
ഫുജൈറ: ഫേസ്‍ബുക്കില്‍ മറ്റൊരാളുടെ ചിത്രത്തിന് ചുവടെ പോസ്റ്റ് ചെയ്ത മോശം കമന്റിന്റെ പേരില്‍ പ്രവാസി വനിതയ്ക്കെതിരെ നടപടി. ഒരേ നാട്ടുകാരിയായ മറ്റൊരു സ്ത്രീയുടെ ഫോട്ടോയ്ക്കാണ് യുവതി കമന്റ് ചെയ്തത്. ഇത് തന്നെ അപമാനിക്കുന്നതാണെന്നാരോപിച്ച് ചിത്രം പോസ്റ്റ് ചെയ്ത സ്ത്രീ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇരുവരും ഒരുമിച്ച് ജോലി ചെയ്യുന്നവരുമാണ്.
പരാതിക്കാരിയുടെ ഫേസ്‍ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രം ഇഷ്ടപ്പെടാതെ വന്നതോടെയാണ് പരാതിക്കാധാരമായ കമന്റ് ചെയ്തത്. ചിത്രം മര്യാദകള്‍ക്ക് നിരക്കുന്നതല്ലെന്ന് സൂചിപ്പിച്ച കമന്റിലെ ചില വാക്കുകള്‍ തന്നെ അപമാനിക്കുന്നതാണെന്ന് ആരോപിച്ച് ഫുജൈറ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ്, യുവതിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും കുറ്റം ചുമത്തി കേസ് പ്രോസിക്യൂഷന് കൈമാറുകയുമായിരുന്നു. ഓണ്‍ലൈന്‍ വഴി അപമാനിച്ചെന്ന കുറ്റത്തിന് പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
യുവതി പ്രോസിക്യൂഷന് മുന്നിലും കോടതിയിലും കുറ്റം സമ്മതിച്ചു. ചിത്രം കണ്ടപ്പോള്‍ തനിക്ക് അത്രയധികം അസ്വസ്ഥതയുണ്ടായെന്നും, തനിക്ക് പരാതിക്കാരിയുടെ രക്ഷിതാക്കളെ പരിചയമുള്ളതിനാല്‍ അവര്‍ക്കും ആ ചിത്രം ഇഷ്ടപ്പെടില്ലെന്നും യുവതി കോടതിയില്‍ പറഞ്ഞു. എന്നാല്‍ എത്ര മുതിര്‍ന്നയാളാണെങ്കിലും തന്റെ സംരക്ഷണം ഏറ്റെടുക്കേണ്ട കാര്യം പ്രതിക്കില്ലെന്നായിരുന്നു പരാതിക്കാരിയുടെ പക്ഷം. തനിക്ക് സ്വന്തമായ തീരുമാനങ്ങളും അവകാശങ്ങളെക്കുറിച്ച ബോധ്യവുമുണ്ട്. മറ്റൊരാള്‍ക്ക് ശല്യമാവാത്ത വിധത്തില്‍ ഫേസ്‍ബുക്കില്‍ എന്തും പോസ്റ്റ് ചെയ്യാനുള്ള സ്വാതന്ത്ര്യം തനിക്കുണ്ടെന്നും പരാതിക്കാരി പറഞ്ഞു. കേസില്‍ വിധി പറയാനായി കോടതി മാറ്റിവെച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam