അറ്റകുറ്റപ്പണികള്‍ക്ക് പോയ വീട്ടിലെ ജോലിക്കാരിയെ ശല്യം ചെയ്തു; ദുബായില്‍ പ്രവാസി യുവാവിനെതിരെ നടപടി

By Web TeamFirst Published Aug 12, 2020, 11:43 PM IST
Highlights

ഉച്ചയോടെ യുവാവ് വീട്ടിലെത്തിയപ്പോള്‍ അവിടെ ജോലിക്കാരിയും വീട്ടുടമയുടെ കുഞ്ഞും മാത്രമാണുണ്ടായിരുന്നത്. യുവാവ് ബാത്ത്റൂമില്‍ പോയി അറ്റകുറ്റപ്പണികള്‍ നടത്തിയ ശേഷം തകരാര്‍ പരിഹരിക്കപ്പെട്ടോയെന്ന് പരിശോധിക്കാന്‍ ജോലിക്കാരിയോട് ആവശ്യപ്പെട്ടു. 

ദുബായ്: അറ്റകുറ്റപ്പണികള്‍ക്കായി  പോയ വീട്ടിലെ ജോലിക്കാരിയെ ശല്യം ചെയ്ത യുവാവിനെതിരെ ദുബായ് പ്രാഥമിക കോടതിയില്‍ വിചാരണ തുടങ്ങി. 25കാരനായ പ്രവാസിയാണ് കേസിലെ പ്രതി. ബാത്ത് റൂമിലെ അറ്റകുറ്റപ്പണികള്‍ക്കായി പോയ വീട്ടിലുണ്ടായിരുന്ന ഫിലിപ്പൈന്‍ സ്വദേശിനിയെ ശല്യം ചെയ്തുവെന്നാണ് പ്രോസിക്യൂഷന്‍ രേഖകളില്‍ പറയുന്നത്. കഴിഞ്ഞ മാസം നടന്ന സംഭവത്തില്‍ അല്‍ ബര്‍ഷ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. യുവാവ് കസ്റ്റഡിയിലാണ്.

ഉച്ചയോടെ യുവാവ് വീട്ടിലെത്തിയപ്പോള്‍ അവിടെ ജോലിക്കാരിയും വീട്ടുടമയുടെ കുഞ്ഞും മാത്രമാണുണ്ടായിരുന്നത്. യുവാവ് ബാത്ത്റൂമില്‍ പോയി അറ്റകുറ്റപ്പണികള്‍ നടത്തിയ ശേഷം തകരാര്‍ പരിഹരിക്കപ്പെട്ടോയെന്ന് പരിശോധിക്കാന്‍ ജോലിക്കാരിയോട് ആവശ്യപ്പെട്ടു. ഇതനുസരിച്ച് ബാത്ത്റൂമിലേക്ക് ചെന്ന ജോലിക്കാരിയെ യുവാവ് പലതവണ അപമര്യാദയായി സ്‍പര്‍ശിച്ചുവെന്ന് പരാതിയില്‍ പറയുന്നു. യുവാവിനെ തള്ളിമാറ്റിയ ജോലിക്കാരി വീട്ടിലെ ലിവിങ് റൂമിലേക്ക് പോയി. അല്‍പസമയത്തിനകം അവിടെയെത്തിയ യുവാവ് ജോലി പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് അറിയിച്ച് സ്ഥലം വിടുകയായിരുന്നു.

സംഭവം വിവരിച്ച് ജോലിക്കാരി വീട്ടുടമക്ക് ഫോണില്‍ സന്ദേശം അയച്ചു. അവര്‍  ജോലിക്കാരിയെ നിയമിച്ച സ്ഥാപനത്തില്‍ അറിയിച്ച ശേഷം പിന്നീട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസില്‍ ഓഗസ്റ്റ് 27ന് വിചാരണ തുടരും.

click me!