
അബുദാബി: ആഫ്രിക്കന്‍ വംശജയായ സ്ത്രീ കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിക്കുന്ന വീഡിയോ വ്യാജമാണെന്ന് അബുദാബി പൊലീസ് അറിയിച്ചു. സോഷ്യല്‍ മീഡിയ വഴി ഇത് വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിലാണ് പൊലീസിന്റെ വിശദീകരണം. വീഡിയോ വഴി തെറ്റായ ആരോപണം ഉന്നയിച്ച സ്വദേശികളായ രണ്ട് സഹോദരിമാരെ പൊലീസ് വിളിച്ചുവരുത്തി.
സഹോദരിമാര്‍ തമ്മിലുള്ള ആശയക്കുഴപ്പമാണ് കുട്ടിയെ മറ്റൊരു സ്ത്രീ തട്ടിക്കൊണ്ട് പോയെന്ന ആശങ്കയ്ക്ക് കാരണമെന്ന് പൊലീസ് പറയുന്നു. ഇത് വിവരിച്ച് ഇവര്‍ തയ്യാറാക്കിയ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍ കുട്ടിയെ ആരും തട്ടിക്കൊണ്ട് പോയിട്ടില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് ഫാമിലി ആന്റ് ജുവനൈല്‍ പ്രോസിക്യൂഷന്‍ വിഭാഗം ഇരുവര്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്.
ജനങ്ങളില്‍ അനാവശ്യമായി പരിഭ്രാന്തി പരത്തുകയോ സമൂഹത്തിന്റെ സുരക്ഷയെ ബാധിക്കുകയോ ചെയ്യുന്ന തരത്തിലുള്ള വാര്‍ത്തകളോ ചിത്രങ്ങളോ വീഡിയോ ദൃശ്യങ്ങളോ വിശ്വസിക്കരുതെന്ന് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ആക്ടിങ് ഡയറകര്‍ അറിയിച്ചു. തെറ്റായ വിവരങ്ങള്‍ ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയോ അത് ഷെയര്‍ ചെയ്യുകയോ ചെയ്യുന്നവര്‍ക്കെതിരെ അബുദാബി പൊലീസ് നിയമനടപടിയെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam