
കുവൈത്ത് സിറ്റി: കുവൈത്തിലെ (Kuwait) മിനാ അല്‍ അഹ്‍മദി ( Mina Al-Ahmadi refinery) എണ്ണ ശുദ്ധീകരണ ശാലയില്‍ തീപ്പിടുത്തം. തിങ്കളാഴ്‍ച രാവിലെയുണ്ടായ അപകടത്തില്‍ ഇവിടുത്തെ ഏതാനും ജീവനക്കാര്‍ക്ക് പരിക്കേറ്റതായി കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനി (Kuwait National Petroleum Company) അറിയിച്ചു. തീ പിന്നീട് നിയന്ത്രണ വിധേയമാക്കിയതായാണ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയുടെ പ്രസ്‍താവനയില്‍ പറയുന്നത്.
റിഫൈനറിയിലെ അറ്റ്മോസ്‍റഫറിക് റെസിട്യൂ ഡീസള്‍ഫറൈസേന്‍ (എ.ആര്‍.ഡി) യൂണിറ്റുകളിലൊന്നിലാണ് തീപ്പിടുത്തമുണ്ടായത്. റിഫൈനറിയിലെ അഗ്നിശമന വിഭാഗം ഉടന്‍തന്നെ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് ആദ്യം അറിയിച്ച കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനി, പിന്നീട് ഏതാനും പേര്‍ക്ക് പരിക്കേറ്റതായി സ്ഥിരീകരിച്ചു. ചിലര്‍ക്ക് ഗുരുതരമല്ലാത്ത പരിക്കുകള്‍ സംഭവിച്ചുവെന്നും പുകനിറഞ്ഞ് ചിലര്‍ക്ക് ശ്വാസതടസം അനുഭവപ്പെട്ടുവെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് പ്രാഥമിക ശുശ്രൂഷ ലഭ്യമാക്കിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും നില ആശങ്കാജനകമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
റിഫൈനറിയുടെ പ്രവര്‍ത്തനത്തെയോ ഇവിടെ നിന്നുള്ള പ്രാദേശിക എണ്ണ വിതരണത്തെയോ അന്താരാഷ്‍ട്ര കയറ്റുമതിയെയോ ഒരു തരത്തിലും അപകടം ബാധിച്ചിട്ടില്ല. കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനിയുടെ മൂന്ന് എണ്ണ ശുദ്ധീകരണശാലകളില്‍ ഏറ്റവും വലുതാണ് മിനാ അല്‍ അഹ്‍മദി റിഫൈനറി. 1949ലാണ് ഇത് പ്രവര്‍ത്തനം തുടങ്ങിയത്. പത്തര ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന ഇവിടെ നിന്ന് പ്രതിദിനം 4,66,000 ബാരല്‍ പെട്രോളാണ് ഉത്പാദിപ്പിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