വിഷം കലരാത്ത പച്ചക്കറികള്‍ക്കായി യൂണിയന്‍ കോപില്‍ കൃഷിയിടമൊരുങ്ങുന്നു; ആദ്യഘട്ടം അല്‍ വര്‍ഖ മാളില്‍

By Web TeamFirst Published Mar 14, 2021, 7:59 PM IST
Highlights

മുന്‍കൂട്ടി നിശ്ചയിക്കുന്ന പദ്ധതി പ്രകാരം സമീപ ഭാവിയില്‍ തന്നെ 16 ഇനത്തില്‍പെടുന്ന ഓര്‍ഗാനിക് പച്ചക്കറികള്‍ പ്രതിദിനം 15 മുതല്‍ 20 കിലോഗ്രാം വരെ ഉത്പാദിപ്പിക്കാന്‍ യൂണിയന്‍ ഫാമിലൂടെ സാധിക്കുമെന്ന് യൂണിയന്‍ കോപ് ഫ്രഷ് കാറ്റഗറി ട്രേഡ് വിഭാഗം മാനേജര്‍ യാക്കൂബ് അല്‍ ബലൂശി പറഞ്ഞു. 

ദുബൈ: ജനങ്ങളുടെ ക്ഷേമവും ഐശ്വര്യവും സുപ്രധാന ലക്ഷ്യങ്ങളായി പ്രഖ്യാപിച്ചിരിക്കുന്ന യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ്, യൂണിയന്‍ കോപ്, അതിന്റെ ലക്ഷ്യങ്ങളിലേക്കുള്ള പാതയില്‍ പുതിയൊരു ചുവടുകൂടി വെയ്ക്കുകയാണ്. യൂണിയന്‍ കോപിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മാളുകളില്‍ ഏറ്റവും ഒടുവിലായി പ്രവര്‍ത്തനം തുടങ്ങിയ അല്‍ വര്‍ഖ സിറ്റി മാളില്‍ പുതിയ 'യൂണിയന്‍ ഫാമിന്' തുടക്കം കുറിക്കുന്നു. രാസ വസ്‍തുക്കളോ കീടനാശിനികളോ ചേരാത്ത പച്ചക്കറികള്‍ വളര്‍ത്തിയെടുക്കുന്ന ആരോഗ്യകരമായൊരു ആശയമാണിത്. ആരോഗ്യകരമായ ജീവിത ശൈലി ഒരു ജീവിതമാര്‍ഗമാക്കി മാറ്റാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

മുന്‍കൂട്ടി നിശ്ചയിക്കുന്ന പദ്ധതി പ്രകാരം സമീപ ഭാവിയില്‍ തന്നെ 16 ഇനത്തില്‍പെടുന്ന ഓര്‍ഗാനിക് പച്ചക്കറികള്‍ പ്രതിദിനം 15 മുതല്‍ 20 കിലോഗ്രാം വരെ ഉത്പാദിപ്പിക്കാന്‍ യൂണിയന്‍ ഫാമിലൂടെ സാധിക്കുമെന്ന് യൂണിയന്‍ കോപ് ഫ്രഷ് കാറ്റഗറി ട്രേഡ് വിഭാഗം മാനേജര്‍ യാക്കൂബ് അല്‍ ബലൂശി പറഞ്ഞു. ഏറ്റവും നല്ല ഗുണനിലവാരത്തിലുള്ള പച്ചക്കറികളും പഴങ്ങളും നല്ല ഏറ്റവും നല്ല വിലയില്‍ ലഭ്യമാക്കാന്‍ യൂണിയന്‍ കോപ് എപ്പോഴും ശ്രമിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉപഭോക്താക്കളുടെ അഭിരുചി മനസിലാക്കിയും രാജ്യത്തെ സാംസ്‍കാരിക വൈവിദ്ധ്യം ഉള്‍ക്കൊണ്ടുകൊണ്ടും പച്ചക്കറികളുടെയും പഴങ്ങളുടെയും വലിയ ശേഖരം ഇപ്പോള്‍ തന്നെ യൂണിയന്‍ കോപ് ശാഖകളിലൂടെ ലഭ്യമാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഹോര്‍മോണുകളില്‍ നിന്നും മറ്റ് രാസവസ്‍തുക്കളില്‍ നിന്നും മുക്തമായ 100 ശതമാനം ആരോഗ്യകരമായ ഫ്രഷ് പച്ചക്കറികളായിരിക്കും യൂണിയന്‍ ഫാമില്‍ നിന്ന് ലഭ്യമാവുക. മിഡില്‍ ഈസ്റ്റില്‍ ഇത്തരത്തിലുള്ള ആദ്യത്തെ സംരംഭമായിരിക്കും ഇത്. ആദ്യ ഘട്ടമായി അല്‍ വര്‍ഖ സിറ്റി മാള്‍ ശാഖയിലാണ് ആരംഭിച്ചിരിക്കുന്നത്. ഭാവിയില്‍ മറ്റ് ശാഖകളിലും ഇത്തരത്തിലുള്ള സംരംഭങ്ങള്‍ തുടങ്ങുന്നതിനെക്കുറിച്ച് യൂണിയന്‍ കോപ് ആലോചിക്കുന്നുണ്ടെന്നും അല്‍ ബലൂശി പറഞ്ഞു. ഉത്പ്പന്നങ്ങള്‍ യൂണിയന്‍ കോപിന്റെ ഷെല്‍ഫുകളിലെത്തുന്നത് വരെയുള്ള ഓര്‍ഗാനിക് കൃഷി രീതിയുടെ ഓരോ ഘട്ടവും ഉപഭോക്താക്കള്‍ക്ക് നേരിട്ട് കാണാനുള്ള അവസരവുമുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു.

click me!