
ദുബൈ: സൂപ്പര്‍ കാറുകളുടെ സൂപ്പര്‍ കാഴ്ചകളായിരുന്നു ദുബായ് സിലിക്കണ്‍ സെന്‍ട്രലിലെ കാര്‍ ഷോ. കരുത്തിലും കഴിവിലും ഒരുപിടി മുന്നിലുള്ള സൂപ്പര്‍ കാറുകളാണ് ഈ പ്രദര്‍ശനത്തിലുണ്ടായിരുന്നത്. യുഎഇയുടെ വിവിധ ഭാഗങ്ങളിലുള്ള വാഹനപ്രേമികളുടെ കൈവശമുള്ള കാറുകളാണ് പൊതുജനങ്ങൾക്ക് കണ്ടറിയാന്‍ ദുബായ് സിലിക്കണ്‍ സെന്‍ട്രലിലേക്കെത്തിയത്. സൂപ്പര്‍ കാറുകൾക്കൊപ്പം പഴമയുടെ പ്രൗഡിയുമായി വിന്റേജ് കാറുകളും ചേര്‍ന്നതോടെ വാഹനപ്രേമികൾക്ക് ഇരട്ടി സന്തോഷം.
2015 മോഡല്‍ ഡോഡ്ജ് ചാര്‍ജര്‍ മോഡിഫൈ ചെയ്താണ് മലയാളിയായ അദ്നാന്‍ പുതിയ രൂപത്തിലെത്തിച്ചത്. പതിനായിരക്കണക്കിന് ദിര്‍ഹമാണ് അദ്നാന്‍ ഈ കാറിനെ രൂപമാറ്റം വരുത്താനാൻ ചെലവഴിച്ചത്. അമേരിക്കയില്‍ നിന്ന് ഇംപോര്‍ട്ട് ചെയ്യുകയായിരുന്നു വണ്ടി. തുടര്‍ന്ന് തന്റെ ആഗ്രഹത്തിനൊപ്പം വണ്ടിയില്‍ മാറ്റങ്ങൾ വരുത്തി. വാഹനത്തിന്റെ ഡിസൈനടക്കമുള്ള കാര്യങ്ങൾ സ്വയം ചെയ്യുകയാണ് അദ്‍നാന്റെ രീതി. ഈ കാറിന്റെ ഓരോ ഇഞ്ചിലും അദ്‍നാന്റെ കരസ്‍പര്‍ശമുണ്ട്. സ്റ്റിയറിങ് മുതല്‍ മ്യൂസിക് സിസ്റ്റം വരെ അടിമുടി മാറ്റിയാണ് അദ്‍നാന്‍ ഈ കാറിനെ പുതുക്കിയെടുത്തിരിക്കുന്നത്.
നല്ലൊരു തുക ചെലവാക്കിയെങ്കിലും ഇന്ന് യുഎഇയില്‍ സിനിമാ ഷൂട്ടിങ്ങിലെയും മറ്റും സൂപ്പര്‍താരമാണ് ഈ കാര്‍. ഒട്ടേറെ സിനിമകളില്‍ ഈ കാര്‍ ഉപയോഗിച്ചിട്ടുണ്ട്. സിനിമകളിലെ സൂപ്പര്‍കാര്‍ സീനുകളിലേക്ക് അണിയറ പ്രവര്‍ത്തകര്‍ ആദ്യം ഓടിയെത്തുന്നത് അദ്‍നാന്റെ അരികിലാണ്. സൂപ്പര്‍കാര്‍ ഷോയില്‍ സാന്നിധ്യമായ ഏക വനിതയാണ് പാക്കിസ്ഥാൻ സ്വദേശി മറിയ മുഹമ്മദ് ഷെഹ്‍സാദ്. 2013 മോഡല്‍ ഡോഡ്ജ് ചാര്‍ജറിനെ അടിമുടി മാറ്റിയിരിക്കുകയാണ് മറിയ. സൂപ്പര്‍ കാറുകൾ തന്റെ സ്വപ്നമായിരുന്നുവെന്നും ആ സ്വപ്നങ്ങൾ സാക്ഷാല്‍ക്കരിച്ചത് അഭിമാനം പകരുന്നുവെന്നുമാണ് മറിയയുടെ പക്ഷം.
ഒരു പോരാളിയുടെ ഭാവങ്ങളോടെ നില്‍ക്കുന്ന മസ്താങ്ങിനും ആരാധകരേറെ. ഒട്ടേറെ മോട്ടോര്‍ ഷോകളില്‍ സമ്മാനാര്‍ഹമായിട്ടുള്ള കാറാണ് ഇത്. ആരെയും ആകര്‍ഷിക്കുന്ന തരത്തില്‍ വര്‍ണങ്ങളും ചിത്രങ്ങളും കൊണ്ട് വേറിട്ട് നില്‍ക്കുന്നവയാണ് ഓരോ കാറുകളും. ബ്ലാക്ക് മാംബ, സ്‍പാര്‍ട്ടന്‍സ് തുടങ്ങിയ സൂപ്പര്‍ കാര്‍ ക്ലബ്ബുകളുടെ പിന്തുണയോടെ യുഎഇ കാര്‍ ക്ലബ്ബാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. പത്തോളം വിന്റേജ് കാറുകളും പ്രദര്‍ശനത്തിലുണ്ടായിരുന്നു. ഒരു കളിപ്പാട്ടം പോലെ ചെറുതായ മിനി കൂപ്പറിന്റെ വിന്റെജ് കാറാണ് സന്ദര്‍ശകരെ ഏറെ ആകര്‍ഷിച്ചത്. ലെക്സസ്, മസ്താങ് എന്നിവയുടെ പഴയകാല സൂപ്പര്‍ കാറുകളെയും പ്രദര്‍ശനത്തില്‍ കാണാം. സൂപ്പര്‍ കാറുകൾക്കൊപ്പം ആവേശം കൂട്ടാന്‍ ഹായ്ബൂസ്, ഡുകാറ്റി തുടങ്ങിയ സൂപ്പര്‍ ബൈക്കുകളും പ്രദര്‍ശനത്തിലുണ്ടായിരുന്നു.
Read also: ഷാർജ ചിൽഡ്രൻസ് റീഡിങ് ഫെസ്റ്റിവല്‍; കുഞ്ഞ് അറിവിന്റെയും വായനയുടെയും വലിയ ലോകം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