Asianet News MalayalamAsianet News Malayalam

ഷാർജ ചിൽ‍ഡ്രൻസ് റീഡിങ് ഫെസ്റ്റിവല്‍; കുഞ്ഞ് അറിവിന്റെയും വായനയുടെയും വലിയ ലോകം

റീഡിങ് ഫെസ്റ്റിവലിന്റെ അവിഭാജ്യഘടകമായ പുസ്തകോത്സവത്തില്‍ 141 പ്രസാധകരാണ് പങ്കെടുക്കുന്നത്. യുഎഇയില്‍ നിന്നാണ് കൂടുതല്‍ പ്രസാധകരുള്ളത്. ലെബനൻ, ഇന്ത്യ, യുകെ തുടങ്ങി ഒരു ഡസനിലധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രസാധകര്‍ റീഡിങ് ഫെസ്റ്റിവലില്‍ ഉണ്ട്. മലയാളത്തിലടക്കമുള്ള പുസ്തകങ്ങളും ലഭിക്കും.

14th edition of Sharjah childrens reading festival continuing with various programmes afe
Author
First Published May 7, 2023, 11:31 PM IST

ഷാര്‍ജ: കുഞ്ഞ് അറിവിന്റെയും വായനയുടെയും വലിയ ലോകമാണ് ഷാർജ ചിൽ‍ഡ്രൻസ് റീഡിങ് ഫെസ്റ്റിവല്‍. കുട്ടികളുടെ മാത്രം ലോകമാണിത്. കുരുന്നുകളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുകയും വായനാശീലം വളര്‍ത്തുകയുമാണ് മേളയുടെ പ്രധാന ലക്ഷ്യം. കുട്ടികളെ സംബന്ധിച്ച് വിനോദത്തിലൂടെ വിഞ്ജാനത്തിലേക്കെത്തുന്ന മനോഹരമായ അനുഭവമാണ് ചില്‍ഡ്രന്‍സ് റീഡിങ് ഫെസ്റ്റിവല്‍.

ചില്‍ഡ്രൻസ് റീഡിങ് ഫെസ്റ്റിവലിന്റെ പതിനാലാം പതിപ്പാണ് ഇത്തവണത്തേത്. പുസ്തകോല്‍സവത്തിനൊപ്പം കുട്ടികൾക്കായി വ്യത്യസ്തമായ ശില്‍പശാലകളും ഒരുക്കിയിരിക്കുന്നു. ശാസ്ത്രം, റോബോട്ടിക്സ്, കരകൗശല വസ്തുക്കളുടെ നിര്‍മാണം, ചിത്രരചന തുടങ്ങി വിവിധ മേഖലകളെ അധികരിച്ച് ശില്‍പശാലകൾ ഒരുക്കിയിരിക്കുന്നു. കുട്ടികളുടെ മനസിലെ ഭാവനക്ക് അനുസരിച്ച്, അവര്‍ക്ക് ഇഷ്ടമുള്ള തരത്തില്‍ വര്‍ണങ്ങൾ ചാലിച്ച് നിറം ചാര്‍ത്താന്‍ അവസരം നല്‍കുന്നതാണ് ഈ മുറി.

കുട്ടികളുടെ ലോകത്തേക്ക് ഇറങ്ങി ചെല്ലുന്ന ചിത്രങ്ങളുടെ പ്രദര്‍ശനവും റീഡിങ് ഫെസ്റ്റിവലിലെ ആകര്‍ഷണമാണ്. തീര്‍ത്തും വ്യത്യസ്തമായ തരത്തിലാണ് ചിത്രങ്ങൾ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. 46 രാജ്യങ്ങളില്‍ നിന്നായി 1300 ചിത്രകാരൻമാരാണ് ചിത്രങ്ങളൊരുക്കിയത്. അതില്‍ നിന്ന് അവസാന റൗണ്ടിലേക്കെത്തിയ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഷാര്‍ജ ബുക്ക് ഇല്ലസ്ട്രേഷന്‍ പുരസ്കാരവും ഇതിലെ മികച്ച ചിത്രങ്ങൾക്ക് സമ്മാനിച്ചു.

അനിമേഷന്‍ കോൺഫറന്‍സാണ് ഇത്തവണത്തെ മേളയുടെ പ്രധാന ആകര്‍ഷണം. അനിമേഷന്‍ ലോകത്തെ കഥാപാത്രങ്ങളാണോ നമ്മളുമെന്ന് തോന്നിപ്പോകും കോൺഫറൻസ് ഹാളിലേക്കെത്തിയാല്‍. അത്രയേറെ ക്രിയാത്മകമായാണ് അനിമേഷൻ കോണ്‍ഫറൻസ് ഒരുക്കിയിരിക്കുന്നത്. ഇറ്റയിലെ ബെര്‍ഗാമോ അനിമേഷന്‍ ഡെയ്സ് ഫെസ്റ്റിവലുമായി സഹകരിച്ചാണ് അനിമേഷന്‍ കോൺഫറന്‍സ് സംഘടിപ്പിച്ചിരിക്കുന്നത്.

വ്യത്യസ്തമായ ഒട്ടേറെ കലാപാരിപാടികളും ഇത്തവണയുണ്ട്. 136 നാടകങ്ങൾ, റോമിങ് ഷോകൾ, അക്രോബാറ്റ്, സംഗീത കച്ചേരികൾ എന്നിവയും വായനോത്സവത്തിൽ അരങ്ങേറും. മസാക്ക കിഡ്സ് ആഫ്രിക്കാനയുടെ ഷോയ്ക്കായി കുട്ടികളും മുതിര്‍ന്നവരും ഒരു പോലെ കാത്തിരിക്കുന്നു. റീഡിങ് ഫെസ്റ്റിവലിന്റെ അവിഭാജ്യഘടകമായ പുസ്തകോത്സവത്തില്‍ 141 പ്രസാധകരാണ് പങ്കെടുക്കുന്നത്. യുഎഇയില്‍ നിന്നാണ് കൂടുതല്‍ പ്രസാധകരുള്ളത്. ലെബനൻ, ഇന്ത്യ, യുകെ തുടങ്ങി ഒരു ഡസനിലധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രസാധകര്‍ റീഡിങ് ഫെസ്റ്റിവലില്‍ ഉണ്ട്. മലയാളത്തിലടക്കമുള്ള പുസ്തകങ്ങളും ലഭിക്കും.

യുഎഇ സുപ്രീം കൗൺസില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് സുല്‍ത്താൻ ബിൻ മുഹമ്മദ് അല്‍ ഖാസിമി പുസ്തകോല്‍സവം ഉദ്ഘാടനം ചെയ്തു. ട്രെയിന്‍ യുവര്‍ ബ്രെയ്ന്‍ എന്നതാണ് ഇത്തവണത്തെ പുസ്തകോത്സവത്തിന്റെ ആശയം. ഈ മാസം പതിനാല് വരെ പുസ്തകോത്സവം തുടരും.
 


Read also: സൂപ്പര്‍ കാറുകളും വിന്റേജ് കാറുകളും അണിനിരന്ന കാര്‍ ഷോ; ദുബൈ സിലിക്കണ്‍ സെന്‍ട്രലിലെ വിശേഷങ്ങള്‍

Follow Us:
Download App:
  • android
  • ios