്മാനിക്കുമെന്നും യൂണിയന്‍ കോപ് സിഇഒ അല്‍ ഫലസി പറഞ്ഞു. ലൊക്കേഷന്റെ പ്രത്യേകത കൊണ്ട് എല്ലാ വിഭാഗം ആളുകളുടെയും ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയും. പ്രത്യേകിച്ച് അല്‍ ബര്‍ഷ സൗത്തില്‍ 1,2,3,4 എന്നിവിടങ്ങളിലും അല്‍ ബര്‍ഷ 1,2,3ലും ദുബൈ മിറാക്കിള്‍ ഗാര്‍ഡനിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്നവര്‍ക്ക് ഈ കേന്ദ്രം പ്രയോജനകരമാണ്. 

ഓഹരി ഉടമകള്‍ക്കും ഉപഭോക്താക്കള്‍ക്കും ഗുണകരമാകുന്ന രീതിയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതാണ് യൂണിയന്‍ കോപിന്റെ ഭാവി പദ്ധതിയെന്നും ലോക്കല്‍, അന്താരാഷ്ട്ര ഉല്‍പ്പന്നങ്ങള്‍ ഗുണനിലവാരവും മിതമായ വിലയും ഉറപ്പാക്കി ദുബൈയിലെ താമസക്കാരിലേക്ക് എത്തിക്കുന്നത് ലക്ഷ്യമിട്ടാണ് യൂണിയന്‍ കോപ് പുതിയ കേന്ദ്രങ്ങള്‍ തുറക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബേക്കറി, മാംസ്യം, ചീസ്, മത്സ്യം, ബ്യൂട്ടി, പച്ചക്കറികള്‍, മറ്റ് സെക്ഷനുകള്‍ എന്നിവ അല്‍ ബര്‍ഷ സൗത്ത് സെന്ററില്‍ ഒരുക്കിയിട്ടുണ്ട്.

ആകെ ആറ് കോടി ദിര്‍ഹമാണ് അല്‍ ബര്‍ഷ സൗത്ത് സെന്ററിന്റെ നിര്‍മാണത്തിനായി ചെലവഴിച്ചിരിക്കുന്നത്. ഗ്രൗണ്ട് ഫ്‌ലോര്‍, ഫസ്റ്റ് ഫ്‌ലോര്‍ എന്നിവയാണ് കെട്ടിടത്തിലുള്ളത്. ഗ്രൗണ്ട് ഫ്‌ലോറിലാണ് കെട്ടിടത്തിലേക്കുള്ള പ്രവേശന കവാടവും 209 പാര്‍ക്കിങ് സ്‌പേസുകളും 25 കടകളും ഒരുക്കിയിട്ടുള്ളത്. ഒന്നാം നിലയില്‍ യൂണിയന്‍ കോപിന്റെ ഹൈപ്പര്‍മാര്‍ക്കറ്റും 20 കടകളുമാണുള്ളത്. 65,000 ചതുരശ്ര അടിയിലാണ് ഷോറൂമെന്നും പ്രൊജക്ടിന്റെ ആകെ വ്യാപ്തി 232,000 ചതുരശ്ര അടിയാണെന്നും യൂണിന്‍ കോപ് ഇന്‍വെസ്റ്റ്‌മെന്റ് ഡിവിഷന്‍ ഡയറക്ടര്‍ ആര്‍ക്കിടെക്ട് മാദിയ അല്‍ മറി വിശദമാക്കി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

click me!