സോഷ്യല്‍ മീഡിയയില്‍ പരസ്യം കൊടുത്ത് സ്വന്തം ഫ്ലാറ്റില്‍ ശസ്ത്രക്രിയ‍; യുഎഇയില്‍ യുവതി അറസ്റ്റില്‍

By Web TeamFirst Published Aug 15, 2020, 6:54 PM IST
Highlights

ഉപഭോക്താവെന്ന വ്യാജേന യുവതിയുമായി ബന്ധപ്പട്ടെ വനിതാ ഓഫീസര്‍, ഒരു കോസ്‍മെറ്റിക് ഇഞ്ചക്ഷനുവേണ്ടി അപ്പോയിന്റ്മെന്റ് എടുത്തു. യുവതി നിര്‍ദേശിച്ച സമയത്ത് ഫ്ലാറ്റിലെത്തി, ചികിത്സ തുടങ്ങാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചപ്പോള്‍ ഉദ്യോഗസ്ഥരെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. 

ദുബായ്: സ്വന്തം ഫ്ലാറ്റില്‍ വെച്ച് അനധികൃതമായി കോസ്‍മെറ്റിക് ശസ്ത്രക്രിയകള്‍ നടത്തിയിരുന്ന യുവതി ദുബായില്‍ അറസ്റ്റിലായി. ദുബായ് പൊലീസും ദുബായ് ഹെല്‍ത്ത് അതോരിറ്റിയും നടത്തിയ സംയുക്ത പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. സോഷ്യല്‍ മീഡിയ വഴി പരസ്യം ചെയ്തായിരുന്നു ഇവര്‍ ഉപഭേക്താക്കളെ കണ്ടെത്തിയിരുന്നത്.

പരസ്യങ്ങള്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ഇവരെ നിരീക്ഷിച്ചുവരികയായിരുന്നുവെന്ന് ആന്റി ഇക്കണോമിക് ക്രൈംസ് വകുപ്പ് ഡെപ്യൂട്ട് ഡയറക്ടര്‍ കേണല്‍ ഉമര്‍ മുഹമ്മദ് ബിന്‍ ഹമ്മാദ് പറഞ്ഞു. തുടര്‍ന്ന് ദുബായ് പൊലീസിലെ കൊമേഴ്‍സ്യല്‍ ഫ്രോഡ് ആന്റ് ആന്റി ഹാക്കിങ് സെക്ഷനിലെയും ദുബായ് ഹെല്‍ത്ത് അതോരിറ്റിയുടെയും സംയുക്ത സംഘമാണ് യുവതിയെ കുടുക്കിയത്.

ഉപഭോക്താവെന്ന വ്യാജേന യുവതിയുമായി ബന്ധപ്പട്ടെ വനിതാ ഓഫീസര്‍, ഒരു കോസ്‍മെറ്റിക് ഇഞ്ചക്ഷനുവേണ്ടി അപ്പോയിന്റ്മെന്റ് എടുത്തു. യുവതി നിര്‍ദേശിച്ച സമയത്ത് ഫ്ലാറ്റിലെത്തി, ചികിത്സ തുടങ്ങാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചപ്പോള്‍ ഉദ്യോഗസ്ഥരെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. മെഡിക്കല്‍ ഉപകരണങ്ങളും മറ്റും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. കോസ്‍മെറ്റിക്  ചികിത്സകളായ ബോട്ടോക്സ്, ഫില്ലേഴ്‍സ് തുടങ്ങിയവയ്ക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങിയതിന്റെ ബില്ലുകളും ഇവിടെ നിന്ന് പിടിച്ചെടുത്തു. 

യുവതിക്ക് നാട്ടില്‍ വെച്ച് ചികിത്സാ രീതികളില്‍ ഉണ്ടായ പരിചയം മുന്‍നിര്‍ത്തിയായിരുന്നു ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെ നടത്തിയിരുന്നത്. കൊവിഡ് കാലത്ത് പ്ലാസ്റ്റിക് സര്‍ജറി ചികിത്സാ കേന്ദ്രങ്ങളും ക്ലിനിക്കുകളും അടച്ചിട്ടിരുന്നതിനാല്‍ അവസരം ഉപയോഗപ്പെടുത്തുകയും ചെയ്തു. ഓണ്‍ലൈന്‍ പരസ്യങ്ങളുടെ ചതിക്കുഴികളില്‍ വീഴരുതെന്ന് പൊലീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. അംഗീകൃത മെഡിക്കല്‍ കേന്ദ്രങ്ങളില്‍ നിന്നും ലൈസന്‍സുള്ള പ്രൊഫഷണലുകളില്‍ നിന്നും മാത്രമേ ആരോഗ്യപരമായ സേവനങ്ങള്‍ തേടാവൂ എന്നും അറിയിച്ചിട്ടുണ്ട്.

click me!