
കുവൈത്ത് സിറ്റി: മയക്കുമരുന്ന് കടത്ത് ഉള്‍പ്പെടെയുള്ള കേസില്‍ അറസ്റ്റിലായ അമേരിക്കന്‍ സൈനികനെ തൂക്കിക്കൊല്ലാന്‍ കുവൈത്ത് പരമോന്നത ക്രിമിനല്‍ കോടതിയുടെ വിധി. ഇത് സംബന്ധിച്ച് നേരത്തെ കീഴ്‍കോടതികള്‍ പുറപ്പെടുവിച്ച വിധി പരമോന്നത കോടതി ശരിവെയ്‍ക്കുകയായിരുന്നു. അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥനായ എറിക് എന്നയാളാണ് തന്റെ രാജ്യത്തുനിന്ന് കുവൈത്തിലേക്ക് മയക്കുമരുന്ന് എത്തിച്ചതെന്ന് കുവൈത്തിലെ അല്‍ ജരീദ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്‍തു.
2018 ഓഗസ്റ്റിലാണ് എറികിനെ കുവൈത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്‍തത്. വേഷം മാറിയെത്തിയ അന്വേഷണ ഉദ്യോഗസ്ഥന് ഇയാള്‍ മയക്കുമരുന്ന് വില്‍പന നടത്തിയതോടെ ഇയാളെ കൈയോടെ പിടികൂടുകയായിരുന്നു. സാല്‍മിയയിലെ ഇയാളുടെ താമസ സ്ഥലത്ത് പരിശോധന നടത്തിയപ്പോള്‍ ഹാഷിഷ്, കൊക്കൈന്‍ തുടങ്ങിയ മയക്കുമരുന്നുകളും സ്വര്‍ണക്കട്ടികളും വിലയേറിയ മൂന്ന് വാച്ചുകളും കണ്ടെടുത്തു. 2.70 ലക്ഷം കുവൈത്തി ദിനാറും 49,000 ഫിലിപ്പൈന്‍സ് പെസോയും അടക്കം വന്‍തോതില്‍ പണവും പിടിച്ചെടുത്തു.
അമേരിക്കയില്‍ നിന്ന് കൊണ്ടുവന്ന മയക്കുമരുന്ന് വില്‍പന നടത്തിയാണ് സ്വര്‍ണക്കട്ടികള്‍ വാങ്ങിയതെന്ന് ഇയാള്‍ സമ്മതിച്ചു. അമേരിക്കന്‍ സേനയുടെ കാര്‍ഗോ വിമാനങ്ങളും മറ്റ് കാര്‍ഗോകളുമൊക്കെ ഉപയോഗപ്പെടുത്തിയതായും ഇയാള്‍ പറഞ്ഞു. മയക്കുമരുന്ന് കടത്ത്, നികുതി അടയ്‍ക്കാതെ രാജ്യത്തേക്ക് സാധനങ്ങള്‍ കൊണ്ടുവരല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് പബ്ലിക് പ്രോസിക്യൂഷന്‍ ചുമത്തിയത്. ഇതിന് പുറമെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കും കേസെടുത്തു.
പ്രാഥമിക കോടതിയില്‍ അമേരിക്കന്‍ പൗരന്‍ കുറ്റം നിഷേധിച്ചെങ്കിലും ശക്തമായ തെളിവുകളുള്ള സാഹചര്യത്തില്‍ കോടതി, വിചാരണ പൂര്‍ത്തിയാക്കി വധശിക്ഷ വിധിച്ചു. ഈ വിധി പിന്നീട് ക്രിമിനല്‍ അപ്പീല്‍ കോടതിയും പരമോന്നത കോടതിയും ശരിവെയ്ക്കുകയായിരുന്നു. ശിക്ഷ നടപ്പാക്കുന്നതിനുള്ള അപേക്ഷ പ്രോസിക്യൂഷന്‍ അമീരി ദിവാനില്‍ സമര്‍പ്പിച്ച ശേഷം അതിന് അംഗീകാരം ലഭിച്ച ശേഷമേ കുവൈത്തിലെ നിയമപ്രകാരം വധശിക്ഷ നടപ്പാക്കാനാവൂ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam