സൗദി വിദേശകാര്യ മന്ത്രിക്ക് നേരെയുണ്ടായ വധശ്രമത്തിന് പിന്നില്‍ ഖാസിം സൊലേമാനിയെന്ന് അമേരിക്ക

By Web TeamFirst Published Jan 9, 2020, 12:53 PM IST
Highlights

ആദില്‍ ജുബൈറിനെ കൊലപ്പെടുത്താന്‍ നടന്ന നീക്കങ്ങള്‍ അന്ന് അമേരിക്കന്‍ സുരക്ഷാ ഏജന്‍സികള്‍ പരാജയപ്പെടുത്തുകയായിരുന്നുവെന്നാണ് മൈക് പെന്‍സ് അറിയിച്ചത്. സൗദിയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളിലും അമേരിക്കയിലെ ഭീകരാക്രമണങ്ങളിലും സൊലേമാനിക്ക് പങ്കുണ്ടായിരുന്നുവെന്നും അമേരിക്ക ആരോപിച്ചു. 

റിയാദ്: സൗദി വിദേശകാര്യ മന്ത്രി ആദില്‍ ജുബൈറിന് നേരെയുണ്ടായ വധശ്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് വ്യോമാക്രമണത്തില്‍ കൊലപ്പെട്ട  ജനറല്‍ ഖാസിം സൊലേമാനിയാണെന്ന് അമേരിക്ക. നേരത്തെ അമേരിക്കയിലെ സൗദി അംബാസിഡറായിരുന്ന ആദില്‍ ജുബൈറിനെ 2011ല്‍ വാഷിങ്ടണില്‍ വെച്ച് വധിക്കാനാണ് പദ്ധതിയിട്ടിരുന്നതെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക് പെന്‍സ് പറഞ്ഞു.

ആദില്‍ ജുബൈറിനെ കൊലപ്പെടുത്താന്‍ നടന്ന നീക്കങ്ങള്‍ അന്ന് അമേരിക്കന്‍ സുരക്ഷാ ഏജന്‍സികള്‍ പരാജയപ്പെടുത്തുകയായിരുന്നുവെന്നാണ് മൈക് പെന്‍സ് അറിയിച്ചത്. സൗദിയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളിലും അമേരിക്കയിലെ ഭീകരാക്രമണങ്ങളിലും സൊലേമാനിക്ക് പങ്കുണ്ടായിരുന്നുവെന്നും അമേരിക്ക ആരോപിച്ചു. ആക്രമണങ്ങള്‍ക്ക് ആവശ്യമായ ആധുനിക ആയുധങ്ങളും ഷെല്ലുകളും ഭീകരര്‍ക്ക് എത്തിച്ചു നല്‍കുകയും അവര്‍ക്ക് പരിശീലനങ്ങളും നിര്‍ദേശങ്ങളും നല്‍കി. 603 അമേരിക്കന്‍ സൈനികരുടെ മരണത്തിലും ആയിരക്കണക്കിന് അമേരിക്കന്‍ സൈനികര്‍ക്ക് പരിക്കേറ്റതിലും ഖാസിം സൊലേമാനിക്ക് പങ്കുണ്ടെന്ന് അമേരിക്ക ആരോപിച്ചു.

യെമനിലെ ഹൂതികളെ മിസൈല്‍ ആക്രമണങ്ങള്‍ക്ക് പ്രാപ്തമാക്കിയത് ഖാസിം സൊലേമാനിയുടെ നേതൃത്വത്തിലുള്ള അല്‍ ഖുദ്‍സ് ഫോഴ്‍സായിരുന്നു. ഹൂതികളുടെ മിസൈല്‍ ആക്രമണങ്ങളില്‍ നിരവധി സാധാരണക്കാര്‍ കൊല്ലപ്പെട്ടു. സൗദിയിലെ വിമാനത്താവളങ്ങള്‍ ലക്ഷ്യമിട്ടും ഹൂതികള്‍ ആക്രമണം നടത്തി. സൊലേമാനിയെ വധിച്ചതോടെ ലോകം കൂടുതല്‍ സുരക്ഷിതമായി മാറിയെന്നും മൈക് പെന്‍സ് അവകാശപ്പെട്ടു.

click me!