ചികിത്സയിലിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ നിര്യാതനായി. നാലര പതിറ്റാണ്ടുകാലം സൗദി അറേബ്യയിലെ ജിദ്ദ, റിയാദ്, നജ്‌റാൻ എന്നിവിടങ്ങളിൽ പ്രവാസിയായിരുന്ന അദ്ദേഹം, പ്രവാസലോകത്തെ സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു.
റിയാദ്: ദീർഘകാലം സൗദി അറേബ്യയിൽ പ്രവാസിയും സാമൂഹിക പ്രവർത്തകനുമായിരുന്ന എറണാകുളം വൈപ്പിൻ എടവനക്കാട് സ്വദേശി കുരുടംപറമ്പിൽ അബ്ദുൽ ലത്തീഫ് (73) നിര്യാതനായി. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. നാലര പതിറ്റാണ്ടുകാലം സൗദി അറേബ്യയിലെ ജിദ്ദ, റിയാദ്, നജ്‌റാൻ എന്നിവിടങ്ങളിൽ പ്രവാസിയായിരുന്ന അദ്ദേഹം, പ്രവാസലോകത്തെ സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു.
ജിദ്ദയിലുണ്ടായിരുന്ന സമയത്ത് എടവനക്കാട് നിവാസികളുടെ കൂട്ടായ്മയായ ‘ജിദ്ദ സേവ’ പ്രസിഡൻറായും, തനിമ സാംസ്കാരിക വേദി ശറഫിയ യൂണിറ്റ് പ്രസിഡൻറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പ്രവാസ ജീവിതത്തിന് മുമ്പ് എറണാകുളം മുനവ്വറുൽ ഇസ്ലാം ഹൈസ്‌കൂളിലെ അധ്യാപകനായിരുന്നു. പരേതനായ കോയക്കുഞ്ഞിയാണ് പിതാവ്. ഭാര്യ: ഐശാബി (കൊടുങ്ങല്ലൂർ അയ്യാരിൽ കരിക്കുളം കുടുംബാംഗം). മക്കൾ: അസ്‌ല, കെൻസ. മരുമക്കൾ: ഫാരിസ്, അലീഫ്. തിങ്കളാഴ്ച രാവിലെ 11 മണിയോടെ നായരമ്പലം ജുമാമസ്ജിദ് ഖബറിസ്ഥാനിൽ മയ്യിത്ത് ഖബറടക്കി. അദ്ദേഹത്തിെൻറ നിര്യാണത്തിൽ ജിദ്ദയിലെയും നാട്ടിലെയും വിവിധ സാമൂഹിക സംഘടനകൾ അനുശോചനം രേഖപ്പെടുത്തി.


