
മനാമ: ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായി ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം നഷ്ട്ടപ്പെട്ട മലയാളികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അവര്‍ക്കാവശ്യമായ പിന്തുണ ഇന്ത്യന്‍ എംബസി വഴി സാധ്യമാക്കുമെന്ന് ബഹ്റൈന്‍ കേരളീയ സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍ എന്നിവര്‍ അറിയിച്ചു.
ഇന്ത്യന്‍ എംബസിയുടെ ഓണ്‍ലൈന്‍ ഓപ്പണ്‍ ഹൗസില്‍ പരാതിക്കാരുടെ വിഷയങ്ങള്‍ സമാജം ചാരിറ്റി - നോര്‍ക്ക ജനറല്‍ കണ്‍വീനര്‍ കെ. ടി. സലിം, നോര്‍ക്ക ഹെല്‍പ് ഡസ്‌ക്ക് കണ്‍വീനര്‍ രാജേഷ് ചേരാവള്ളി എന്നിവര്‍ ഇന്ത്യന്‍ അംബാസഡറുടെ മുന്‍പാകെ വിശദമാക്കിയിട്ടുണ്ടെന്നും, സമാജം വഴി ഇരകളായവരുടെ വിവരങ്ങള്‍ എംബസിക്ക് നല്‍കി തുടര്‍ നടപടികള്‍ക്ക് സഹായിക്കുമെന്നും അവര്‍ അറിയിച്ചു. ഇക്കാര്യത്തിലും,
ശമ്പള കുടിശിക, ട്രാഫിക് നിയമസഹായം എന്നിവക്കെല്ലാം എംബസി ലീഗല്‍ സെല്ലിന്റെ സഹായം അര്‍ഹര്‍ക്ക് പൂര്‍ണ്ണമായും സൗജന്യമായി നല്‍കണമെന്നും ബഹ്റൈന്‍ കേരളീയ സമാജം ഇന്ത്യന്‍ അംബാസഡറോട് ഓപ്പണ്‍ ഹൗസില്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
എയര്‍ ബബിള്‍ കരാര്‍ പ്രകാരം നിജപ്പെടുത്തിയിരിക്കുന്ന, നാട്ടില്‍ നിന്നും ബഹ്‌റൈനിലേക്ക് വരുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് വരുത്തിയാല്‍ യാത്രാ നിരക്ക് കുറയുമെന്നും കൂടുതല്‍ യാത്രക്കാര്‍ക്ക് തിരികെ വന്ന് ജോലിയില്‍ പ്രവേശിക്കാന്‍ അവസരം ലഭിക്കുമെന്നും സമാജം ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍ ഓപ്പണ്‍ ഹൗസ്സില്‍ നിര്‍ദേശിച്ചു. ഇതിനായി ശ്രമം നടത്തുമെന്ന് അംബാസഡര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ബഹ്റൈന്‍ കേരളീയ സമാജം ഭാരവാഹികള്‍ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam