
കുവൈത്ത് സിറ്റി: കുവൈത്തിലെ ജഹ്റയിലെ ക്ലിനിക്കിന് മുന്നിൽ എൻജിൻ ഓഫ് ചെയ്യാതെ നിർത്തിയിട്ടിരുന്ന സ്വദേശി പൗരന്റെ കാർ മോഷ്ടിച്ച കേസിൽ കുപ്രസിദ്ധ കുറ്റവാളിയെ കുവൈത്ത് സുരക്ഷാസേന പിടികൂടി. ആഭ്യന്തര മന്ത്രാലയമാണ് വൻ മോഷണശ്രമം തകർത്ത വിവരം അറിയിച്ചത്. ചെറിയൊരു ആവശ്യത്തിനായി എൻജിൻ ഓഫ് ചെയ്യാതെ നിർത്തിയിട്ട വാഹനം അപരിചിതനായ വ്യക്തി ഓടിച്ചുപോയതായി ഉടമ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് ജഹ്റ ഗവർണറേറ്റ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിലെ ഉദ്യോഗസ്ഥർ ഉടനടി അന്വേഷണം ആരംഭിച്ചു. പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതി സഞ്ചരിച്ച വഴികൾ കേന്ദ്രീകരിച്ച് നടത്തിയ ഊർജ്ജിത തിരച്ചിലിനൊടുവിൽ അന്വേഷണസംഘം പ്രതിയെ കൃത്യമായി തിരിച്ചറിയുകയായിരുന്നു.
പ്രതിയെ വലയിലാക്കിയ പൊലീസ് ഇയാളുടെ പക്കൽ നിന്ന് മോഷ്ടിച്ച വാഹനം വീണ്ടെടുത്തു. പിടിയിലായ വ്യക്തി മുൻപും സമാനമായ രീതിയിൽ വാഹനങ്ങൾ മോഷ്ടിച്ച കേസുകളിൽ ഉൾപ്പെട്ട ആളാണെന്ന് ചോദ്യം ചെയ്യലിൽ തെളിഞ്ഞു. ഇയാളെ തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട ജുഡീഷ്യൽ വിഭാഗത്തിന് കൈമാറി. സ്വത്തുക്കളും വാഹനങ്ങളും സംരക്ഷിക്കുന്നതിനും മോഷണങ്ങൾ തടയുന്നതിനുമായി ക്രിമിനൽ സെക്യൂരിറ്റി സെക്ടർ നടത്തുന്ന ശക്തമായ നടപടികളുടെ ഭാഗമായാണ് ഈ അറസ്റ്റെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
നിമിഷനേരത്തേക്ക് ആണെങ്കിൽ പോലും വാഹനങ്ങളുടെ എൻജിൻ ഓഫ് ചെയ്യാതെ പോകുന്ന പ്രവണത ഒഴിവാക്കണമെന്ന് മന്ത്രാലയം ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി. ഇത്തരം അശ്രദ്ധകൾ മോഷണത്തിന് വഴിയൊരുക്കുമെന്നും അടിസ്ഥാനപരമായ സുരക്ഷാ മുൻകരുതലുകൾ പാലിക്കുന്നത് വാഹന കവർച്ചകൾ ഒരു പരിധി വരെ തടയാൻ സഹായിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam