
കുവൈത്തിൽ അടുത്തിടെയുണ്ടായ വിഷമദ്യ ദുരന്തത്തിനിരയായി ഓര്‍മ്മ നഷ്ടപ്പെട്ട കർണാടക ബെംഗളൂരു സ്വദേശിയായ സൂരജ് ലാമ എന്ന 58കാരൻ. കുവൈത്തില്‍ നിന്നും അധികൃതര്‍ നാടുകടത്തി ഇന്ത്യയിലേക്ക് അയച്ചു. എന്നാല്‍ ബെംഗളൂരു വിമാനത്താവളത്തില്‍ ഇറങ്ങേണ്ട സൂരജ് ലാമയെ വിമാനം കയറ്റി അയച്ചത് കൊച്ചിയിലേക്ക്. ഒക്ടോബർ ആറിന് പുലർച്ചെയാണ് സൂരജ് ലാമ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയത്. പിന്നീട് ഇദ്ദേഹത്തെ കാണാതായി!
കൊച്ചിയിൽ വിമാനം ഇറങ്ങിയ സൂരജ്, മെട്രോയുടെ ഫീഡർ ബസിൽ ആലുവ മെട്രോ സ്റ്റേഷനിൽ എത്തിയതായി അന്വേഷണത്തിൽ ബോധ്യപ്പെട്ടിരുന്നു. പിന്നീട് 10നാണ് സൂരജിനെ കുറിച്ചുള്ള വിവരം ലഭിച്ചത്. പത്തിന് എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. പരിശോധനയിൽ കാര്യമായ അസുഖങ്ങളൊന്നും കണ്ടെത്താതിരുന്നതിനെ തുടർന്നു ഡിസ്ചാർജ് ചെയ്തു. അപ്പോഴൊന്നും ആശുപത്രി അധികാരികൾക്കോ പൊലീസിനോ സൂരജ് ആരാണെന്നോ എങ്ങനെയാണ് കൊച്ചിയിൽ എത്തിയതെന്നോ അറിയില്ലായിരുന്നു. രണ്ടു ദിവസത്തിനു ശേഷമാണു കുവൈത്തിൽ നിന്ന് സൂരജിനെ കൊച്ചിയിലേക്ക് വിമാനം കയറ്റിവിട്ട കാര്യം ബെംഗളൂരുവിലെ സൂരജിന്റെ കുടുംബം അറിയുന്നത്. വിഷമദ്യദുരന്തത്തെ തുടര്‍ന്ന് ഓര്‍മ്മ നഷ്ടപ്പെട്ട സൂരജിനായി തെരച്ചില്‍ തുടര്‍ന്ന കുടുംബം നെടുമ്പാശ്ശേരി പൊലീസില്‍ പരാതി നല്‍കി. ഇതോടെയാണ് ഈ വാര്‍ത്ത പുറംലോകം അറിയുന്നത്. സൂരജിന്‍റെ മകൻ സന്ദൻ ലാമയും പൊലീസും നടത്തിയ അന്വേഷണങ്ങളില്‍ സൂരജിനെ കണ്ടെത്താനായില്ല.
