മദ്യലഹരിയില്‍ സഹതൊഴിലാളിയെ കുത്തിക്കൊന്നു; യുഎഇയില്‍ പ്രവാസിക്ക് 10 വര്‍ഷം ജയില്‍ശിക്ഷ

By Web TeamFirst Published May 24, 2021, 3:10 PM IST
Highlights

ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമല്ല. ബഹളം കേട്ട് അടുത്ത മുറികളില്‍ താമസിക്കുന്നവര്‍ എത്തി ഇരുവരെയും പിടിച്ചുമാറ്റാന്‍ ശ്രമിച്ചു. പിന്നീട് പ്രതി അടുക്കളയിലേക്ക് പോയപ്പോള്‍ ഭക്ഷണമെടുക്കാനാണെന്ന് കരുതി മറ്റുള്ളവര്‍ മുറികളിലേക്ക് മടങ്ങി.

അജ്മാന്‍: യുഎഇയിലെ അജ്മാനില്‍ മദ്യലഹരിയില്‍ സഹതൊഴിലാളിയെ കുത്തി കൊലപ്പെടുത്തിയ കേസില്‍ ഏഷ്യക്കാരന് അജ്മാന്‍ ക്രിമിനല്‍ കോടതി 10 വര്‍ഷം തടവുശിക്ഷ വിധിച്ചു. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് പ്രതി, ബ്ലഡ് മണിയായി 200,000 ദിര്‍ഹം നല്‍കാനും കോടതി ഉത്തരവിട്ടു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം താമസസ്ഥലത്ത് വെച്ചാണ് സംഭവം ഉണ്ടായത്. മദ്യലഹരിയിലായിരുന്ന ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പിന്നീട് ഇത് അടിപിടിയായി മാറുകയും പ്രതിയായ 26കാരന്‍, 22കാരനായ സഹതൊഴിലാളിയെ കത്തി കൊണ്ട് വയറ്റില്‍ കുത്തി കൊലപ്പെടുത്തുകയുമായിരുന്നു. കൃത്യത്തിന് ശേഷം സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടാന്‍ പ്രതി ശ്രമിച്ചെങ്കിലും മദ്യപിച്ച് ലക്കുകെട്ടതിനാല്‍ അതിന് സാധിച്ചില്ല. കേസ് പരിഗണിച്ച കോടതി മദ്യപിച്ചതിന് പ്രതിക്ക് ഒരു മാസത്തെ അധിക തടവുകൂടി വിധിച്ചു. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയാല്‍ ഇയാളെ നാടുകടത്തും.

ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമല്ല. ബഹളം കേട്ട് അടുത്ത മുറികളില്‍ താമസിക്കുന്നവര്‍ എത്തി ഇരുവരെയും പിടിച്ചുമാറ്റാന്‍ ശ്രമിച്ചു. പിന്നീട് പ്രതി അടുക്കളയിലേക്ക് പോയപ്പോള്‍ ഭക്ഷണമെടുക്കാനാണെന്ന് കരുതി മറ്റുള്ളവര്‍ മുറികളിലേക്ക് മടങ്ങി. ഇതിന് ശേഷമാണ് പ്രതി കത്തി എടുത്തുകൊണ്ട് വന്ന് യുവാവിനെ കുത്തിയതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. രക്തത്തില്‍ കുളിച്ചുകിടന്ന യുവാവിനെ മറ്റുള്ളവര്‍ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മനപ്പൂര്‍വ്വമാണ് കൊലനടത്തിയതെന്നും മദ്യപിച്ചിട്ടുണ്ടായിരുന്നെന്നും പ്രതി പബ്ലിക് പ്രോസിക്യൂഷനോട് കുറ്റസമ്മതം നടത്തി. 


 

click me!