
കുവെെത്ത് സിറ്റി: സ്പോൺസർമാരുടെ സാമ്പത്തിക ചൂഷണത്തിനു വിധേയരാകുന്നത് മൂലമാണ് വിദേശികൾ തൊഴിൽ നിയമ ലംഘനത്തിന് നിർബന്ധിതരാകുന്നതെന്ന് കുവൈത്ത് മനുഷ്യാവകാശ സൊസൈറ്റിയുടെ റിപ്പോർട്ട്. സ്പോൺസർമാരുടെ പരാതിയിൽ തൊഴിലാളികളുടെ ഭാഗം കേൾക്കാതെ നാട് കടത്തുന്നത് അന്യായമാണെന്നും സൊസൈറ്റി പുറത്തിറക്കിയ ത്രൈമാസ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
വിസ ലഭിക്കാൻ ആയിരത്തി അഞ്ഞൂറു ദിനാർ വരെയാണ് സ്പോൺസർമാര്‍ക്ക് നൽകേണ്ടി വരുന്നത്. ഇത്തരത്തിൽ രാജ്യത്ത് എത്തുന്ന തൊഴിലാളികൾ സാമ്പത്തിക പ്രയാസം നേരിടുന്നത് മൂലമാണ് പലപ്പോഴും തൊഴിൽ നിയമ ലംഘനം നടത്താൻ നിർബന്ധിതരാകുന്നത്.
സ്പോൺസർ എന്ന നിലയിൽ തൊഴിലാളിയോട് പാലിക്കേണ്ട ഉത്തരവാദിത്തങ്ങൾ നിർവഹിക്കാതെ പണത്തിന് പിറകേയാണ് വീസ കച്ചവടം നടത്തുന്ന സ്പോൺസർമാരില്‍ ഏറിയ പങ്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിസ കച്ചവടം നടത്തുന്നത് തടയാനും അത്തരക്കാര്‍ക്ക് ശിക്ഷ നൽകാനും രാജ്യത്ത് ശക്തമായ നിയമങ്ങളുണ്ടെങ്കിലും അത് നടപ്പാകാറില്ലെന്നും മനുഷ്യാവകാശ സമിതിയുടെ റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.
ചില സ്പോൺസർമാർ തൊഴിലാളികളെ ജോലി ചെയ്യിച്ച ശേഷം ശമ്പളം നൽകില്ലെന്ന് മാത്രമല്ല ചോദിക്കുന്ന തൊഴിലാളികൾക്ക് എതിരെ ഒളിച്ചോട്ടം പോലുള്ള പരാതികളും നൽകി വരുന്നതായി കാണുന്നു. ഇത്തരം കേസുകളിൽ തൊഴിലാളികളുടെ ഭാഗം കേൾക്കാതെ അവരെ നാട് കടത്തുന്നത് അന്യായമാണെന്നും സൊസൈറ്റിയുടെ ത്രൈമാസ അവലോകന റിപ്പോർട്ട് വിരല്‍ ചൂണ്ടുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam