സൗദിയില്‍ ഡ്രൈവിങ്ങിന് പിന്നാലെ സൈനിക മേഖലയിലേക്കും വനിതകള്‍

By Web TeamFirst Published Feb 7, 2019, 12:57 AM IST
Highlights

സൗദിയിൽ ചരിത്രം കുറിച്ച് സൈനിക മേഖലയിലേക്കും വനിതകൾ. പരിശീലനത്തിനായുള്ള അപേക്ഷ ഈ മാസം 10 മുതൽ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 

റിയാദ്: സൗദിയിൽ ചരിത്രം കുറിച്ച് സൈനിക മേഖലയിലേക്കും വനിതകൾ. പരിശീലനത്തിനായുള്ള അപേക്ഷ ഈ മാസം 10 മുതൽ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. റിയാദ് കിംഗ് ഫഹദ് സെക്യൂരിറ്റി കോളേജിന് കീഴിലുള്ള വനിതാ സെക്യൂരിറ്റി പരിശീലന കേന്ദ്രത്തിൽ പ്രൈവറ്റ് റാങ്കിൽ വനിതകൾക്ക് പ്രവേശനം നേടാമെന്ന് ആഭ്യന്തര മന്ത്രാലയമാണ് അറിയിച്ചത്.

അപേക്ഷകൾ ഈ മാസം 10 മുതൽ 14 വരെ സ്വീകരിക്കുമെന്ന് മന്ത്രാലയത്തിന് കീഴിലെ സൈനിക കാര്യാ അണ്ടർ സെക്രട്ടറിയേറ്റ് അറിയിച്ചു. 21 മുതൽ 35 വയസ്സുവരെ പ്രായമുള്ള വനിതകൾക്കാണ് അപേക്ഷിക്കാൻ അർഹത. സൗദിയിൽ ജനിച്ചു വളർന്നവരായിരിക്കണമെന്ന നിബന്ധനയുണ്ട്. രാജ്യത്തിന് പുറത്തു പിതാവിനൊപ്പം വളർന്നവർക്കും അപേക്ഷിക്കാം.

മെഡിക്കൽ പരിശോധന, എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.  വനിതകൾക്ക് വാഹനം ഓടിക്കാൻ അനുമതി നല്കിയതുൾപ്പെടെ വിവിധ മേഖലകളിൽ സ്ത്രീകൾക്ക് കൂടുതൽ പ്രാമുഖ്യം നൽകുന്നതിന്റെ ഭാഗമായാണ് സൈനിക സേവനത്തിനും വനിതകളെ പരിഗണിക്കുന്നത്. 

click me!