ഓര്‍മ്മ നഷ്ടപ്പെട്ട, കൈവശം പണം ഇല്ലാത്ത, മലയാളം അറിയാത്ത സൂരജിന് എന്ത് സംഭവിച്ചുവെന്നത് ദുരൂഹമായി തുടരുകയാണ്. മറവിരോഗമുള്ള വ്യക്തിയെ നാടുകടത്തിയപ്പോൾ ഇക്കാര്യം വീട്ടുകാരെ ആരെയും അറിയിച്ചില്ല. ബെംഗളൂരുവിലിലേക്ക് വിടുന്നതിന് പകരം കൊച്ചിയിലേക്കാണ് സൂരജ് ലാമയെ വിട്ടത്. സൂരജ് ലാമയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഹേബിയസ് കോർപ്പസ് ഹർജിയുമായി മകൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. പൊലീസ് അന്വേഷണം നടത്തിയിട്ടും ആളെ കണ്ടെത്താനാകാതെ വന്നതോടെ വിഷയത്തില്‍ പ്രവാസി ലീഗൽ സെല്ലും ഇടപെട്ടു. വിദേശകാര്യ മന്ത്രാലയം അന്വേഷണം നടത്തണമെന്നും ഏതു സാഹചര്യത്തിലാണ് മറവിരോഗവും മറ്റ് അസുഖവുമുള്ള വ്യക്തിയെ വീട്ടുകാരെ ആരെയും അറിയിക്കാതെ ബംഗളൂരുവിനു പകരം കൊച്ചിയിലേക്ക് വിട്ടത് തുടങ്ങിയ കാര്യങ്ങൾ കാണിച്ചുകൊണ്ടാണ് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിരിക്കുന്നത്.
ഓഗസ്റ്റ് ആദ്യം കുവൈത്തിലുണ്ടായ വിഷമദ്യദുരന്തമാണ് സൂരജിന്‍റെ ജീവിതം മാറ്റിമറിച്ചത്. ദുരന്തത്തില്‍ നിരവധി ഇന്ത്യക്കാർ ഉൾപ്പെടെ 23 പേർ മരണപ്പെട്ടു. പരിക്കേറ്റ് ആശുപത്രിയിലായവരിൽ കുവൈത്തിൽ ബിസിനസ് ചെയ്തിരുന്ന സൂരജ് ലാമയും ഉൾപ്പെട്ടിരുന്നു. പിതാവ് ഇത്തരത്തില്‍ ആശുപത്രിയിലാണെന്ന് ഏറെ വൈകിയാണ് നാട്ടിലെ കുടുംബം അറിയുന്നത്. ഒടുവിൽ ഈ മാസം ബന്ധുക്കളെ പോലും അറിയിക്കാതെ പരിചയക്കാർ പോലുമില്ലാത്ത കൊച്ചിയിലേക്ക് സൂരജ് ലാമയെ കയറ്റിവിടുകയായിരുന്നെന്നാണ് കുടുംബം പറയുന്നത്.
ജയിലില്‍ ആകുന്ന വ്യക്തികളുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചുവെക്കുന്നത് പതിവാണ്. അവിടെ നിന്നും പിന്നീട് നാടുകടത്തപ്പെടുമ്പോള്‍, എയര്‍പോര്‍ട്ടിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് ഇവര്‍ക്ക് തിരികെ മൊബൈല്‍ ഫോൺ നല്‍കുന്നത്. മിക്കവാറും കേസുകളില്‍ ഫോണിന്‍റെ ബാറ്ററി ചാര്‍ജ് തീര്‍ന്നിട്ടുണ്ടാകും. എയര്‍പോര്‍ട്ടിലേക്കുള്ള യാത്രയില്‍ നാടുകടത്തപ്പെടുന്നവര്‍ക്ക് ഫോൺ ചാര്‍ജ് ചെയ്യാനുള്ള മാര്‍ഗങ്ങളും ഉണ്ടാകില്ല. പണ്ടത്തെ പോലെ ഡയറിയിലൊന്നും കോൺടാക്ട് നമ്പറുകള്‍ എഴുതി സൂക്ഷിക്കുന്ന പതിവ് ആരും പിന്തുടരാത്തതിനാല്‍ ഫോണിലെ കോൺടാക്ട് ആണ് നാട്ടിലുള്ളവരുമായി ബന്ധപ്പെടാനുള്ള മാര്‍ഗം. ജയിലില്‍ നിന്ന് നാട്ടിലേക്ക് നാടുകടത്തപ്പെടുന്നവരുടെ കൈവശം പണവും ഉണ്ടാകാറില്ല. സൂരജ് ലാമയുടേതിന് സമാനമായ രീതിയില്‍ ഒരു തെലങ്കാന സ്വദേശിക്കും അനുഭവം ഉണ്ടായിട്ടുണ്ട്. മൂന്ന് ദിവസത്തിന് ശേഷമാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. പലപ്പോഴും നാടുകടത്തപ്പെട്ട് എയര്‍പോര്‍ട്ടിലെത്തുമ്പോള്‍ ബന്ധുക്കളെ വിളിക്കുന്നതിന് ഫോൺ ചോദിച്ചാല്‍ ആളുകള്‍ കൊടുക്കാറില്ലെന്നും തെലങ്കാന സ്വദേശിയുടെ അനുഭവം ചൂണ്ടിക്കാട്ടി പ്രവാസി ലീഗൽ സെൽ ഗ്ലോബൽ വക്താവ് സുധീർ തിരുനിലത്ത് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.
