എത്ര വില നല്‍കിയും ആ വാഹനം സ്വന്തമാക്കുമായിരുന്നു; ഗുരുവായൂരില്‍ ഥാര്‍ ലേലത്തില്‍ പിടിച്ച പ്രവാസി പറയുന്നു

Published : Jun 06, 2022, 06:39 PM IST
എത്ര വില നല്‍കിയും ആ വാഹനം സ്വന്തമാക്കുമായിരുന്നു; ഗുരുവായൂരില്‍ ഥാര്‍ ലേലത്തില്‍ പിടിച്ച പ്രവാസി പറയുന്നു

Synopsis

 'ആദ്യ ലേലത്തിലും പങ്കെടുക്കാന്‍ ആഗ്രഹിച്ചിരുന്നു. വൈകിയ വേളയിലാണ് ലേലത്തെക്കുറിച്ച് അറിഞ്ഞത്.  യാത്ര ചെയ്യാന്‍ പറ്റാത്ത സാഹചര്യവുമായിരുന്നു അന്ന്. അപ്പോള്‍ ഒരു തുക ദേവസ്വം ബോര്‍ഡിനെ ഇ-മെയില്‍ സന്ദേശത്തിലൂടെ അറിയിച്ചു. പക്ഷേ ആരും അതിന് വേണ്ട പരിഗണന നല്‍കിയില്ല'

ദുബൈ: അമൂല്യമായൊരു വാഹനമാണ് തനിക്ക് ലഭിച്ചിരിക്കുന്നതെന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് നടന്ന ലേലത്തിലൂടെ 'മഹീന്ദ്ര ഥാര്‍' സ്വന്തമാക്കിയ പ്രവാസി മലയാളി വിഘ്‍നേഷ് വിജയകുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഗുരുവായൂരപ്പന് ദക്ഷിണയായി കിട്ടിയ അമൂല്യ സ്വത്താണ് ഈ വാഹനമെന്നും എത്ര വില നല്‍കിയിട്ടാണെങ്കിലും അത് സ്വന്തമാക്കാന്‍ തന്നെയായിരുന്നു ആഗ്രഹമെന്നും ലേലത്തിന് ശേഷം ദുബൈ ബുര്‍ജുമാന്‍ ബിസിനസ് സെന്ററിലെ കമ്പനി ഓഫീസില്‍ വെച്ച് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു തന്റെ പുതിയ കമ്പനിയുടെ ഉദ്ഘാടനം. അതുകൊണ്ടുതന്നെ ലേലത്തില്‍ നേരിട്ട് പങ്കെടുക്കാന്‍ സാധിച്ചില്ല. പകരം പ്രൊജക്ട് മാനേജര്‍ അനൂപിനെയാണ് ലേലത്തിനായി ചുമതലപ്പെടുത്തിയിരുന്നത്. ഒപ്പം അച്ഛനുമുണ്ടായിരുന്നു. ഇന്നലത്തെ തിരക്കുകള്‍ക്ക് ശേഷം രാവിലെ അനൂപിനെ ഫോണില്‍ വിളിച്ച് പറഞ്ഞത് വിലയുടെ കാര്യം നോക്കേണ്ടെന്നും പോയി ലേലം ഉറപ്പിച്ച് മാത്രമേ വരാവൂ എന്നുമായിരുന്നു.

ഏഴ് ഭാഗ്യ നമ്പറായി കണക്കാക്കുന്ന വിഘ്‍നേഷ് ക്ലോസ്ഡ് ടെണ്ടറില്‍ 25 ലക്ഷം രൂപയായിരുന്നു വെച്ചിരുന്നത്. അവസാനം ലേലം അവസാനിച്ചതും ഏഴില്‍ തന്നെയായിരുന്നുവെന്ന് 43 ലക്ഷത്തിന് ലേലം ഉറപ്പിച്ച വിഘ്‍നേഷ് പറയുന്നു. 'ആദ്യ ലേലത്തിലും പങ്കെടുക്കാന്‍ ആഗ്രഹിച്ചിരുന്നു. വൈകിയ വേളയിലാണ് ലേലത്തെക്കുറിച്ച് അറിഞ്ഞത്.  യാത്ര ചെയ്യാന്‍ പറ്റാത്ത സാഹചര്യവുമായിരുന്നു അന്ന്. അപ്പോള്‍ ഒരു തുക ദേവസ്വം ബോര്‍ഡിനെ ഇ-മെയില്‍ സന്ദേശത്തിലൂടെ അറിയിച്ചു. പക്ഷേ ആരും അതിന് വേണ്ട പരിഗണന നല്‍കിയില്ല. 

