കാര്‍ഡിലെ പരസ്യം കണ്ട് മസാജിന് പോയ പ്രവാസിയെ കൊള്ളയടിച്ചു; അഞ്ച് യുവതികള്‍ക്ക് യുഎഇയില്‍ ശിക്ഷ

By Web TeamFirst Published Aug 21, 2019, 8:00 PM IST
Highlights

മസാജ് സെന്ററെന്ന പേരില്‍ ഫോണ്‍ നമ്പര്‍ അച്ചടിച്ച കാര്‍ഡുകള്‍ വിതരണം ചെയ്താണ് പ്രതികള്‍ ആളുകളെ ആകര്‍ഷിച്ചത്. കാര്‍ഡിലെ ഫോണ്‍ നമ്പര്‍ കണ്ട് വാട്സ്ആപ് വഴി ബന്ധപ്പെട്ട നേപ്പാളി പൗരനെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

ദുബായ്: റോഡില്‍ നിന്ന് ലഭിച്ച കാര്‍ഡിലെ നമ്പറില്‍ ബന്ധപ്പെട്ട് മസാജിനായി ചെന്ന പ്രവാസിയെ കൊള്ളയടിച്ച കേസില്‍ യുവതിക്ക് ശിക്ഷ വിധിച്ചു. നേപ്പാളി പൗരന്റെ 60,300 ദിര്‍ഹം കവര്‍ന്ന ആഫ്രിക്കക്കാരി ആറ് മാസം ജയില്‍ ശിക്ഷ അനുഭവിക്കണം. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് നാല് സ്ത്രീകളെയും കോടതി ശിക്ഷിച്ചു.

അന്യായമായി തടങ്കലില്‍ വെച്ചതിനും മോഷണത്തിനുമാണ് ശിക്ഷ. ജയില്‍ ശിക്ഷ അനുഭവിച്ച ശേഷം എല്ലാവരെയും നാടുകടത്താനും കോടതി ഉത്തരവിട്ടു. 2018 ജൂണ്‍ 10ന് നടന്ന സംഭവത്തില്‍ അല്‍ റഫാ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മസാജ് സെന്ററെന്ന പേരില്‍ ഫോണ്‍ നമ്പര്‍ അച്ചടിച്ച കാര്‍ഡുകള്‍ വിതരണം ചെയ്താണ് പ്രതികള്‍ ആളുകളെ ആകര്‍ഷിച്ചത്. കാര്‍ഡിലെ ഫോണ്‍ നമ്പര്‍ കണ്ട് വാട്സ്ആപ് വഴി ബന്ധപ്പെട്ട നേപ്പാളി പൗരനെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

അല്‍ റഫായിലെ ഫ്ലാറ്റിനുള്ളില്‍ കടന്നയുടന്‍ എട്ട് സ്ത്രീകള്‍ ചേര്‍ന്ന് തന്നെ പിടിച്ചുവെയ്ക്കുകയും കൈയിലുണ്ടായിരുന്ന 60,300 ദിര്‍ഹം തട്ടിയെടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പരാതിയില്‍ നേപ്പാളി യുവാവ് ആരോപിച്ചു. പണം ലഭിച്ചതോടെ തന്നെ പോകാന്‍ അനുവദിച്ചു. പിന്നീട് പ്രതികളും ഇവിടെനിന്ന് മുങ്ങി. യുവാവിന്റെ പരാതിപ്രകാരം അന്വേഷണം നടത്തിയ പൊലീസ് പ്രതികളെ പിടികൂടി. തട്ടിപ്പിനിരയായ യുവാവ് ഇവരെ തിരിച്ചറിയുകയും ചെയ്തു.

പ്രതികള്‍ കുറ്റം സമ്മതിച്ചതായി ഇവരെ ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കാര്‍ഡുകള്‍ വഴി പരസ്യം ചെയ്ത് ആളുകളെ ക്ഷണിച്ച് പണം തട്ടാന്‍ വേണ്ടി തന്നെയാണ് തങ്ങളെ യുഎഇയില്‍ എത്തിച്ചതെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു. ഇവര്‍ ഉപയോഗിച്ചിരുന്ന ഫ്ലാറ്റില്‍ സിസിടിവി ക്യാമറകള്‍ ഉണ്ടായിരുന്നില്ല. വിധിയില്‍ പ്രതിഭാഗം അപ്പീല്‍ നല്‍കിയിട്ടില്ല.

click me!