
റിയാദ്: സൗദി അറേബ്യയിലെ പള്ളികളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ട് ഇസ്ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്‍ദുല്‍ലതീഫ് ബിന്‍ അബ്‍ദുല്‍അസീസ് അല്‍ ശൈഖിന്റെ സര്‍ക്കുലര്‍. പള്ളിയുടെ പുറത്തേക്ക് ശബ്‍ദം കേള്‍ക്കുന്ന ഉച്ചഭാഷിണികളുടെ ഉപയോഗം ബാങ്കിനും ഇഖാമത്തിനും മാത്രമായി പരിമിതപ്പെടുത്തണമെന്നാണ് നിര്‍ദേശം. മതകാര്യ മന്ത്രാലയത്തിന്റെ എല്ലാ ശാഖകള്‍ക്കും സര്‍ക്കുലര്‍ കൈമാറിയിട്ടുണ്ട്.
ലൗഡ് സ്‍പീക്കറുകളുടെ പരമാവധി ശബ്‍ദത്തിന്റെ മൂന്നിലൊന്ന് മാത്രമായി ശബ്‍ദം ക്രമീകരിക്കണമെന്നും അറിയിപ്പില്‍ പറയുന്നു. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമുണ്ട്. ബാങ്കിനും നമസ്‍കാരം ആരംഭിക്കുന്നതിന് തൊട്ടുമുമ്പുള്ള ഇഖാമത്തിനും മാത്രമല്ലാതെ നമസ്‍കാര സമയത്തുടനീളം ഉച്ചഭാഷിണികളിലൂടെ ശബ്‍ദം പള്ളികള്‍ക്ക് പുറത്തേക്ക് കേള്‍പ്പിക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് നടപടി. ഇത് പള്ളികള്‍ക്ക് സമീപത്തുള്ള വീടുകളിലെ രോഗികള്‍, പ്രായമായവര്‍, കുട്ടികള്‍ എന്നിവരെ ദോഷകരമായി ബാധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
പുറത്തേക്ക് കൂടി ശബ്‍ദം കേള്‍പ്പിക്കുമ്പോള്‍ ശബ്‍ദങ്ങള്‍ ഇടകലര്‍ന്ന് ഇമാമുമാരുടെ പാരയണം അവ്യക്തമായി മാറുകയും ചെയ്യും. നമസ്‍കാരത്തില്‍ ഉറക്കെ പാരായണം ചെയ്‍ത് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന നബി വചനം കൂടി അടിസ്ഥാനപ്പെടുത്തിയാണ് സര്‍ക്കുലര്‍. ശരീഅത്ത് നിയമപ്രകാരം ഇമാമിന്റെ ശബ്‍ദം പള്ളിക്ക് പുറത്തേക്ക് കേള്‍ക്കണമെന്നില്ലെന്നും ആരും ശ്രദ്ധിക്കാതെ ലൗഡ് സ്‍പീക്കറിലൂടെ ഖുര്‍ആന്‍ പാരായണം കേള്‍പ്പിക്കുന്നത് ഖുര്‍ആനോടുള്ള അനാദരവാണെന്നും സര്‍ക്കുലറില്‍ പറയുന്നു. വിവിധ ഫത്‍വകളുടെ കൂടി അടിസ്ഥാനത്തിലാണ് ഇത്തരമൊരു സര്‍ക്കുലറെന്നും മതകാര്യ മന്ത്രി അഭിപ്രായപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam