വേർപിരിഞ്ഞിട്ട് 21 വർഷം, തങ്ങൾക്ക് പുതുജീവിതം സമ്മാനിച്ച സൗദിയോട് നന്ദി പറയാൻ പോളിഷ് ഇരട്ടകളെത്തി. 21 വർഷങ്ങൾക്ക് മുൻപ് റിയാദിലെ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിൽ വെച്ചായിരുന്നു ഇവരുടെ വിജയകരമായ ശസ്ത്രക്രിയ നടന്നത്.
റിയാദ്: സൗദി അറേബ്യയുടെ കാരുണ്യസ്പർശത്തിൽ പുതുജീവിതം കണ്ടെത്തിയ പോളിഷ് ഇരട്ടകളായ ഓൾഗയും ദാരിയയും, തങ്ങളെ വേർപിരിച്ച ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോ. അബ്ദുള്ള അൽ റബീഅയുമായി കൂടിക്കാഴ്ച നടത്തി. 21 വർഷങ്ങൾക്ക് മുൻപ് റിയാദിലെ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിൽ വെച്ചായിരുന്നു ഇവരുടെ വിജയകരമായ ശസ്ത്രക്രിയ നടന്നത്. തിങ്കളാഴ്ച റിയാദിലെ കെ.എസ്. റിലീഫ് ആസ്ഥാനത്ത് വെച്ചായിരുന്നു റോയൽ കോർട്ട് ഉപദേശകനും സെൻറർ സൂപ്പർവൈസർ ജനറലുമായ ഡോ. അബ്ദുള്ള അൽ റബീഅയുമായുള്ള വൈകാരികമായ ഈ കൂടിക്കാഴ്ച.
തങ്ങളുടെ ജീവിതം മാറ്റിമറിച്ച സൗദി ഭരണകൂടത്തോടും ഡോ. അൽ റബീഅയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘത്തോടും ഓൾഗയും ദാരിയയും ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി. ഈ ശസ്ത്രക്രിയ ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവായിരുന്നു. സ്വന്തമായി ജീവിതം നയിക്കാനും സാധാരണ നിലയിൽ കാര്യങ്ങൾ ചെയ്യാനും ഞങ്ങളെ പ്രാപ്തരാക്കിയത് ഈ സഹായമാണ് -ഇരട്ടകൾ പറഞ്ഞു. സൗദി അറേബ്യ ഇന്ന് ലോകത്തിലെ മാനുഷിക സേവന രംഗത്ത് മുൻനിരയിലാണെന്നും അവർ കൂട്ടിച്ചേർത്തു.
സൗദി സയാമീസ് ഇരട്ട വേർപിരിക്കൽ പദ്ധതി കൈവരിച്ച ആഗോള നേട്ടം സൽമാൻ രാജാവിെൻറയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരെൻറയും അകമഴിഞ്ഞ പിന്തുണയുടെ ഫലമാണെന്ന് അദ്ദേഹം അവരോട് പറഞ്ഞു. കഴിഞ്ഞ 35 വർഷത്തിനിടെ 28 രാജ്യങ്ങളിൽ നിന്നുള്ള 155 ഇരട്ടകളെ പരിചരിക്കുകയും 67 ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു. അതിർവരമ്പുകൾക്കും വംശങ്ങൾക്കും അപ്പുറം മാനവികത ഉയർത്തിപ്പിടിക്കുന്ന സൗദിയുടെ സേവനം ലോകമെമ്പാടുമുള്ള ദുരിതബാധിതർക്ക് ആശ്വാസമാകുന്നു.


