ഭര്‍ത്താവിന്റെ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്‍ത ഭാര്യക്ക് ശിക്ഷ വിധിച്ച് യുഎഇ കോടതി

By Web TeamFirst Published Dec 11, 2020, 11:56 AM IST
Highlights

ഭര്‍ത്താവിന്റെ ഉടമസ്ഥതയിലുള്ള മസാജ് സെന്ററിന്റെ ഇന്‍സ്റ്റഗ്രാം, സ്നാപ്ചാറ്റ് അക്കൗണ്ടുകളുടെ പാസ്‍വേഡ് മാറ്റുകയായിരുന്നുവെന്നാണ് കോടതി രേഖകള്‍ വ്യക്തമാക്കുന്നത്.

റാസല്‍ഖൈമ: ഭര്‍ത്താവിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്‍ത ഭാര്യക്ക് റാസല്‍ഖൈമ കോടതി 5000 ദിര്‍ഹം പിഴ ശിക്ഷ വിധിച്ചു. ഭര്‍ത്താവിന്റെ ഉടമസ്ഥതയിലുള്ള മസാജ് സെന്ററിന്റെ ഇന്‍സ്റ്റഗ്രാം, സ്നാപ്ചാറ്റ് അക്കൗണ്ടുകളുടെ പാസ്‍വേഡ് മാറ്റുകയായിരുന്നുവെന്നാണ് കോടതി രേഖകള്‍ വ്യക്തമാക്കുന്നത്.

അനുമതിയില്ലാതെ ഇയാളുടെ ഫോണ്‍ നമ്പറുകള്‍ ഈ അക്കൗണ്ടുകളിലൂടെ പരസ്യപ്പെടുത്തിയതുള്‍പ്പെടെയുള്ള നടപടികള്‍ വഴിയുണ്ടായ മാനനഷ്‍ടത്തിന് 3000 ദിര്‍ഹം നഷ്‍ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചു. സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യുമെന്നും ഭാര്യ ഭീഷണിപ്പെടുത്തിയതായി പരാതിക്കാരന്‍ ആരോപിച്ചു. എന്നാല്‍ മസാജ് സെന്റര്‍ ആരംഭിക്കുന്നതിന് മുമ്പ് 2014ല്‍ താന്‍ തുടങ്ങിയ അക്കൗണ്ടുകളായിരുന്നു ഇവയെന്ന് യുവതി കോടതിയില്‍ വാദിച്ചു.

മസാജ് സെന്റര്‍ തുടങ്ങിയ ശേഷം ഭര്‍ത്താവ് തന്നെ അവിടുത്തെ മാനേജരായി നിയമിച്ചുവെന്നും അതേതുടര്‍ന്ന് ഉപഭോക്താക്കള്‍ക്ക് താന്‍ ഈ സോഷ്യല്‍ മീഡിയ അക്കൗണ്ട് വിവരങ്ങള്‍ നല്‍കുകയായിരുന്നുവെന്നും യുവതി വാദിച്ചു. സ്ഥാപനത്തില്‍ സാമ്പത്തിക ക്രമക്കേട് ഉള്‍പ്പെടെയുള്ള ചില പ്രശ്നങ്ങള്‍ കണ്ടെത്തിയപ്പോള്‍ താന്‍ ഭാര്യയെ ചോദ്യം ചെയ്‍തുവെന്നും ഇതോടെ വനിതാ ഉപഭോക്താക്കളെ ഇവിടെ നിന്ന് അകറ്റുന്നതിനായി തന്റെ നമ്പര്‍ പരസ്യപ്പെടുത്തുമെന്ന് ഭാര്യ ഭീഷണിപ്പെടുത്തിയതായും യുവാവ് കോടതിയില്‍ അറിയിച്ച. 

തുടര്‍ന്ന് ഭാര്യ രണ്ട് അക്കൗണ്ടുകളുടെയും പാസ്‍വേഡ് മാറ്റുകയും യുവാവിന്റെ നമ്പര്‍ പോസ്റ്റ് ചെയ്യുകയും ചെയ്‍തു. ഇത് തനിക്ക് മാനഹാനിയുണ്ടാക്കിയെന്നും തന്റെ സ്ഥാപനത്തിന് ഉപഭോക്താക്കളെ നഷ്ടമായെന്നും ഇയാള്‍ പറഞ്ഞു. സംഭവം അന്വേഷിക്കാന്‍ കോടതി നിയോഗിച്ച ക്രിമിനല്‍ ഡേറ്റാ അനലിസ്റ്റും യുവതി പാസ്‍വേഡ് മാറ്റിയതായി കണ്ടെത്തി.

താന്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ സര്‍വീസ് ഏജന്റ് മാത്രമായിരുന്നു ഭര്‍ത്താവെന്ന് യുവതിയുടെ അഭിഭാഷക കോടതിയില്‍ വാദിച്ചെങ്കിലും യുവതി കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് 5000 ദിര്‍ഹം പിഴയും 3000 ദിര്‍ഹം നഷ്‍ടപരിഹാരവും കോടതി ചെലവുകളും നല്‍കണമെന്ന വിധി പുറപ്പെടുവിച്ചത്.

click me!