എമിറേറ്റ്സിന് ചിറക് നല്‍കിയ മലയാളി, ജി.ജി.കെ നായര്‍ നിര്യാതനായി

Published : Feb 02, 2021, 08:33 PM IST
എമിറേറ്റ്സിന് ചിറക് നല്‍കിയ മലയാളി, ജി.ജി.കെ നായര്‍ നിര്യാതനായി

Synopsis

യുഎഇ രൂപീകൃതമാവുന്നതിന് മുമ്പ് തന്നെ ഇവിടെ എത്തിയ പ്രവാസികളിലൊരാളായിരുന്നു അദ്ദേഹം. ഡിനാറ്റയില്‍ ജോലി ചെയ്‍തിരുന്ന അദ്ദേഹം 'ഡിനാറ്റ നായര്‍' എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. പിന്നീട് എമിറേറ്റ്സിന് തുടക്കം കുറിച്ചപ്പോള്‍ അതിന് ചുക്കാന്‍ പിടിച്ചവരില്‍ പ്രമുഖനായി. 

ദുബൈ: എമിറേറ്റ്സ് എയര്‍ലൈന്‍സിന്റെ സ്ഥാപകരിലൊരാളും എക്സിക്യൂട്ടീവ് ബോര്‍ഡ് അംഗവുമായിരുന്ന ജി.ജി.കെ നായര്‍ (84) അന്തരിച്ചു. 59 വര്‍ഷം യുഎഇയില്‍ താമസിച്ച ഗോപാലപിള്ള ഗോപാലകൃഷ്‍ണന്‍ നായര്‍ എന്ന ജി.ജി.കെ നായര്‍ തിരുവനന്തപുരം സ്വദേശിയാണ്. 1964ല്‍ ഡിനാറ്റ കമ്പനിയില്‍ അക്കൌണ്ട്സ് മാനേജരായതാണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. എമിറേറ്റ്സിന്റെ എക്സിക്യൂട്ടീവ് കൌണ്‍സിലില്‍ അംഗമായിരുന്ന ഏക ഇന്ത്യക്കാരനായിരുന്നു അദ്ദേഹം.

യുഎഇ രൂപീകൃതമാവുന്നതിന് മുമ്പ് തന്നെ ഇവിടെ എത്തിയ പ്രവാസികളിലൊരാളായിരുന്നു അദ്ദേഹം. ഡിനാറ്റയില്‍ ജോലി ചെയ്‍തിരുന്ന അദ്ദേഹം 'ഡിനാറ്റ നായര്‍' എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. പിന്നീട് എമിറേറ്റ്സിന് തുടക്കം കുറിച്ചപ്പോള്‍ അതിന് ചുക്കാന്‍ പിടിച്ചവരില്‍ പ്രമുഖനായി. രണ്ട് അറബികളും നാല് യൂറോപ്യന്മാരുമായിരുന്നു അന്ന് അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നത്. 2013ല്‍  കമ്പനി സെക്രട്ടറിയായാണ് എമിറേറ്റ്സില്‍ നിന്ന് വിരമിച്ചത്. അതിന് ശേഷവും എമിറേറ്റ്സിന്റെ വിസയില്‍ തന്നെയായിരുന്നു രാജ്യത്ത് തുടര്‍ന്നിരുന്നത്.

തിരുവനന്തപുരം മോഡല്‍ സ്‍കൂളിലും സെന്റ് ജോസഫ് സ്‍കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ബി.എസ്.സി ബിരുദം നേടിയ ശേഷം 1950കളില്‍ റെയില്‍വേയിലും ജോലി ചെയ്‍തു. 1961 ഡിസംബര്‍ 26നാണ് പ്രവാസിയായി ഷാര്‍ജയിലെത്തിയത്. നാട്ടുകാരായ നിരവധിപ്പേര്‍ക്ക് യുഎഇയില്‍ ജോലി നേടിക്കൊടുത്തു. കാറുകളുടെ വലിയൊരു ശേഖരമുണ്ടായിരുന്ന അദ്ദേഹത്തിന്റെ 'ദുബൈ 364' എന്ന ഫാന്‍സി നമ്പറിലുള്ള പഴയ മേഴ്‍സിഡസ് ബെന്‍സ് കാര്‍ മരണം വരെ സൂക്ഷിച്ചിരുന്നു. 

ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ശനിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് മരണം സംഭവിച്ചത്. ജബല്‍ അലിയിലെ സോനാപൂര്‍ ശ്‍മശാനത്തില്‍ മൃതദേഹം സംസ്‍കരിച്ചു. ഇളയ മകന്‍ നന്ദ നായര്‍ യുഎഇയില്‍ ബാങ്ക് ഉദ്യോഗസ്ഥനാണ്. മറ്റ് രണ്ട് മക്കളും കുടുംബവും കാനഡയിലാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ തൊടുത്തത് നിരവധി ഡ്രോണുകൾ; റഡാർ സംവിധാനത്തിന് കേടുപാട്
ജി7 ഉച്ചകോടിക്കിടെ ഇന്ത്യ-സൗദി ഉഭയകക്ഷി ചർച്ച