റഫറിയായി അച്ഛൻ, മത്സരാർത്ഥിയായി മകൻ; ലോക കരാട്ടെ വേദിയിൽ കേരളത്തിന്‍റെ അഭിമാനമായി തൃശൂർ സ്വദേശികൾ

Published : Aug 17, 2026, 03:11 PM IST
Thrissur Father Son Duo

Synopsis

കുവൈത്തിൽ നിന്ന് ബ്രസീലിൽ നടക്കുന്ന ലോക കരാട്ടെ ചാമ്പ്യൻഷിപ്പിൽ തൃശൂർ സ്വദേശികളായ അച്ഛനും മകനും പങ്കെടുക്കുന്നു. സെൻസെയ് നൈനാൻ തോമസ് വിതയത്തിൽ റഫറി കമ്മിറ്റി അംഗമാകുമ്പോൾ, മകൻ ഷാവോലിൻ തോമസ് വിതയത്തിൽ മത്സരാർത്ഥിയായി മാറ്റുരയ്ക്കും. ഒരേ വേദിയിൽ വ്യത്യസ്ത ഉത്തരവാദിത്വങ്ങളുമായി എത്തുന്ന ഇവർ കുവൈത്തിലെ മലയാളി സമൂഹത്തിന് അഭിമാനമാവുകയാണ്.

കുവൈത്ത് സിറ്റി: ബ്രസീലിൽ നടക്കുന്ന ലോക കരാട്ടെ ചാമ്പ്യൻഷിപ്പിൽ മലയാളികൾക്ക് അഭിമാനമായി ഒരു അച്ഛനും മകനും. കുവൈറ്റിൽ നിന്ന് തൃശൂർ മുല്ലശ്ശേരി സ്വദേശികളായ സെൻസെയ് നൈനാൻ തോമസ് വിതയത്തിലും മകൻ ഷാവോലിൻ തോമസ് വിതയത്തിലുമാണ് ലോക കരാട്ടെ വേദിയിൽ കേരളത്തിന്റെ സാന്നിധ്യമാകുന്നത്. അച്ഛൻ റഫറി കമ്മിറ്റി അംഗമാകുമ്പോൾ മകൻ മത്സരത്തിൽ പങ്കെടുക്കാനെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.

ഓഗസ്റ്റ് 20 മുതൽ 23 വരെ ബ്രസീലിലാണ് ജപ്പാൻ കരാട്ടെ ഷോട്ടോ ഫെഡറേഷൻ വേൾഡ് ചാമ്പ്യൻഷിപ്പ് (ജെകെഎസ്) നടക്കുക. ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ കരാട്ടെ താരങ്ങളും പരിശീലകരും റഫറിമാരും ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും. ജെകെഎസ് കുവൈത്ത് ആന്‍ഡ് ജെകെഎസ് ഇന്ത്യ ഷാവോലിൻ അക്കാദമി ചെയർമാനും ചീഫ് ഇൻസ്ട്രക്ടറുമായ സെൻസെയ് നൈനാൻ തോമസ് വിതയത്തിൽ ചാമ്പ്യൻഷിപ്പിൽ റഫറി കമ്മിറ്റി അംഗമായാണ് പങ്കെടുക്കുന്നത്. വർഷങ്ങളായി കുവൈത്തിൽ കരാട്ടെ പരിശീലന രംഗത്ത് സജീവമായ അദ്ദേഹം നിരവധി വിദ്യാർഥികൾക്ക് പരിശീലനം നൽകിയിട്ടുണ്ട്.

അച്ഛന്റെ ശിക്ഷണത്തിൽ കരാട്ടെ പരിശീലനം നേടിയ മകൻ ഷാവോലിൻ തോമസ് വിതയത്തിൽ ലോക ചാമ്പ്യൻഷിപ്പിൽ മത്സരാർത്ഥിയായി മാറ്റുരയ്ക്കും. മൂന്ന് ഇനങ്ങളിലാണ് ഷാവോലിൻ മത്സരിക്കുന്നത്. ഒരേ കുടുംബത്തിൽ നിന്ന് അച്ഛനും മകനും വ്യത്യസ്ത ഉത്തരവാദിത്വങ്ങളോടെ ലോക ചാമ്പ്യൻഷിപ്പിന്റെ ഭാഗമാകുന്നു എന്നതാണ് ഇത്തവണത്തെ പ്രത്യേകത. റഫറിയായി അച്ഛനും മത്സരാർത്ഥിയായി മകനും ഒരേ ലോകവേദിയിലെത്തുന്നത് കുടുംബത്തിനൊപ്പം കുവൈത്തിലെ മലയാളി സമൂഹത്തിനും തൃശൂർ മുല്ലശ്ശേരിക്കും അഭിമാനനിമിഷമാകുകയാണ്. ലോകത്തിലെ മികച്ച കരാട്ടെ താരങ്ങൾ മാറ്റുരയ്ക്കുന്ന വേദിയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനുള്ള അവസാനഘട്ട ഒരുക്കങ്ങളിലാണ് അച്ഛനും മകനും. കുവൈത്തിൽ നിന്ന് ബ്രസീലിലേക്കുള്ള ഇവരുടെ യാത്ര ഇനി ലോക കരാട്ടെ വേദിയിലേക്കാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എമിറേറ്റ്സ് ഡ്രോ : 79,766 ഡോളർ മൊത്തം സമ്മാനത്തുക; 25,282 വിജയികൾ
കുവൈത്തിലെ ജലീബ് അൽ ഷുയൂഖിൽ കെട്ടിടത്തിന് തീപിടിച്ച് ഒരാൾ മരിച്ചു; അന്വേഷണം ആരംഭിച്ച് അധികൃതർ