ഇനി പാര്‍ക്കിങ് ഫീസും വാട്സ്ആപ് വഴി അടയ്‍ക്കാം; ദുബൈയില്‍ പുതിയ സംവിധാനം ഉടന്‍

By Web TeamFirst Published Oct 18, 2021, 2:49 PM IST
Highlights

നിലവില്‍ എസ്.എം.എസ് വഴി പാര്‍ക്കിങ് ഫീസ് നല്‍കാനുള്ള സംവിധാനം ദുബൈയിലുണ്ട്. ഇതിനായി 7275 എന്ന നമ്പറിലേക്ക് പ്രത്യേക സന്ദേശമയക്കുകയാണ് ചെയ്യുന്നത്. ഇതേ സന്ദേശം തന്നെ വാട്സ്‍ആപ് വഴി അയക്കുന്ന രീതിയിലാവും പുതിയ ക്രമീകരണം.

ദുബൈ: ദുബൈയിലെ (Dubai) ഡ്രൈവര്‍മാര്‍ക്ക് ഇനി പാര്‍ക്കിങ് ഫീസും വാട്സ്ആപ് (Whatsapp) വഴി അടയ്‍ക്കാന്‍ സൗകര്യമൊരുങ്ങുന്നു. അടുത്ത രണ്ടാഴ്‍ചയ്‍ക്കുള്ളില്‍ പുതിയ സംവിധാനം പ്രാബല്യത്തില്‍ വരുമെന്ന് ദുബൈ റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി (Road Transport Authority) പാര്‍ക്കിങ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടര്‍ (executive director of parking) അഹ്‍മദ് മഹ്‍ബൂബ് അറിയിച്ചു. പുതിയ സംവിധാനം ഇപ്പോള്‍ പരീക്ഷണത്തിലാണെന്നും വൈകാതെ പൊതുജനങ്ങള്‍ക്ക് ലഭ്യമായിത്തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.

നിലവില്‍ എസ്.എം.എസ് വഴി പാര്‍ക്കിങ് ഫീസ് നല്‍കാനുള്ള സംവിധാനം ദുബൈയിലുണ്ട്. ഇതിനായി 7275 എന്ന നമ്പറിലേക്ക് പ്രത്യേക സന്ദേശമയക്കുകയാണ് ചെയ്യുന്നത്. ഇതേ സന്ദേശം തന്നെ വാട്സ്‍ആപ് വഴി അയക്കുന്ന രീതിയിലാവും പുതിയ ക്രമീകരണം. സന്ദേശം അയച്ച് കഴിഞ്ഞാല്‍ ഉപഭോക്താവില്‍ നിന്ന് സ്ഥിരീകരണം വാങ്ങുകയും പാര്‍ക്കിങ് ഫീസിന് തുല്യമായ തുക ഡിജിറ്റല്‍ വാലറ്റില്‍ നിന്ന് പിന്‍വലിക്കപ്പെടുകയുമായിരിക്കും ചെയ്യുന്നത്. കൂടുതല്‍ സൗകര്യപ്രദമെന്നതിലുപരി പാര്‍ക്കിങ് ഫീസ് നല്‍കാനായി എസ്.എം.എസ് അയക്കുമ്പോള്‍ ടെലികോം സേവന ദാതാക്കള്‍ ഈടാക്കുന്ന 30 ഫില്‍സ് ഒഴിവാകുമെന്നതാണ് മറ്റൊരു സവിശേഷത. പാര്‍ക്കിങ് ടിക്കറ്റ് നല്‍കുന്ന സ്ഥലം കൂടുതല്‍ കൃത്യതയോടെ രേഖപ്പെടുത്തുന്നതിനായുള്ള സ്‍മാര്‍ട്ട് മാപ്പ് പരിഷ്‍കരിച്ചിട്ടുണ്ടെന്നും അഹ്‍മദ് മെഹ്‍ബൂബ് അറിയിച്ചു. 

click me!