ഓണ്‍ലൈനിലൂടെ ലേലത്തില്‍ പങ്കെടുക്കാന്‍ അനുമതി ചേദിച്ചെങ്കിലും അതിനൊക്കെ മുമ്പ് ലേലം ഉറപ്പിച്ചു. അതുകൊണ്ടുതന്നെ പിന്നീട് ദേവസ്വം കമ്മീഷണറെ ബന്ധപ്പെട്ട് പുനര്‍ലേലത്തിനുള്ള ആവശ്യമുന്നയിക്കുകയായിരുന്നു. എന്നാല്‍ മുസ്‍ലിമായതുകൊണ്ടാണ് ആദ്യം ലേലം ഉറപ്പിച്ചയാളിന് വാഹനം നല്‍കാത്തതെന്നും അതിനെതിരെയായിരുന്നു തന്റെ നീക്കമെന്ന തരത്തിലുള്ള പ്രചരണം വേദനിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. അത്തരത്തിലുള്ള ഒരാളല്ല താനെന്ന് അടുത്ത് പരിചയമുള്ള എല്ലാവര്‍ക്കും അറിയുന്ന കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

'ഞാന്‍ ഗുരുവായൂരപ്പന്റെ ഭക്തനാണെന്നതിനെ പുറമെ എന്റെ അച്ഛനും അമ്മയും ഗുരുവായൂരപ്പന്റെ കടുത്ത ഭക്തരാണ്. അച്ഛനും അമ്മയ്ക്കും ക്ഷേത്ര ദര്‍ശനങ്ങള്‍ക്കായി വിട്ടുകൊടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നും' വിഘ്‍നേഷ് പറഞ്ഞു. 

Read also: ഗുരുവായൂരപ്പന്‍റെ ഥാർ ഇനി വിഘ്നേഷ് വിജയകുമാറിന് സ്വന്തം, ലേലത്തുക 43 ലക്ഷം + ജിഎസ്‍ടി!

ദുബൈയിലെ അറിയപ്പെടുന്ന വാഹന പ്രേമി കൂടിയായ വിഘ്‍നേഷിന്റെ സ്വകാര്യ ശേഖരത്തില്‍ ആഡംബര കാറുകള്‍ ഉള്‍പ്പെടെ 12 വാഹനങ്ങള്‍  സ്വന്തമായുണ്ട്. 'ചെറുപ്പത്തിലേ വാഹനക്കമ്പമുണ്ടായിരുന്നെങ്കിലും അവ സ്വന്തമാക്കാനുള്ള സാമ്പത്തിക സ്ഥിതിയുണ്ടായിരുന്നില്ല. പിന്നീട് ഗുരുവായൂരപ്പന്റെ അനുഗ്രഹം കൊണ്ട് അവയെല്ലാം സാധ്യമായി. ഫെറാറിയും ബെന്റ്‍ലിയും മേബാക്കും റോള്‍സ് റോയ്സുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ഇനി വരാന്‍ പോകുന്നതും ഇപ്പോള്‍ ഉള്ളതുമടക്കമുള്ള ഒരു വാഹനത്തിനും ഇന്ന് ലഭിച്ച ഥാറിനോളം മൂല്യമില്ലെന്ന് തന്നെയാണ്' വിഘ്‍നേഷ് പറയുന്നത്.  

അങ്ങാടിപ്പുറം സ്വദേശിയായ വിഘ്‍നേഷ് 18 വര്‍ഷമായി ദുബൈയില്‍ ബിസിനസ് നടത്തുകയാണ്. പേഴ്‍സണല്‍ റിലേഷന്‍ഷിപ്പ് സ്ഥാപനത്തില്‍ തുടങ്ങി ഇന്ന് ഏഴ് കമ്പനികള്‍ ഗള്‍ഫിലും രണ്ട് കമ്പനികള്‍ നാട്ടിലുമുണ്ട്. വിദേശ രാജ്യങ്ങളിലും കമ്പനികള്‍ തുടങ്ങിയിട്ടുണ്ട്.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ
36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം