
ജോര്‍ദാന്‍: ഭര്‍ത്താവിനെ ഭാര്യ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം ശരീരത്തില്‍ തിളച്ച വെള്ളമൊഴിച്ചു. ജോര്‍ദാനിലെ മഫ്രാഖ് എന്ന സ്ഥലത്താണ് സംഭവം ഉണ്ടായത്. അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തി കൊണ്ട് നാലുതവണയാണ് യുവതി ഭര്‍ത്താവിനെ കുത്തിയത്. പിന്നീട് ശരീരത്തില്‍ തിളച്ച വെള്ളമൊഴിച്ചു. ഗുരുതര പരിക്കേറ്റ യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. ഇയാളുടെ നില ഗുരുതരമാണെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.
യുവതിയെ പൊലീസ് അറസ്റ്റ് ചെയ്ത് ഫാമിലി പ്രൊട്ടക്ഷന്‍ വിഭാഗത്തിലേക്ക് മാറ്റി. മുന്‍കൂട്ടി ആസൂത്രണം ചെയ്തുള്ള കൊലപാതകമാണ് യുവതിക്കെതിരെ ചുമത്തിയിരിക്കുന്നത്. വിമന്‍സ് റിഫോം ആന്‍ഡ് റീഹാബിലിറ്റേഷന്‍ സെന്ററില്‍ യുവതിയെ 15 ദിവസം തടവില്‍ പാര്‍പ്പിക്കും. അതേസമയം യുവതി കുറ്റം സമ്മതിച്ചെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. ദാമ്പത്യ പ്രശ്‌നങ്ങളാണ് ആക്രമണത്തിന് പ്രേരണയായതെന്നും യുവതി സമ്മതിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഈജിപ്തിലും ഇത്തരത്തിലൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. രണ്ടാം വിവാഹം കഴിച്ച ഭര്‍ത്താവിനെ യുവതി കെട്ടിടത്തിന്റെ അഞ്ചാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്കെറിഞ്ഞ് കൊലപ്പെടുത്തി. ഫാര്‍മസിസ്റ്റായ ഭര്‍ത്താവിനെ ഈജിപ്ത് യുവതി തന്റെ വീട്ടുകാരുടെ സഹായത്തോടെ കൊലപ്പെടുത്തുകയായിരുന്നു.
ഈജിപ്തിന് പുറത്ത് ജോലി ചെയ്തിരുന്ന യുവാവ് അവധിക്ക് നാട്ടിലെത്തിയതാണ്. ഇയാള്‍ രണ്ടാമത് വിവാഹം കഴിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇതിനെ എതിര്‍ത്ത യുവതി, തന്റെ പിതാവിനെയും സഹോദരന്മാരെയും മറ്റും ഈ വിവരം അറിയിച്ച് വീട്ടിലേക്ക് വിളിച്ചു വരുത്തി. രണ്ടാം ഭാര്യയുമായുള്ള ബന്ധം വേര്‍പെടുത്തണമെന്ന് ഇവര്‍ യുവാവിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് വിസമ്മതിച്ച യുവാവിനെ പിതാവും സഹോദരങ്ങളും മറ്റ് ചിലരും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയും തുടര്‍ന്ന് അഞ്ചാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് എറിയുകയുമായിരുന്നു. ഇയാളുടെ മകന്റെ കണ്‍മുമ്പിലാണ് കൃത്യം നടന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