
അബുദാബി: ഭര്‍ത്താവ് രാത്രിഭക്ഷണം വാങ്ങിവരാന്‍ മറന്നതിന്റെ പേരില്‍ വിവാഹമോചനം തേടി അറബ് യുവതി. അബുദാബിയിലാണ് സംഭവം. യുഎഇയിലെ അല്‍ ബയാന്‍ പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഭാര്യയെ വീട്ടില്‍ തനിച്ചാക്കി ഭര്‍ത്താവ് സുഹൃത്തുക്കള്‍ക്കൊപ്പം മരുഭൂമിയിലേക്ക് യാത്ര പോയി. തിരികെ വരുമ്പോള്‍ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റില്‍ നിന്നും ബര്‍ഗര്‍ വാങ്ങി വരണമെന്ന് ഭാര്യ പറഞ്ഞിരുന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെ തിരികെയെത്തിയ ഭര്‍ത്താവ് ഭാര്യയുടെ ഭക്ഷണം വാങ്ങാന്‍ മറന്നു. ഇതിനെച്ചൊല്ലി ഇരുവരും തമ്മില്‍ രൂക്ഷമായ വാഗ്വാദം നടക്കുകയും പിന്നീട് ഭാര്യ വീടുവിട്ടുപോവുകയുമായിരുന്നു. ഇതിന് പിന്നാലെയാണ് വിവാഹമോചനം തേടി കോടതിയെ സമീപിച്ചത്.
യാഥാര്‍ത്ഥ്യ ബോധത്തോടെ ജീവിക്കാനുള്ള വിദ്യാഭ്യാസം യുവ ദമ്പതികള്‍ക്ക് നല്‍കേണ്ടത് അനിവാര്യമാണെന്ന് യുഎഇയിലെ അഭിഭാഷകനായ ഹസന്‍ അല്‍ മര്‍സൂഖി പറഞ്ഞു. നിസാരമായ കാര്യങ്ങളുടെ പേരില്‍ വിവാഹമോചനം തേടി കോടതിയെ സമീപിക്കുന്നത് കൂടി വരികയാണെന്നും അദ്ദേഹം പറഞ്ഞു. യുഎഇയിലെ നിയമപ്രകാരം വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയിലെത്തുന്ന അപേക്ഷകളില്‍ ശാരീരിക ഉപദ്രവം പോലുള്ള ഗുരുതരമായ സ്ഥിതിവിശേഷമില്ലെങ്കില്‍ പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാനായി പ്രത്യേക ജഡ്ജിക്ക് മുന്നിലേക്ക് മാറ്റുകയാണ് രീതി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam