
കുവൈത്ത് സിറ്റി: കുവൈത്തിൽ കാലാവസ്ഥാ വ്യതിയാനങ്ങളുടെ പശ്ചാത്തലത്തിൽ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ മുൻനിർത്തി എല്ലാവരും ജാഗ്രത പാലിക്കണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുവൈത്ത് കാലാവസ്ഥാ വകുപ്പ് നൽകിയ മുന്നറിയിപ്പനുസരിച്ച് വ്യാഴാഴ്ച രാവിലെ 10 മണി മുതൽ രാത്രി 8 മണി വരെ രാജ്യത്ത് അസ്ഥിര കാലാവസ്ഥ അനുഭവപ്പെടാൻ സാധ്യതയുണ്ട്. പിന്നീട് കാലാവസ്ഥ ക്രമേണ സാധാരണനിലയിലാകുമെന്നും അധികൃതർ വ്യക്തമാക്കി.
ഈ സമയത്ത് മിതമായതിൽ നിന്ന് ശക്തമായ മഴ, ചിലപ്പോഴൊക്കെ ഇടിമിന്നലോടു കൂടിയ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് പ്രവചിച്ചിട്ടുണ്ട്. മണിക്കൂറിൽ 60 മുതൽ 70 കിലോമീറ്റർ വരെ വേഗതയുള്ള തെക്കൻ കാറ്റും അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഇതുമൂലം കാഴ്ചപരിധി കുറയാനും തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാലകൾ ഉണ്ടാകാനും സാധ്യതയുണ്ട്. അതിനാൽ അത്യാവശ്യമായ സാഹചര്യമല്ലെങ്കിൽ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും പ്രത്യേകിച്ച് മഴ ശക്തമാകുന്ന സമയങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്ന പ്രദേശങ്ങളിൽ നിന്ന് അകലം പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു.
വാഹനം ഓടിക്കുമ്പോൾ വേഗം കുറച്ച് സൂക്ഷിച്ചോടിക്കുക , സുരക്ഷിത അകലം പാലിക്കുക, വാഹനങ്ങൾ നല്ല നിലയിലാണെന്ന് ഉറപ്പാക്കുക എന്നിവയും അധികൃതർ ആവശ്യപ്പെട്ടു. അവശ്യ സാഹചര്യങ്ങളിൽ എമർജൻസി നമ്പർ 112 അല്ലെങ്കിൽ സിവിൽ ഡിഫൻസ് ഓപ്പറേഷൻസ് (1804000) ബന്ധപ്പെടാമെന്നും, പുതിയ വിവരങ്ങൾ ഔദ്യോഗിക ചാനലുകൾ വഴി പിന്തുടരണമെന്നും മന്ത്രാലയം അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam