fine for not wearing mask : സൗദിയില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ 20 ലക്ഷത്തോളം രൂപ വരെ പിഴ

By Web TeamFirst Published Jan 2, 2022, 7:26 PM IST
Highlights

മാസ്‌ക് ധരിക്കാത്തവര്‍ക്ക് 1,000 റിയാലാണ് പിഴ ചുമത്തുക. നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാകും.

റിയാദ്: കൊവിഡ്(covid) മുന്‍കരുതല്‍ നടപടികളും മാനദണ്ഡങ്ങളും പാലിക്കാത്തവര്‍ക്ക് വന്‍തുക പിഴ(fine) ചുമത്തുമെന്ന് മുന്നറിയിപ്പുമായി സൗദി ആഭ്യന്തര മന്ത്രാലയം. മാസ്‌ക് (mask)ധരിക്കാത്തവര്‍ക്ക് 1,000 റിയാലാണ് പിഴ ചുമത്തുക. നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാകും. പരമാവധി 100,000 റിയാല്‍ വരെ (20 ലക്ഷത്തോളം ഇന്ത്യന്‍ രൂപ) പിഴ ചുമത്തിയേക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി. 

കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലവും സൗദിയില്‍ കര്‍ശനമാക്കിയിരുന്നു. 2021 ഡിസംബര്‍ 30 മുതല്‍ രാജ്യത്ത് തുറസായ സ്ഥലങ്ങളിലും കെട്ടിടങ്ങള്‍ക്കുള്ളിലുമെല്ലാം ഒരുപോലെ മാസ്‍കും സാമൂഹിക അകലവും നിര്‍ബന്ധമാക്കിയിട്ടുണ്ട്. 

സൗദി അറേബ്യയിൽ റസ്റ്റോറന്റുകളിലും കഫേകളിലും സാമൂഹിക അകലം നിർബന്ധം

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ രാജ്യത്തെ റസ്റ്റോറന്റ്, കഫേ  എന്നിവിടങ്ങളിൽ കൃത്യമായ സാമൂഹിക അകലം പാലിക്കേണ്ടത് നിർബന്ധമാണെന്ന് സൗദി പബ്ലിക് ഹെല്‍ത്ത് അതോറിറ്റി അറിയിച്ചു. ഇത്തരം സ്ഥാപനങ്ങൾക്കകത്ത് ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവാദമുണ്ട്. 

റസ്റ്റോറന്റുകളിലും കഫേകളിലും ടേബിളുകള്‍ക്കിടയില്‍ മൂന്നു മീറ്റര്‍ അകലം വേണം. ഈ അകലം പാലിക്കാൻ കഴിയാത്ത റസ്റ്റോന്‍റുകളിൽ ഭക്ഷണവിതരണം പാഴ്സൽ മാത്രമായിരിക്കണമെന്നാണ് നിര്‍ദേശം. ഒരേ കുടുംബത്തിലെ അംഗങ്ങൾക്ക് ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാം. എന്നാൽ ഒരേ ടേബിളിനു ചുറ്റും പത്തിൽ കൂടുതൽ ആളുകൾ ഒന്നിച്ചിരിക്കരുത്. ഒരിടത്തും ആളുകളുടെ കൂട്ടം കൂടൽ ഉണ്ടാവരുത്. 

ഓർഡറുകൾ സ്വീകരിക്കുന്ന സ്ഥലങ്ങളിലും കാത്തിരിപ്പ് സ്ഥലങ്ങളിലും പാഴ്സൽ വിതരണ സ്ഥലത്തുമെല്ലാം ആളുകൾ തമ്മിൽ ഒന്നര മീറ്റർ അകലം ഉണ്ടാവണം. ഭക്ഷണം കഴിക്കാത്ത സമയത്ത് സന്ദർശകരും ജോലിക്കാരും കൃത്യമായി മാസ്ക് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. ഭക്ഷണം പാചകം ചെയ്യുന്ന സ്ഥലങ്ങളിലും ജീവനക്കാര്‍ അകലം പാലിച്ചിരിക്കണം. 

    


 

click me!