
ദോഹ: ഖത്തറിൽ പെരുന്നാളിനോടനുബന്ധിച്ച് വിവിധ കേന്ദ്രങ്ങളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളാണ് വിസിറ്റ് ഖത്തർ ആസൂത്രണം ചെയ്തിരിക്കുന്നത്. പെരുന്നാളും വേനലവധിയുമെത്തുന്ന ജൂണിലെ ആഘോഷ കലണ്ടർ വിസിറ്റ് ഖത്തർ പുറത്തിറക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കലാകാരന്മാർ അണിനിരക്കുന്ന സംഗീത പരിപാടികൾ, കായിക മത്സരം, സാംസ്കാരിക പ്രദർശനം എന്നിവ ഉൾപ്പെടുന്നതാണ് ഒരു മാസം നീണ്ടുനിൽക്കുന്ന മേളകൾ. ഒപ്പം പെരുന്നാളിനോടനുബന്ധിച്ച് സന്ദർശകരെ ആകർഷിക്കാൻ വെടിക്കെട്ടും പുഷ്പമേളയുമുണ്ട്.
ഇത്തവണ പെരുന്നാളിന് കതാറയിലും വക്ര ഓള്‍ഡ് സൂഖിലുമാണ് വെടിക്കെട്ട് അരങ്ങേറുന്നത്. കതാറയില്‍ ഈ മാസം ആറ് മുതല്‍ എട്ട് വരെയും വക്ര ഓള്‍ഡ് സൂഖില്‍ ആറ് മുതല്‍ ഒമ്പത് വരെയുമാണ് വെടിക്കെട്ടുള്ളത്. മാള്‍ ഓഫ് ഖത്തറില്‍ പെരുന്നാള്‍ ദിനം മുതല്‍ 14 വരെ സാംബ കാര്‍ണിവല്‍ നടക്കും. വൈകീട്ട് ആറ്, ഏഴ്, 8.30 എന്നീ സമയങ്ങളിലായാണ് വാദ്യ നൃത്തങ്ങളോടെ സാംബ ഷോ അരങ്ങേറുന്നത്. ഈ മാസം ഏഴിന് മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ 974 ബീച്ചില്‍ ഈദ് കാര്‍ണിവലും ഒരുക്കുന്നുണ്ട്. രാവിലെ എട്ട് മുതല്‍ തുടങ്ങുന്ന പരിപാടികള്‍ രാത്രി 11 വരെ തുടരും. സിറ്റി സെന്റർ മാൾ ജൂൺ നാല് മുതൽ 15 വരെ ഈദ് ഫ്ലവർ ഇവന്റിന് വേദിയാകും. പുഷ്പമേളയുടെ അതിശയ കാഴ്ചകളാണ് സിറ്റി സെന്റർ മാളിൽ ഒരുക്കുന്നത്.
മുശൈരിബ് ഡൗൺ ടൗണിലും ജൂൺ ആറ് മുതൽ പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമാകും. കുട്ടികൾക്കും കുടുംബങ്ങൾക്കുമായി ഒരുക്കുന്ന വൈവിധ്യമാർന്ന ആഘോഷങ്ങൾ ജൂൺ 10 വരെ നീണ്ടുനിൽക്കും. നാടക പ്രേമികൾക്കായി കതാറ കൾചറൽ വില്ലേജിൽ അൽ ബൈത് അൽ മസ്കൂൻ പ്രദർശനം, കുട്ടികൾക്കായി വെൻഡോം മാളിൽ സോണിക് ഹെഡ്ഗേഹോഗ്, ദോഹ ഫെസ്റ്റിവൽ സിറ്റിയിൽ ബ്ലിപ്പി ഗാരേജ്, ജൂൺ ഏഴ് മുതൽ 22 വരെ ക്യു.എൻ.സി.സിയിൽ ലെഗോ ഷോ എന്നിവയും സജീവമാകും. ജൂണിലുടനീളം സന്ദർശകരെ ആകർഷിക്കാൻ വിവിധ പരിപാടികൾ അരങ്ങേറും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam