കുഞ്ഞിനെയും കയ്യിലെടുത്ത് ഒരു മാസമായി ഭിക്ഷാടനം; കൈവശം വമ്പൻ തുക, പിടികൂടിയപ്പോള്‍ അന്തംവിട്ട് പൊലീസ്

By Web TeamFirst Published Mar 4, 2024, 1:06 PM IST
Highlights

പള്ളികള്‍ക്കും താമസസ്ഥലങ്ങള്‍ക്കും സമീപം ഒരു മാസം ഭിക്ഷയെടുത്താണ് ഇവര്‍ പണം നേടിയത്. രണ്ടാഴ്ച മുമ്പാണ് ഇവര്‍ പിടിയിലായത്.

ദുബൈ: ഭിക്ഷാടകയില്‍ നിന്ന് പൊലീസ് കണ്ടെടുത്തത് ലക്ഷങ്ങള്‍. ദുബൈയിലാണ് സംഭവം. ഭിക്ഷാടകയെ പിടികൂടിയപ്പോഴാണ് കൈവശമുണ്ടായിരുന്ന വൻ തുക ദുബൈ പൊലീസ് കണ്ടെത്തിയത്.

ഏഷ്യക്കാരിയായ സ്ത്രീയില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. ഒരു കുഞ്ഞുമായി ഭിക്ഷാടനം നടത്തിയ ഇവരുടെ പക്കല്‍ നിന്ന് വിവിധ രാജ്യത്തെ കറന്‍സികള്‍ പിടികൂടി. ആകെ 30,000 ദിര്‍ഹം (ഏകദേശം ആറ് ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ) ആണ് പിടിച്ചെടുത്തത്. പള്ളികള്‍ക്കും താമസസ്ഥലങ്ങള്‍ക്കും സമീപം ഒരു മാസം ഭിക്ഷയെടുത്താണ് ഇവര്‍ പണം നേടിയത്. രണ്ടാഴ്ച മുമ്പാണ് ഇവര്‍ പിടിയിലായത്. വിസിറ്റ് വിസയിലാണ് ഇവര്‍ രാജ്യത്തെത്തിയത്. ഇവരെ ദുബൈ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഈ വര്‍ഷം ഇതുവരെ പിടികൂടിയ ഭിക്ഷാടനവുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രധാനപ്പെട്ടതാണ് ഇതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ദുബൈ പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 

Read Also - പ്രവാസികൾ ഒത്തുചേരുന്ന സ്ഥലങ്ങളിലും വഴിയോരക്കച്ചവട കേന്ദ്രങ്ങളിലും പരിശോധന; 43 പേര്‍ അറസ്റ്റിൽ

യാചകര്‍ മറ്റുള്ളവരുടെ സഹതാപം പിടിച്ചുപറ്റുന്നതിനായി പല മാര്‍ഗങ്ങളും സ്വീകരിക്കുമെന്നും ഇതില്‍ വഞ്ചിതരാകരുതെന്നും ദുബൈ പൊലീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. മറ്റൊരു സംഭവത്തില്‍ ദുബൈ പൊലീസ് 70,000 ദിര്‍ഹവും 60,000 ദിര്‍ഹവും കൈവശം വെച്ച ഭിക്ഷാടകരെ അറസ്റ്റ് ചെയ്തിരുന്നു. റമദാനില്‍ കഴിഞ്ഞ നാല് വര്‍ഷങ്ങളിലായി ആകെ 1,700 ഭിക്ഷാടകരാണ് പിടിയിലായത്. 

ആളുകളില്‍ നിന്ന് പണം ലഭിക്കുന്നതിനായി പല മാര്‍ഗങ്ങളാണ് യാചകര്‍ സ്വീകരിച്ച് വരുന്നത്. ഇത്തരം സംഭവങ്ങള്‍ ദുബൈ പൊലീസ് നിരന്തരം നിരീക്ഷിച്ച് വരികയാണ്. സ്വന്തം നാട്ടില്‍ മോഡലായി ജോലി ചെയ്യുന്ന യുവതി ദുബൈയിലെ ഒരു മാളിലെത്തിയ ശേഷം എനിക്ക് പണം വേണം, ധനികനായ ഭര്‍ത്താവിനെ വേണം എന്ന ബോര്‍ഡും പിടിച്ച് നിന്ന സംഭവവും പൊലീസ് ചൂണ്ടിക്കാട്ടി. ഒരു ക്ലിനിക് തുടങ്ങാന്‍ പണം ആവശ്യമാണ് എന്ന് എഴുതിയെ ബോര്‍ഡുമായാണ് മറ്റൊരു യുവതിയെ കണ്ടെത്തിയത്. ഈ രണ്ട് സംഭവങ്ങളിലും പൊലീസ് വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.  

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!