ഔട്ട്പാസില്‍ വന്ന ആളുകളെ വിമാനം ഇറങ്ങി രണ്ട് മണിക്കൂറൊക്കെ കഴിഞ്ഞാണ് സാധാരണയായി എയര്‍പോര്‍ട്ടിന് പുറത്തേക്ക് വിടുക. ഇത്തരത്തിൽ എത്തിയവരുടെ രേഖകള്‍ വിശദമായി പരിശോധിച്ച ശേഷമാണ് പുറത്ത് വിടുന്നത്. ചില കേസുകളില്‍ അപ്പോഴേക്കും ഇവര്‍ വരുമെന്ന് കരുതി കൂട്ടിക്കൊണ്ടുപോകാന്‍ എത്തുന്ന ബന്ധുക്കള്‍ ആളെ കാണാതെ തിരികെ പോകാറുമുണ്ട്. പരിശോധനക്ക് ശേഷം എയര്‍പോര്‍ട്ടിന് പുറത്ത് എത്തുന്ന ഇവര്‍ പലരോടും ഫോൺ വിളിക്കാനും മറ്റുമുള്ള സഹായങ്ങൾ ചോദിക്കേണ്ട അവസ്ഥയും വരാറുണ്ട്. പലപ്പോഴും ആരും സഹായിക്കാറുമില്ല. മുമ്പ് ഇത്തരത്തില്‍ നാടുകടത്തപ്പെട്ട് നാട്ടിലെത്തിയ വ്യക്തിക്ക് മൂന്ന് ദിവസം ബസ് സ്റ്റാന്‍ഡില്‍ കഴിയേണ്ടി വന്നെന്നും പിന്നീടാണ് വീട്ടുകാര്‍ക്ക് കണ്ടെത്താനായതെന്നും സുധീർ തിരുനിലത്ത് കൂട്ടിച്ചേര്‍ത്തു.
മറവിരോഗവും മറ്റ് അസുഖവുമുള്ള സൂരജ് ലാമയെ കണ്ടെത്തുന്നതിനായി ഊര്‍ജ്ജിതമായ ഇടപെടലുകള്‍ നടത്തിക്കൊണ്ട് പ്രവാസി ലീഗൽ സെല്ലും രംഗത്തുണ്ട്. സൂരജ് ലാമയുടെ വിഷയത്തില്‍ ഹൈക്കോടതിയിലുള്ള കേസില്‍ കേന്ദ്ര, കേരള സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയച്ച് മറുപടി ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസിനോട് അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്നും ഡേ റ്റു ഡേ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അഡ്വ. ജോസ് എബ്രഹാം പറഞ്ഞു. കാണാതായി ആഴ്ചകള്‍ പിന്നിടുമ്പോഴും സൂരജിനെ കണ്ടെത്താനാകുമെന്നും വീട്ടിലേക്ക് കൊണ്ടുപോകാന്‍ കഴിയുമെന്നുമുള്ള പ്രതീക്ഷയിലാണ് അദ്ദേഹത്തിന്‍റെ കുടുംബവും കേസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വ്യക്തികളും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam