ദുബായില്‍ ബസില്‍ വെച്ച് ശല്യം ചെയ്തയാളെ 40 ദിവസത്തിന് ശേഷം യുവതി നാടകീയമായി കുടുക്കി

By Web TeamFirst Published Dec 12, 2018, 4:05 PM IST
Highlights

ഇരുന്നപ്പോള്‍ മുതല്‍ ബസിലുണ്ടായിരുന്ന ഒരാള്‍ തന്നെ രൂക്ഷമായി നോക്കാന്‍ തുടങ്ങിയെന്ന് യുവതി പറഞ്ഞു. കുറച്ച് നേരം കഴിഞ്ഞപ്പോള്‍ ഇയാള്‍ പിന്നിലുള്ള സീറ്റിലേക്ക് മാറിയിരുന്നു. പിന്നീട് തന്റെ ശരീരത്തില്‍ എന്തോ തട്ടുന്നത് പോലെ തോന്നിയെങ്കിലും സീറ്റിന്റെ വശത്തുള്ള കൈപ്പിടിയായിരിക്കുമെന്ന് കരുതി ആദ്യം അവഗണിച്ചു

ദുബായ്: ദുബായില്‍ ബസില്‍ യാത്ര ചെയ്യവെ തന്നെ ശല്യം ചെയ്തയാളെ 40 ദിവസങ്ങള്‍ക്ക് ശേഷം യുവതി കണ്ടെത്തി. നഹ്ദയില്‍ നിന്ന് ബസില്‍ യാത്ര ചെയ്ത 28വയസുള്ള ഏഷ്യക്കാരിക്കാണ് ബസില്‍ ദുരനുഭവം നേരിടേണ്ടി വന്നത്. എന്നാല്‍ യുവതിയുടെ സൗന്ദര്യം കണ്ടപ്പോള്‍ താന്‍ മറ്റൊന്നും ആലോചിച്ചില്ലെന്നായിരുന്നു പ്രതി പൊലീസിനോട് പറഞ്ഞതെന്ന് എമിറാത്ത് അല്‍ യൗം പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

ദുബായ് റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതോരിറ്റിയുടെ ബസില്‍ സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കുമായി മാറ്റിവെച്ചിരിക്കുന്ന സ്ഥലത്ത് തിരക്കായിരുന്നതിനാല്‍ മുകള്‍ നിരയിലെ സീറ്റിലാണ് യുവതി ഇരുന്നത്. മറ്റ് മൂന്ന് സ്ത്രീകളും ഇവര്‍ക്ക് മുന്നിലുണ്ടായിരുന്നു. ഇരുന്നപ്പോള്‍ മുതല്‍ ബസിലുണ്ടായിരുന്ന ഒരാള്‍ തന്നെ രൂക്ഷമായി നോക്കാന്‍ തുടങ്ങിയെന്ന് യുവതി പറഞ്ഞു. കുറച്ച് നേരം കഴിഞ്ഞപ്പോള്‍ ഇയാള്‍ പിന്നിലുള്ള സീറ്റിലേക്ക് മാറിയിരുന്നു. പിന്നീട് തന്റെ ശരീരത്തില്‍ എന്തോ തട്ടുന്നത് പോലെ തോന്നിയെങ്കിലും സീറ്റിന്റെ വശത്തുള്ള കൈപ്പിടിയായിരിക്കുമെന്ന് കരുതി ആദ്യം അവഗണിച്ചു. ഇത് ആവര്‍ത്തിച്ചപ്പോഴാണ്  യുവതി പിന്നിലേക്ക് നോക്കിയത്. സീറ്റിനും വിന്‍ഡോയ്ക്കും ഇടയിലുള്ള സ്ഥലത്തുകൂടി പ്രതി കൈ കടത്തി യുവതിയുടെ ശരീരത്തില്‍ പിടിക്കുകയായിരുന്നു.

സീറ്റില്‍ നിന്ന് എഴുനേറ്റ് ഇവര്‍ ബഹളം വെയ്ക്കാന്‍ തുടങ്ങിയതോടെ ഇയാള്‍ തൊട്ടടുത്ത സ്റ്റോപ്പില്‍ തന്നെ ഇറങ്ങി. ഇതോടെ യുവതി ഡ്രൈവറോട് പരാതിപ്പെട്ടു. ബസില്‍ നിന്ന് ഇറങ്ങിയയാള്‍ തന്നെ ശല്യം ചെയ്തുവെന്നും ബസിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ അതിന് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോരിറ്റിയെ സമീപിക്കണമെന്നായിരുന്നു ഡ്രൈവറുടെ നടപടി. ആര്‍ടിഎ അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ പൊലീസില്‍ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ പൊലീസ് യുവതിയെ ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമായില്ല എന്ന് അറിയിച്ചു. അഞ്ച് ദിവസം കഴിയുമ്പോള്‍ സിസിടിവി ദൃശ്യങ്ങള്‍ തനിയെ നഷ്ടമാകുന്നതാണ് ഇതിന് കാരണം. പ്രതിയായ വ്യക്തിയെ ഇനി കാണുകയാണെങ്കില്‍ അയാളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി പൊലീസിന് കൈമാറണമെന്നും നിര്‍ദ്ദേശിച്ചു. 40 ദിവസങ്ങള്‍ക്ക് ശേഷം അതേ റൂട്ടില്‍ ബസില്‍ യാത്ര ചെയ്യവെ ഇയാളെ വീണ്ടും കണ്ടുമുട്ടുകയായിരുന്നു.

ശല്യം ചെയ്ത ദിവസം ധരിച്ചിരുന്നതിന് സമാനമായ വസ്ത്രം തന്നെ ഇയാള്‍ അന്നും ധരിച്ചിരുന്നതിനാല്‍ തിരിച്ചറിയാന്‍ പ്രയാസമുണ്ടായില്ല. ഇതോടെ യുവതി അയാള്‍ അറിയാതെ ദൃശ്യങ്ങള്‍ പകര്‍ത്തി പൊലീസിന് കൈമാറി. ഇയാള്‍ ബസിലെ പതിവ് യാത്രക്കാരനാണെന്ന സംശയവും പൊലീസിനെ അറിയിച്ചു. തൊട്ടടുത്ത ദിവസം ബസില്‍ പൊലീസ് സംഘവും കാത്തുനിന്നു. യുവതി ഇയാളെ തിരിച്ചറിഞ്ഞതോടെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. സുന്ദരിയായ യുവതിയെ കണ്ടപ്പോള്‍ താന്‍ മറ്റൊന്നും ആലോചിച്ചില്ലെന്നായിരുന്നു ഇയാളുടെ മറുപടി. ബസില്‍ നിന്ന് കരഞ്ഞുകൊണ്ട് ഇറങ്ങിയത് കണ്ട സഹയാത്രികരുടെയും ബസ് ഡ്രൈവറുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി.

click me!