പ്രതിശ്രുത വധുവിന് മഹ്‍ര്‍ നല്‍കിയത് വണ്ടിച്ചെക്ക്; 10 വര്‍ഷത്തിന് ശേഷം കോടതിയെ സമീപിച്ച യുവതിക്ക് അനുകൂല വിധി

By Web TeamFirst Published May 27, 2022, 4:16 PM IST
Highlights

2012ലാണ് 34 വയസുകാരനായ ബഹ്റൈന്‍ സ്വദേശി 26 വയസുകാരിയെ വിവാഹം ചെയ്‍തതെന്ന് കോടതി രേഖകള്‍ വ്യക്തമാക്കുന്നു. അന്ന് മഹ്‍റായി നല്‍കിയ 1000 ബഹ്റൈനി ദിനാറിന്റെ ചെക്ക് (രണ്ട് ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) പണമായി മാറ്റാന്‍ സാധിക്കാത്ത വണ്ടിച്ചെക്കായിരുന്നുവെന്ന് യുവതി പിന്നീട് തിരിച്ചറിയുകയായിരുന്നു. 

മനാമ: പ്രതിശ്രുത വധുവിന് മഹ്‍റായി വണ്ടിച്ചെക്ക് നല്‍കി കബളിപ്പിച്ച സംഭവത്തില്‍ 10 വര്‍ഷത്തിന് ശേഷം നിയമനടപടി. ബഹ്റൈനിലാണ് സംഭവം. കേസ് ആദ്യം പരിഗണിച്ച ശരീഅത്ത് കോടതി മുഴുവന്‍ തുകയും ഭാര്യയ്‍ക്ക് നല്‍കണമെന്ന് ഭര്‍ത്താവിനോട് നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞ ദിവസം ശരീഅത്ത് അപ്പീല്‍ കോടതിയും വിധി ശരിവെച്ചു.

2012ലാണ് 34 വയസുകാരനായ ബഹ്റൈന്‍ സ്വദേശി 26 വയസുകാരിയെ വിവാഹം ചെയ്‍തതെന്ന് കോടതി രേഖകള്‍ വ്യക്തമാക്കുന്നു. അന്ന് മഹ്‍റായി നല്‍കിയ 1000 ബഹ്റൈനി ദിനാറിന്റെ ചെക്ക് (രണ്ട് ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) പണമായി മാറ്റാന്‍ സാധിക്കാത്ത വണ്ടിച്ചെക്കായിരുന്നുവെന്ന് യുവതി പിന്നീട് തിരിച്ചറിയുകയായിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ശരീഅ കോടതിയില്‍ കേസ് ഫയല്‍ ചെയ്യാനായി അടുത്തിടെയാണ് യുവതി ഒരു അഭിഭാഷകയെ സമീപിച്ചത്.

2012ല്‍ നല്‍കിയ വ്യാജ ചെക്കിലെ തുകയായ 1000 ദിനാര്‍ യുവതിക്ക് നല്‍കണമെന്ന് കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു. ഈ ചെക്ക് സ്വീകരിച്ചുകൊണ്ടാണ് താന്‍ വിവാഹം ചെയ്‍തതെന്നും എന്നാല്‍ ഇത് പണമാക്കാന്‍ സാധിക്കില്ലെന്ന് പിന്നീടാണ് മനസിലായതെന്നും യുവതി പറഞ്ഞു. പിന്നീട് ആവശ്യപ്പെട്ടെങ്കിലും പണം നല്‍കാന്‍ ഭര്‍ത്താവ് തയ്യാറായില്ല. ഇതോടെയാണ് കേസ് ഫയല്‍ ചെയ്‍തത്. പിശുക്കനായ ഭര്‍ത്താവ് ഭാര്യയ്‍ക്കായി പണം ചെലവഴിക്കാറില്ലെന്നും യുവതിയുടെ അഭിഭാഷക കോടതിയില്‍ പറഞ്ഞു.

മഹ്‍ര്‍ നല്‍കിയത് പോലും തട്ടിപ്പായിരുന്നെന്ന് പിന്നീടാണ് യുവതി മനസിലാക്കിയതെന്നും അഭിഭാഷക കോടതിയില്‍ പറഞ്ഞു. എന്നാല്‍ താന്‍ വിവാഹത്തിന് പണം ചെലവഴിച്ചുവെന്നായിരുന്നു ഭര്‍ത്താവിന്റെ വാദം. ഇത് കോടതി അംഗീകരിച്ചില്ല. വിവാഹമോചനം തേടിയിട്ടില്ലാത്തതിനാല്‍ പണം നല്‍കാന്‍ ഭര്‍ത്താവ് ബാധ്യസ്ഥനാണെന്ന് കോടതി ഉത്തരവിടുകയായിരുന്നു. ഭര്‍ത്താവിനെതിരെ യുവതി പിന്നീട് ക്രിമിനല്‍ കേസും ഫയല്‍ ചെയ്‍തതായി അഭിഭാഷക നേരത്തെ പറഞ്ഞിരുന്നു.

click me!